ബെന്റ്‌ലി ബെന്റയ്ഗ വി8 ഇന്ത്യയില്‍

ബെന്റ്‌ലി ബെന്റയ്ഗ വി8 ഇന്ത്യയില്‍

എക്‌സ് ഷോറൂം വില 3.78 കോടി രൂപ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ബെന്റ്‌ലി ബെന്റയ്ഗ വി8 അവതരിപ്പിച്ചു. 3.78 കോടി രൂപയാണ് എക്‌സ് ഷോറൂം വില. 4.0 ലിറ്റര്‍, ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ബെന്റയ്ഗ വി8 മോഡലിന് കരുത്തേകുന്നത്. 549 എച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറും. രണ്ട് ടണ്ണിലധികം ഭാരം വരുന്ന വാഹനത്തിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം 4.5 സെക്കന്‍ഡില്‍ കൈവരിക്കാന്‍ വി8 എന്‍ജിന്‍ സഹായിക്കും (ബെന്റ്‌ലി ബെന്റയ്ഗ ഡബ്ല്യു12 മോഡലിന് 4.1 സെക്കന്‍ഡ് മതി). മണിക്കൂറില്‍ 290 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഡബ്ല്യു12 മോഡലിന് 301 കിലോമീറ്റര്‍.

വി8 എന്‍ജിന്‍ വാഹനത്തിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നുണ്ട്. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ (85 ലിറ്റര്‍) ബെന്റയ്ഗ വി8 746 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് ബെന്റ്‌ലി അവകാശപ്പെട്ടു. സിലിണ്ടര്‍ ഡീആക്റ്റിവേഷന്‍ സാങ്കേതികവിദ്യയാണ് ഇന്ധനം ലാഭിക്കുന്നതിന് സഹായിക്കുന്നത്. കുറഞ്ഞ വേഗതയില്‍ വാഹനം സഞ്ചരിക്കുമ്പോള്‍ സിലിണ്ടര്‍ ബാങ്കുകളിലൊന്ന് അടയുന്നതാണ് ഈ സാങ്കേതികവിദ്യ. മുന്നില്‍ 440 എംഎം ഡിസ്‌കുകളും പിന്നില്‍ 370 എംഎം ഡിസ്‌കുകളും സഹിതം കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍ ഓപ്ഷണലാണ്.

4.0 ലിറ്റര്‍, ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ബെന്റയ്ഗ വി8 മോഡലിന് കരുത്തേകുന്നത്

ടോപ് വേരിയന്റായ ഡബ്ല്യു12 ബെന്റ്‌ലി ബെന്റയ്ഗയുമായി കാഴ്ച്ചയില്‍ വി8 മോഡലിന് സാമ്യം കാണാം. ബെന്റയ്ഗ വി8 ല്‍ 21 ഇഞ്ച് വീലുകള്‍ സ്റ്റാന്‍ഡേഡാണ്. 20 ഇഞ്ച് വീലുകളും 22 ഇഞ്ച് വീലുകളും വേണമെങ്കില്‍ തെരഞ്ഞെടുക്കാം. ഫ്രണ്ട് ഗ്രില്ലിലും ടെയ്ല്‍ പൈപ്പ് ഡിസൈനിലും മാറ്റമുണ്ട്. പുതിയ വുഡ് ആന്‍ഡ് ലെതര്‍ സ്റ്റിയറിംഗ് വീലാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ പുറത്തിറക്കാനിരിക്കുന്ന 2018 റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഫേസ്‌ലിഫ്റ്റ്, റോള്‍സ് റോയ്‌സ് കള്ളിനന്‍ എന്നിവരാണ് എതിരാളികള്‍.

Comments

comments

Categories: Auto