പുരുഷ സൗന്ദര്യ സങ്കല്‍പ്പം മാറ്റിയ വനിതാ സംരംഭക

പുരുഷ സൗന്ദര്യ സങ്കല്‍പ്പം മാറ്റിയ വനിതാ സംരംഭക

പുരുഷന്‍മാരുടെ കോസ്റ്റിയൂം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന വനിതാ സംരംഭക എന്ന വിശേഷണമാണ് സംഗീത ദേശായിയെ മേഖലയില്‍ വേറിട്ടു നിര്‍ത്തുന്നത്. ജന്മനാലുള്ള വൈകല്യങ്ങളെ അതിജീവിച്ച് ഫാഷന്‍ ഡിസൈനിംഗിലേക്കും തുടര്‍ന്ന് സംരംഭക മേഖലയിലേക്കു കടന്ന അവര്‍ അതിജീവനത്തിന്റെ മികച്ച പാഠങ്ങളാണ് പകര്‍ന്നു നല്‍കുന്നത്

ജീവിതത്തോടു പൊരുതുന്നവരാണ് യഥാര്‍ത്ഥ പോരാളികള്‍. സംരംഭക മേഖലയിലെ വിജയവും ഏറെക്കുറെ പോരാടി നേടുന്നതു തന്നെ. വെല്ലുവിളികള്‍ അതിജീവിച്ചു മുന്നേറുക എന്ന തത്വമാണ് ജീവിതത്തിലും സംരംഭക രംഗത്തും മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നത്. ഈ തത്വം ശരിവെക്കുന്നതാണ് സംഗീത ദേശായിയുടെ സംഭവബഹുലമായ സംരംഭക യാത്ര. പുരുഷന്‍മാരുടെ കോസ്റ്റിയൂം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ വനിതാ സംരംഭകരില്‍ ഒരാള്‍ എന്ന വിശേഷമാണ് ഈ സംരംഭകയെ മേഖലയില്‍ വേറിട്ടു നിര്‍ത്തുന്നത്.

പുരുഷന്‍മാരുടെ, പ്രത്യേകിച്ച് വരന്‍മാരാകാന്‍ ഒരുങ്ങുന്നവര്‍ക്കായുള്ള കോസ്റ്റിയൂം ഉല്‍പ്പന്നങ്ങളാണ് സംഗീത ദേശായി തുടക്കമിട്ട റോ നേച്ചര്‍ കമ്പനി പുറത്തിറക്കുന്നത്. കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും അപകടകരമായ രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാതെയുള്ള ഉല്‍പ്പന്നങ്ങള്‍ ആയതുകൊണ്ടുതന്നെ മേഖലയില്‍ ശ്രദ്ധേയമായ സംരംഭമായി ഉയരാനും ഇതിനു കഴിഞ്ഞിരിക്കുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയ ഫാഷന്‍ ഡിസൈനര്‍

ജന്മനാ കൈകളിലെ വിരലുകളില്ലാതെ ജനിച്ച സംഗീത തന്റെ ന്യൂനതകള്‍ അതിജീവിച്ചാണ് സംരംഭക മേഖലയിലേക്ക് പ്രവേശിച്ചത്. 25 വര്‍ഷത്തോളം ഫാഷന്‍ ഡിസൈനറായി സേവനമനുഷ്ടിച്ച അവര്‍ പിന്നീട് കൈവച്ച സംരംഭക മേഖല ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു വലിയ വിജയമായി മാറാന്‍ അധികം താമസമുണ്ടായില്ല.

