വ്‌ളാഡിമിര്‍ പുടിനായി കലാഷ്‌നിക്കൊവ് വക ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

വ്‌ളാഡിമിര്‍ പുടിനായി കലാഷ്‌നിക്കൊവ് വക ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ഇഷ് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം റഷ്യന്‍ പ്രസിഡന്റിന്റെ മോട്ടോര്‍കേഡില്‍ ഇടംപിടിക്കും

മോസ്‌കോ : വ്‌ളാഡിമിര്‍ പുടിനായി എകെ 47 നിര്‍മ്മാതാക്കളായ കലാഷ്‌നിക്കൊവ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കും. ഇഷ് എന്നുപേരായ മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം റഷ്യന്‍ പ്രസിഡന്റിന്റെ മോട്ടോര്‍കേഡില്‍ ഇടംപിടിക്കും. 2008 ല്‍ അടച്ചുപൂട്ടിയ ഇഷ് മോട്ടോര്‍സൈക്കിളുകളുടെ ഉല്‍പ്പാദനമാണ് ആയുധ നിര്‍മ്മാതാക്കള്‍ പുനരാരംഭിക്കുന്നത്.

മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനത്തിന് പൊതുമേഖലാ സ്ഥാപനമായ റോസ്‌ടെക് മേല്‍നോട്ടം വഹിക്കുമെങ്കിലും എകെ 47 റൈഫിള്‍ നിര്‍മ്മിക്കുന്ന കലാഷ്‌നിക്കൊവ് കണ്‍സേണ്‍ ആണ് ചീഫ് ഡിസൈനര്‍. കറുപ്പില്‍ മുങ്ങിക്കുളിച്ച കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിള്‍ സോച്ചിയിലെ ഫോര്‍മുല വണ്‍ റേസ്ട്രാക്കില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ ഓടിക്കുന്നതിന് ഇപ്പോള്‍ മോസ്‌കോ പൊലീസിന് കൈമാറിയിരിക്കുകയാണ് ഈ മോട്ടോര്‍സൈക്കിള്‍.

‘റഷ്യ ലുക്കിംഗ് ടു ദ ഫ്യൂച്ചര്‍’ എന്ന പേരില്‍ ഈയിടെ നടത്തിയ എക്‌സിബിഷനില്‍ ഇഷ് മോഡലിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. വ്‌ളാഡിമിര്‍ പുടിന്‍ മുമ്പാകെയും മോട്ടോര്‍സൈക്കിളിനെ വിവരിച്ചുനല്‍കി. ആദ്യ ബാച്ച് ഇഷ് മോട്ടോര്‍സൈക്കിളുകള്‍ കലാഷ്‌നിക്കൊവ് ഈ വര്‍ഷം നിര്‍മ്മിക്കും. ഇഷ് മോട്ടോര്‍സൈക്കിളുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കാര്യം കലാഷ്‌നിക്കൊവ് പരിഗണിക്കുന്നതായി ആര്‍ടി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ടോപ് സ്പീഡ് 250 കിലോമീറ്റര്‍. 0-100 കിലോമീറ്റര്‍/ മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 3.5 സെക്കന്‍ഡ് മതി

ക്രൂസര്‍ സ്‌റ്റൈല്‍, ഫ്യൂച്ചറിസ്റ്റിക് ലുക്ക്, സ്ട്രീംലൈന്‍ ചെയ്ത ആകാരവടിവ്, വീലുകളില്‍ വലിയ കേസിംഗ്, നീളമേറിയ ശരീരപ്രകൃതി എന്നിവ ഇഷ് മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്. 510 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്റര്‍. മോട്ടോര്‍സൈക്കിളിന്റെ നീളം മൂന്ന് മീറ്റര്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 3.5 സെക്കന്‍ഡ് സമയം മതി.

Comments

comments

Categories: Auto