ക്വാഡ്രിസൈക്കിള്‍ വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

ക്വാഡ്രിസൈക്കിള്‍ വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

പുതിയ കാറ്റഗറിയില്‍ ആദ്യം അവതരിപ്പിക്കുന്ന വാഹനം ബജാജ് ക്യൂട്ട് ആയിരിക്കും

ന്യൂഡെല്‍ഹി : ക്വാഡ്രിസൈക്കിള്‍ എന്ന ചെറിയ വാഹനങ്ങളുടെ പുതിയ കാറ്റഗറിക്ക് കേന്ദ്ര സര്‍ക്കാര്‍, പ്രത്യേകിച്ച് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അംഗീകാരം നല്‍കി. നാല് ചക്രങ്ങളുള്ള ചെറിയ പേഴ്‌സണല്‍ വാഹനങ്ങളും കൊമേഴ്‌സ്യല്‍ വാഹനങ്ങളുമാണ് പ്രധാനമായും പുതിയ കാറ്റഗറിയില്‍ വരുന്നത്. എന്നാല്‍ ഈ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും മുന്നോട്ടുവെയ്ക്കുന്ന എമിഷന്‍, ക്രാഷ് മാനദണ്ഡങ്ങളും മറ്റും വിജയിക്കേണ്ടിവരും.

പുതിയ കാറ്റഗറിയില്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിക്കുന്ന വാഹനം ബജാജ് ക്യൂട്ട് ആയിരിക്കും. ക്വാഡ്രിസൈക്കിള്‍ എന്ന കാറ്റഗറിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവും ശക്തമായി രംഗത്തുവന്നത് ബജാജ് ഓട്ടോ ആയിരുന്നു. യൂറോപ്പിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ഉള്ളതുപോലെ ക്വാഡ്രിസൈക്കിള്‍ എന്ന കാറ്റഗറി ഇന്ത്യയില്‍ നിലവില്‍ ഇല്ലായിരുന്നു. ഈ വാഹനങ്ങള്‍ക്ക് എത്ര മാത്രം ജിഎസ്ടി ചുമത്തുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റ് നിശ്ചയിച്ചതുപോലെ ക്വാഡ്രിസൈക്കിള്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റ് തീരുമാനിക്കുമോയെന്നും സൂചനയില്ല.

ഈ ചെറിയ അര്‍ബന്‍ കാറുകള്‍ ഓടിക്കുന്നതിന് 16 നും 18 നുമിടയില്‍ പ്രായമുള്ളവരെ അനുവദിക്കുമോയെന്ന് കാത്തിരുന്ന് കാണാം

475 കിലോഗ്രാമില്‍ താഴെ (കെര്‍ബ് വെയ്റ്റ്) മാത്രം ഭാരമുള്ള വാഹനങ്ങളായിരിക്കും ക്വാഡ്രിസൈക്കിള്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ വാഹനങ്ങളുടെ നീളം, വീതി എന്നിവ സംബന്ധിച്ച് ഇപ്പോള്‍ വിവരം ലഭ്യമല്ല. കൂടുതല്‍ വിശദമായ സര്‍ക്കുലര്‍ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പിന്നീട് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഫുള്‍ ഇലക്ട്രിക്, ഹൈബ്രിഡ് ക്വാഡ്രിസൈക്കിളുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഇതോടൊപ്പം അനുമതി നല്‍കിയിട്ടുണ്ട്. യൂറോപ്പിലേതുപോലെ, ഈ ചെറിയ അര്‍ബന്‍ കാറുകള്‍ ഓടിക്കുന്നതിന് 16 നും 18 നുമിടയില്‍ പ്രായമുള്ളവരെ പ്രത്യേക ലൈസന്‍സ് നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Comments

comments

Categories: Auto