ചെറുകിട സംരംഭങ്ങള്‍ക്ക് കരുത്ത് പകരുന്ന ഉത്തേജന പാക്കേജ്

ചെറുകിട സംരംഭങ്ങള്‍ക്ക് കരുത്ത് പകരുന്ന  ഉത്തേജന പാക്കേജ്

ഉത്തേജന പാക്കേജായി അനുവദിച്ച തുകയുടെ വകയിരുത്തല്‍ എങ്ങനെ വേണമെന്നതിന് 90 ദിവസത്തിനുള്ളില്‍ രൂപരേഖയുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

അബുദാബി: സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പ് പകരുന്ന ഉത്തേജന പാക്കേജാണ് അബുദാബി പ്രഖ്യാപിച്ചിരിക്കുന്നത്. 13.6 ബില്ല്യണ്‍ ഡോളറിന്റേതാണ് സാമ്പത്തിക ഉത്തേജന പാക്കേജ്. ഇത് അടിസ്ഥാനസൗകര്യപദ്ധതികള്‍ക്കടക്കം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. 10 പദ്ധതികളാണ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ അബുദാബിയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന തരത്തിലാണ് സാമ്പത്തിക ഉത്തേജന പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ മുന്നിലെത്താനുള്ള ശ്രമങ്ങളും അബുദാബി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ അബുദാബിയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന തരത്തിലാണ് സാമ്പത്തിക ഉത്തേജന പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍

ഉത്തേജന പാക്കേജ് എങ്ങനെ വകയിരുത്തണമെന്നും നടപ്പിലാക്കണമെന്നും വിശദമാക്കുന്ന രൂപരേഖ തയാറാക്കുന്നതിനായി അബുദാബി എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് 90 ദിവസത്തെ സമയമാണ് ഷേഖ് മുഹമ്മദ് നല്‍കിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി അബുദാബി സ്വദേശികള്‍ക്കായി 10,000 തൊഴിലവസരങ്ങള്‍ പൊതു, സ്വകാര്യ മേഖലകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടും. അതിനോടൊപ്പം തന്നെ പ്രാദേശിക തലത്തിലും ആഗോളതലത്തിലും രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മത്സരക്ഷമത ശക്തമാക്കാനുള്ള നടപടികളും കൈക്കൊള്ളും.

സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അബുദാബി ആക്‌സിലറേറ്റേഴ്‌സ് ആന്‍ഡ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രീസ് കൗണ്‍സില്‍ രൂപീകരിക്കാനും ഷേഖ് മുഹമ്മദ് ഉത്തരവിട്ടു. അബുദാബിയുടെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള ടെക്‌നോളജികളെയും നിക്ഷേപത്തെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. ടൂറിസം രംഗത്ത് കൂടുതല്‍ നിക്ഷേപമിറക്കാനും സന്ദര്‍ശകരെ ആകര്‍ഷിക്കാനും അബുദാബി ശ്രമിക്കും. മറ്റൊരു പ്രധാനപ്പെട്ട നടപടി അബുദാബി ഫ്രീ സോണ്‍ കമ്പനികള്‍ക്ക് ഇരട്ട ലൈസന്‍സ് നല്‍കുമെന്നതാണ്. അതനുസരിച്ച് അവര്‍ക്ക് ഫ്രീസോണിന് പുറത്തും പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കും. സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ഫ്രീസോണ്‍ കമ്പനികള്‍ക്ക് പങ്കെടുക്കുകയും ചെയ്യാം.

Comments

comments

Categories: Business & Economy