സൗദി അറേബ്യ വളര്‍ച്ച തിരിച്ചുപിടിക്കുന്നു

സൗദി അറേബ്യ വളര്‍ച്ച തിരിച്ചുപിടിക്കുന്നു

2018ലെ ആദ്യ പാദത്തില്‍ സൗദി സമ്പദ് വ്യവസ്ഥ 1.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കാപ്പിറ്റല്‍ ഇക്കണോമിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ വിലയിലെ വര്‍ധന ഗുണം ചെയ്തു

റിയാദ്: എണ്ണ വിപണി സ്ഥിരത കൈവരിക്കുന്നത് സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയിലും നിഴലിച്ചു. മാന്ദ്യകാലത്തിനോട് വിട പറഞ്ഞ് സൗദി സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ ട്രാക്കില്‍ തിരിച്ച് കയറിയതായി റിപ്പോര്‍ട്ട്. 2018ലെ ആദ്യ പാദത്തില്‍ സൗദി സമ്പദ് വ്യവസ്ഥ 1.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കാപ്പിറ്റല്‍ ഇക്കണോമിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ .7 ശതമാനമായി ചുരുങ്ങിയ സ്ഥാനത്താണ് ഈ കുതിപ്പ്.

എണ്ണ മേഖലയിലെ ഉണര്‍വാണ് വളര്‍ച്ച തിരിച്ചുപിടിക്കുന്നതില്‍ നിര്‍ണായകമായതെന്ന് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാപ്പിറ്റല്‍ ഇക്കണോമിക്‌സ് വ്യക്തമാക്കി. 2016ല്‍ ബാരലിന് 30 ഡോളര്‍ എന്ന നിലയിലേക്ക് എണ്ണ വില കൂപ്പുകുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ബാരലിന് 80 ഡോളര്‍ എന്ന നിലയിലേക്കാണ് എണ്ണ വില ഉയര്‍ന്നത്. എണ്ണയുടെ ഈ കുതിപ്പാണ് സൗദി അറേബ്യക്ക് കരുത്ത് പകര്‍ന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനായയ ഒപെക്കും റഷ്യയും എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള കരാര്‍ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയതാണ് എണ്ണ വിപണിയില്‍ സ്ഥിരത കൈവരാന്‍ കാരണമായത്.

2016ല്‍ ബാരലിന് 30 ഡോളര്‍ എന്ന നിലയിലേക്ക് എണ്ണ വില കൂപ്പുകുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ബാരലിന് 80 ഡോളര്‍ എന്ന നിലയിലേക്കാണ് എണ്ണ വില ഉയര്‍ന്നത്

എണ്ണ വിലയിലെ ഇടിവിനെ തുടര്‍ന്ന് സൗദി ബജറ്റ് കമ്മിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വിലയിലെ വര്‍ധനവിന് ശേഷം രാജ്യത്തിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഒപ്പം 2018ല്‍ പ്രാബല്യത്തില്‍ വരുത്തിയ മൂല്യ വര്‍ധിത നികുതിയും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായെന്നാണ് വിലയിരുത്തല്‍.

എണ്ണ വില ബാരലിന് 85 ഡോളര്‍ എങ്കിലും എത്തിയാല്‍ മാത്രമേ സൗദി അറേബ്യക്ക് ഈ വര്‍ഷം ബജറ്റ് സന്തുലിതമാക്കാന്‍ സാധിക്കുള്ളൂവെന്ന് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) റീജണല്‍ ഡയറക്റ്റര്‍ ജിഹാദ് അസൗര്‍ അടുത്തിടെ പറഞ്ഞിരുന്നു. സൗദി അറേബ്യയുടെ സാമ്പത്തിക പരിതസ്ഥിതി എ1 സ്റ്റേബിള്‍ എന്ന് മൂഡീസ് വിലയിരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഐഎംഎഫിന്റെ അഭിപ്രായം വന്നത്.

വാര്‍ഷിക ക്രെഡിറ്റ് അനാലിസിസ് റിപ്പോര്‍ട്ടിലായിരുന്നു മൂഡീസിന്റെ വിലയിരുത്തല്‍. ശക്തമായ സാമ്പത്തിക അടിത്തറയിലാണ് സൗദിയെന്നാണ് മൂഡീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിലയിരുത്തലുകള്‍ വന്നത്. സൗദിയുടെ ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 2018നും 2022നും ഇടയിലുള്ള വര്‍ഷങ്ങളില്‍ 2 ശതമാനമായിരിക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളും ഫലം കാണാന്‍ തുടങ്ങുന്നുണ്ട്. എണ്ണ ഇതര മേഖലകള്‍ കൂടി മികച്ച രീതിയില്‍ പ്രകടനം നടത്തുന്നതോടെ സൗദി സമ്പദ് വ്യവസ്ഥ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

Comments

comments

Categories: Arabia