കരിയറില്‍ വിജയം വരിച്ചു നില്‍ക്കുന്ന സമയത്താണ് 2006ല്‍ സംഗീതയുടെ സാമ്രാജ്യത്തെ കടപുഴക്കിയെറിഞ്ഞ് മുംബൈ വെള്ളപ്പൊക്കത്തിന്റെ പിടിയില്‍ അകപ്പെട്ടത്. ജീവിതത്തില്‍ സ്വരുക്കൂട്ടിയ എല്ലാ ഉദ്യമങ്ങളും സ്റ്റുഡിയോ അടക്കം സംഗീതയ്ക്കു നഷ്ടമായ കാഴ്ചയാണ് പിന്നീട് കാണാനിടയായത്. തുടര്‍ന്ന് ഫാഷന്‍ ലോകത്തോട് വിട പറഞ്ഞ് പിതാവിന്റെ സുഗന്ധ ഓയില്‍ സംരംഭത്തിലേക്ക് അവര്‍ പടികയറി

ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന സംഗീത 1971 ലാണ് കുടുംബസമേതം മുംബൈയിലേക്ക് ചേക്കേറിയത്. സോഫിയ കോളെജില്‍ നിന്നും സാഹിത്യത്തില്‍ ബിരുദം നേടിയ അവര്‍ ചെറുപ്പകാലം മുതല്‍ പാഷനായി കൊണ്ടുനടന്ന ഫാഷന്‍ ലോകത്തേക്ക് കടന്നു. പിന്നീട് അമേരിക്കന്‍ കോളെജ് ഓഫ് ലണ്ടനില്‍ ഫാഷന്‍ പഠനം. ഇന്ത്യയില്‍ നിരവധി ആളുകള്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വിദേശ ബിരുദം നേടിയെത്തുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളായി ഒതുങ്ങാനായിരുന്നില്ല സംഗീതയുടെ തലവര. ഫാഷന്‍ ഡിസൈനറായി പ്രശസ്തിയിലേക്ക് കുതിക്കാനായിരുന്നു യോഗം. മലൈക്ക അറോറയെ മോഡലാക്കി അരങ്ങേറിയ ഫാഷന്‍ ഷോയില്‍ ഫാഷന്‍ ഡിസൈനറായാണ് സംഗീതയുടെ അരങ്ങേറ്റം. തുടക്കം മികച്ചതുകൊണ്ടുതന്നെ പിന്നിട് തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയായിരുന്നു യാത്രകള്‍.

മുംബൈയിലെ മെലാംഗെ മുതല്‍ ന്യൂഡെല്‍ഹിയിലെ ഒഗാന്‍, ഹൈദരാബാദിലെ ഇലാഹി, ബെംഗളൂരിലെ ഫോളിയോ, അഹമ്മദാബാദിലെ ഇലാന്‍ എന്നിങ്ങനെ ഫാഷന്‍ ലോകത്തെ പ്രമുഖ ഫാഷന്‍ സ്റ്റോറുകളിലേക്കാണ് സംഗീതയുടെ ഡിസൈനുകള്‍ കടന്നുചെന്നത്.

ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര വിപണിയിലേക്ക്

ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ സ്‌റ്റോറുകള്‍ പിടച്ചടക്കിയ ശേഷം യുകെയിലേക്ക് കോസ്റ്റിയൂം കയറ്റി അയച്ചതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റിലും സംഗീതയുടെ പേര് ശ്രദ്ധിക്കപ്പെടുകയായിരുന്നു. വരേലിയുടെ പരസ്യ കാംപെയ്‌നില്‍ ഐശ്വര്യ റായിയുടെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്യാന്‍ അവസരം ലഭിച്ചതും വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കി. തുടര്‍ന്ന് മിസ് ഏഷ്യാ പസഫിക്, മിസ് ഇന്ത്യ, മിസ് യൂണിവേഴ്‌സ് മല്‍സരങ്ങളിലും സംഗീതയുടെ ഡിസൈനുകള്‍ ഏവരെയും ആകര്‍ഷിച്ചു. കോസ്റ്റിയൂം ഡിസൈനിംഗിനൊപ്പം തന്നെ ആ അവസരങ്ങളില്‍ ചില പരസ്യ കാംപെയ്‌നുകളിലും അവര്‍ ഭാഗമായി.

