ബാറ്ററികളുടെ ജിഎസ്ടി യുക്തി സഹമാക്കണമെന്ന് മൊബീല്‍ കമ്പനികള്‍

ബാറ്ററികളുടെ ജിഎസ്ടി യുക്തി സഹമാക്കണമെന്ന് മൊബീല്‍ കമ്പനികള്‍

മുന്നു തരത്തിലുള്ള നികുതി നിലവില്‍ വിതരണ ശൃംഖലയില്‍ നേരിടേണ്ടി വരുന്നു

ന്യൂഡെല്‍ഹി: ബാറ്ററികള്‍ക്ക് മേലുള്ള ചരക്കു സേവന നികുതി നീതിയുക്തമാക്കണമെന്ന് ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗം എന്ന നിലയില്‍ സ്മാര്‍ട്ട്‌ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികള്‍ക്ക് 12 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി)യാണോ നല്‍കേണ്ടത് എന്നതില്‍ വ്യക്തത നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

‘ഘടക ഭാഗങ്ങള്‍ക്ക് പൊതുവേയുള്ള 12 ശതമാനം നികുതിയിലാണ് ബാറ്ററിയും ഉള്‍പ്പെടുന്നതെങ്കില്‍ നിര്‍മാണ കമ്പനികള്‍ക്ക് അത് വലിയ സമ്മര്‍ദം ഉണ്ടാക്കില്ല’, റവന്യു സെക്രട്ടറി ഹഷ്മുഖ് അദിയക്ക് അയച്ച കത്തില്‍ ഫോണ്‍ നിര്‍മാണ കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ അറിയിച്ചു.

മൊബീല്‍ നിര്‍മാണത്തിന് വേണ്ടിയുള്ള ബാറ്ററികളുടെ നിരക്ക് 12 ശതമാനം, റീപ്ലേസ്‌മെന്റ് വിപണിയിലെ വില്‍പ്പനയ്ക്ക് വേണ്ടിയുള്ളതിന് 18 ശതമാനം എന്നിങ്ങനെയുള്ള ജിഎസ്ടി നിരക്ക് പല റവന്യു അധികൃതരും അംഗീകരിക്കുന്നില്ലെന്നും 28 ശതമാനമെന്ന ഉയര്‍ന്ന നികുതിയാണ് പലരും ചുമത്തുന്നതെന്നും നേരത്തേ അസോസിയേഷന്‍ ആരോപിച്ചിരുന്നു. കയറ്റുമതിയിലാണ് ഇത് നടക്കുന്നതെന്നും റവന്യു സെക്രട്ടറിക്ക് മാര്‍ച്ചില്‍ അയച്ച കത്തില്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

റീചാര്‍ജബിള്‍ ലിഥിയം -അയണ്‍ ബാറ്ററികളുടെ ജിഎസ്ടി നിലവിലെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ച് മറ്റ് ബാറ്ററികളുടെതിന് അനുസൃതമാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് തരത്തിലുള്ള ജിഎസ്ടി വരുന്നതിനാല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നേടുന്നതിനാവശ്യമായ വിശദീകരണങ്ങളില്‍ പ്രയാസം നേരിടുന്നുവെന്നും ചെറുകിട ഉല്‍പ്പാദനത്തില്‍ ഇത് പ്രയാസം സൃഷ്ടിക്കുന്നുവെന്നും അസോസിയേഷന്‍ കത്തില്‍ പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy