കാലയിലെ മഹീന്ദ്ര താര്‍ ഇനി മ്യൂസിയത്തിലേക്ക്

കാലയിലെ മഹീന്ദ്ര താര്‍ ഇനി മ്യൂസിയത്തിലേക്ക്

കഴിഞ്ഞ ദിവസം കാല റിലീസ് ചെയ്തതോടെ ധനുഷ് വാക്കുപാലിച്ചു

ന്യൂഡെല്‍ഹി : കാല സിനിമയില്‍ രജനീകാന്ത് ഉപയോഗിച്ച താര്‍ എസ്‌യുവി ഇനി മഹീന്ദ്രയുടെ വാഹന മ്യൂസിയത്തില്‍ സൂക്ഷിക്കും. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്ക് സിനിമയില്‍ അഭിനയിച്ച താര്‍ ലഭിച്ചുകഴിഞ്ഞു. സിനിമയില്‍ ഉപയോഗിച്ച താര്‍ നല്‍കാമോയെന്ന് കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ആനന്ദ് മഹീന്ദ്ര അന്വേഷിച്ചത്. ട്വിറ്റര്‍ വഴിയായിരുന്നു അഭ്യര്‍ത്ഥന. സിനിമാ നിര്‍മ്മാണം പൂര്‍ത്തിയായശേഷം വാഹനം എത്തിച്ചുതരാമെന്ന് സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നടന്‍ ധനുഷ് അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കാല റിലീസ് ചെയ്തതോടെ ധനുഷ് വാക്കുപാലിച്ചു. ധനുഷ് തനിക്ക് മഹീന്ദ്ര താര്‍ നല്‍കിയതായി ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്റര്‍ വഴി അറിയിച്ചത്. സിനിമയില്‍ ഉപയോഗിച്ച മഹീന്ദ്ര താര്‍ ഇപ്പോള്‍ ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലാണ്. ഇവിടുത്തെ ജീവനക്കാര്‍ കാല പോസില്‍ വാഹനത്തില്‍ കയറിയിരിക്കുന്ന വീഡിയോ ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റിന്റെ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2.5 ലിറ്റര്‍ സിആര്‍ഡിഇ എന്‍ജിനാണ് മഹീന്ദ്ര താറിന് കരുത്തേകുന്നത്. 3,800 ആര്‍പിഎമ്മില്‍ 105 ബിഎച്ച്പി കരുത്തും 1,800-2,000 എന്ന ചെറിയ ആര്‍പിഎമ്മില്‍ 274 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എന്‍ജിന് കഴിയും. 4 വീല്‍ ഡ്രൈവ് വാഹനമാണ് മഹീന്ദ്ര താര്‍.

കേരളത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ വാഹനത്തെ മഹീന്ദ്ര സ്‌കോര്‍പിയോ രൂപത്തിലേക്ക് മാറ്റിയത് ആനന്ദ് മഹീന്ദ്ര ചോദിച്ചുവാങ്ങിയിരുന്നു

നേരത്തെ, കേരളത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ വാഹനത്തെ മഹീന്ദ്ര സ്‌കോര്‍പിയോ രൂപത്തിലേക്ക് മാറ്റിയത് ആനന്ദ് മഹീന്ദ്ര ചോദിച്ചുവാങ്ങിയിരുന്നു. പകരം പുതിയ മഹീന്ദ്ര സുപ്രോ മിനി ട്രക്ക് സമ്മാനിച്ചാണ് അദ്ദേഹം തന്റെ വാഹന മ്യൂസിയത്തിലേക്ക് പുതിയ അംഗത്തെ എത്തിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമൊബീല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി ഇനിയും തുറന്നുനല്‍കിയിട്ടില്ല. കാന്ദിവലീ പ്ലാന്റിലാണ് മ്യൂസിയം സ്ഥാപിക്കുന്നത്.

Comments

comments

Categories: Auto