വീണ്ടും വെല്ലുവിളികള്‍

കരിയറില്‍ വിജയം വരിച്ചു നില്‍ക്കുന്ന സമയത്താണ് 2006ല്‍ സംഗീതയുടെ സാമ്രാജ്യത്തെ കടപുഴക്കിയെറിഞ്ഞ് മുംബൈ വെള്ളപ്പൊക്കത്തിന്റെ പിടിയില്‍ അകപ്പെട്ടത്. ജീവിതത്തില്‍ സ്വരുക്കൂട്ടിയ എല്ലാ ഉദ്യമങ്ങളും സ്റ്റുഡിയോ അടക്കം സംഗീതയ്ക്കു നഷ്ടമായ കാഴ്ചയാണ് പിന്നീട് കാണാനിടയായത്. തുടര്‍ന്ന് ഫാഷന്‍ ലോകത്തോട് വിട പറഞ്ഞ് പിതാവിന്റെ സുഗന്ധ ഓയില്‍ സംരംഭത്തിലേക്ക് അവര്‍ പടികയറി. സുഗന്ധ ഓയില്‍ കയറ്റുമതി ചെയ്യുന്ന മേഖലയിലും മികച്ച ബിസിനസ് ആശയങ്ങള്‍ നടപ്പാക്കാന്‍ സംഗീതയ്ക്കു കഴിഞ്ഞു.

ഇന്ത്യയില്‍ മൂന്നു ലാബുകളിലായാണ് റോ നേച്ചറിലെ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണിയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധ നേടാനും ഈ സംരംഭത്തിനായിട്ടുണ്ട്

പുരുഷ സൗന്ദര്യത്തിന് മാറ്റ് കൂട്ടി റോ നേച്ചര്‍

പിതാവിനൊപ്പം ചേര്‍ന്ന് ബിസിനസ് തനിക്കു വഴങ്ങുമെന്ന് മനസിലാക്കിയാണ് 2017ല്‍ റോ നേച്ചര്‍ കമ്പനിക്ക് സംഗീത തുടക്കമിടുന്നത്. രാസപദാര്‍ത്ഥങ്ങള്‍ തീരെയില്ലാതെ, പഴങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ച് എടുക്കുന്ന സത്തില്‍ നിന്നുമാണ് റോ നേച്ചറിലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പുരുഷന്‍മാരുടെ ത്വക്കിന് യോജിക്കുന്ന വിധത്തിലുള്ള ഉല്‍പ്പന്നങ്ങളാണിവയെന്നും സംഗീത പറയുന്നു. ആധുനിക തലമുറയില്‍ പുരുഷ സൗന്ദര്യത്തിന്റെ കാഴ്ചപ്പാടില്‍ തന്നെ സ്ഥായിയായ മാറ്റങ്ങള്‍ ദൃശ്യമാണെന്നും മേഖലയില്‍ ഏറെ അവസരങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. രാസവസ്തുക്കള്‍ കുറവുള്ളതും സുരക്ഷിതവുമായ ഉല്‍പ്പന്നങ്ങള്‍ക്കാണ് പുരുഷന്‍മാരില്‍ ഭൂരിഭാഗവും മുന്‍തൂക്കം നല്‍കുന്നത്. അതുകൊണ്ടുതന്നെ മികച്ച ഉല്‍പ്പന്നങ്ങള്‍ അവര്‍ തേടിയെത്തുമെന്നും സംഗീത പറയുന്നു.

ഇന്ത്യയില്‍ മൂന്നു ലാബുകളിലായാണ് റോ നേച്ചറിലെ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണിയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധ നേടാനും ഈ സംരംഭത്തിനായിട്ടുണ്ട്. ഫഌപ്പ്കാര്‍ട്ട്, നൈക്ക, ആമസോണ്‍ എന്നീ റീട്ടെയ്ല്‍ ഗ്രൂപ്പുകള്‍ വഴിയും ഇവര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു. വരും വര്‍ഷങ്ങളില്‍ അന്തര്‍ദേശീയ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും റോ നേച്ചര്‍ ബൊട്ടീക് തുടങ്ങാനും സംഗീത പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: FK Special, Slider