സൗദിയും റഷ്യയും തമ്മിലുള്ള മത്സരം ആഗോള ശ്രദ്ധ നേടും; കാരണം ഇതാണ്

സൗദിയും റഷ്യയും തമ്മിലുള്ള മത്സരം ആഗോള ശ്രദ്ധ നേടും; കാരണം ഇതാണ്

ഫുട്‌ബോള്‍ മത്സരത്തേക്കാള്‍ ഉപരി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച്ചയാണ് ശ്രദ്ധേയമാവുക

റിയാദ്: ജൂണ്‍ 14ന് ഫിഫ ലോകകപ്പില്‍ സൗദി അറേബ്യയും റഷ്യയും തമ്മില്‍ മോസ്‌കോയിലെ ലുസ്‌നികി സ്‌റ്റേഡിയത്തില്‍ വെച്ച് ഏറ്റുമുട്ടും. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം എത്രമാത്രം പകരുന്ന മത്സരമായിരിക്കും അതെന്നറിയില്ല. പക്ഷേ എണ്ണ വിപണിയെ സംബന്ധിച്ചിടത്തോളം ആ മത്സര ദിവസം നിര്‍ണായകമാണ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സൗദി അറേബ്യയുടെ അതിശക്തനായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് കൂടിയാണ് മത്സരം കളമൊരുക്കുന്നത്.

ഇറുവരും സ്റ്റേഡിയത്തില്‍ ഒരുമിച്ചിരുന്ന് മത്സരം കാണും. ശക്തരായ ഈ രണ്ടു നേതാക്കളുടെ കൂടിക്കാഴ്ച്ച എണ്ണ വിപണിയുടെ അടുത്ത ദിശ നിര്‍ണയിക്കും. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ അടുത്ത യോഗം വിയന്നയില്‍ നടക്കാനിരിക്കുന്നതിന്റെ എട്ട് ദിവസം മുമ്പ് മാത്രമാണ് ഒപെക്കിന് പുറത്തുള്ള എണ്ണ ഭീമനായ റഷ്യയുടെ അധിപനും ഒപെക് രാജാവായ സൗദിയുടെ നേതാവും തമ്മിലുള്ള കൂടിക്കാഴ്ച്ച.

എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ ഒപെക് നിലപാടില്‍ ഇനി എന്താണ് സംഭവിക്കുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. എണ്ണ വിലയിലെ വര്‍ധന പരിഗണിച്ച് ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ കരാര്‍ അവസാനിപ്പിച്ച് ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചാല്‍ അത് എണ്ണ വിപണിയിലും ചലനങ്ങളുണ്ടാക്കിയേക്കും. ഇതില്‍ റഷ്യയെടുക്കുന്ന തീരുമാനം നിര്‍ണായകമാകും. 2016ലാണ് എണ്ണ വിപണിയിലെ അസ്ഥിരത പരിഗണിച്ച് ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന തീരുമാനത്തിന് 24 ഒപെക് രാജ്യങ്ങളെ ഉള്‍പ്പെടുത്തി സൗദിയും റഷ്യയും തമ്മില്‍ ധാരണയായത്.

എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ ഒപെക് നിലപാടില്‍ ഇനി എന്താണ് സംഭവിക്കുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. എണ്ണ വിലയിലെ വര്‍ധന പരിഗണിച്ച് ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ കരാര്‍ അവസാനിപ്പിച്ച് ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചാല്‍ അത് എണ്ണ വിപണിയിലും ചലനങ്ങളുണ്ടാക്കിയേക്കും

അറബ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെല്ലാം തന്നെ എണ്ണ വിലയിലെ ഇടിവിനെ തുടര്‍ന്ന് താളം തെറ്റിയിരുന്നു. ഇതില്‍ നിന്നും സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തിരിച്ചുകയറിക്കൊണ്ടിരിക്കുകയാണ്.

ഒരവസാനവുമില്ലാതെ എണ്ണ വില ഉയരുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് പുടിന്‍ മേയ് അവസാനം വ്യക്തമാക്കിയിരുന്നു. ബാരലിന് 60 ഡോളര്‍ എന്ന നിലയില്‍ എണ്ണ വില ബാലന്‍സ് ചെയ്യണമെന്നാണ് റഷ്യയുടെ നിലപാട്. ഇപ്പോഴത്തെ 75-80 ഡോളര്‍ നിരക്കിന് ഏറെ താഴെയാണിത്. അതുകൊണ്ടുതന്നെ ഇനി റഷ്യ എന്ത് തീരുമാനമെടുക്കുന്നു എന്നത് പ്രസക്തമാണ്.

2018 മുഴുവന്‍ എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം തുടരാനായിരുന്നു ഒപെക് മുമ്പ് തീരുമാനിച്ചിരുന്നത്. എണ്ണ ഉല്‍പ്പാദനം എത്രയും പെട്ടെന്ന് കൂട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ഇതിനോടകം തന്നെ ആവശ്യമുയരാന്‍ തുടങ്ങിയിട്ടുണ്ട്. ഉല്‍പ്പാദനം പെട്ടെന്ന് കൂട്ടിയാല്‍ റഷ്യക്കും സൗദിക്കുമായിരിക്കും ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുകയെന്നാണ് വിലയിരുത്തല്‍. ഒപെക്കിലെ മറ്റ് രാജ്യങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

Comments

comments

Categories: Arabia