കറുപ്പിന്റെ കരുത്തില്‍ അങ്കമാലി പന്നികള്‍

കറുപ്പിന്റെ കരുത്തില്‍ അങ്കമാലി പന്നികള്‍

കേരളത്തിന്റെ തനത് ബ്രീഡ് ആയ അങ്കമാലി പന്നികള്‍ എന്ന് അറിയപ്പെടുന്ന നാടന്‍ പന്നിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്ത് ഈ രംഗത്തെ സംരംഭകവസരം വെട്ടിപ്പിടിച്ചിരിക്കുകയാണ് കൂത്താട്ടുകുളം സ്വദേശിയായ ബിജു ജോണ്‍. ബിജുവിന്റെ ജെജെ ഫാമില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് നാടന്‍ പന്നിക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്യപ്പെടുന്നു.

എക്കാലത്തും മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് പന്നിയിറച്ചി. ഒരുകാലത്ത് കേരളത്തില്‍ സുലഭമായിരുന്ന നാടന്‍ പന്നി വളര്‍ത്തല്‍ ഇപ്പോള്‍ ബ്രോയ്‌ലര്‍ പന്നികളിലേക്ക് ചുവടുമാറിയപ്പോള്‍ ആകെ ലഭിച്ച ഗുണം സംരംഭകരുടെ കീശ നിറഞ്ഞു എന്നത് മാത്രമാണ്. രോഗപ്രതിരോധശക്തി ഏറെ കുറഞ്ഞ, സമയാസമയങ്ങളില്‍ ചികിത്സ അനിവാര്യമായി വരുന്ന ബ്രോയ്‌ലര്‍ പന്നികള്‍ക്ക് പകരം രുചിയിലും പോഷകഗുണങ്ങളിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന നാടന്‍ പന്നികളെ വളര്‍ത്താന്‍ കര്‍ഷകര്‍ വിമുഖത കാണിച്ചതിന് പിന്നില്‍ ആവശ്യത്തിന് നാടന്‍ പന്നിക്കുഞ്ഞുങ്ങള്‍ ലഭ്യമല്ല എന്ന ഒറ്റ കാരണം മാത്രമാണ് ഉണ്ടായിരുന്നത്. കേരളത്തിന്റെ തനത് ബ്രീഡ് ആയ അങ്കമാലി പന്നികള്‍ എന്ന് അറിയപ്പെടുന്ന നാടന്‍ പന്നിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്ത് ഈ രംഗത്തെ സംരംഭകവസരം വെട്ടിപ്പിടിച്ചിരിക്കുകയാണ് കൂത്താട്ടുകുളം സ്വദേശിയായ ബിജു ജോണ്‍. ബിജുവിന്റെ ജെജെ ഫാമില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് നാടന്‍ പന്നിക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്യപ്പെടുന്നു.

പ്രവാസിയായിരുന്ന ബിജു ജോണ്‍ എന്ന കൂത്താട്ടുകുളം സ്വദേശി തീര്‍ത്തും അവിചാരിതമായാണ് പിഗ് ഫാമിംഗിലേക്ക് കടക്കുന്നത്. നീണ്ട കാലത്തെ പ്രവാസത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മറ്റേതൊരു പ്രവാസിയെയും പോലെ തനിക്ക് ചേരുന്ന പലവിധ തൊഴില്‍ മേഖലകളില്‍ ഭാഗ്യപരീക്ഷണം നടത്തി.എന്നാല്‍ സുസ്ഥിരമായ വരുമാനത്തിന് സ്വന്തമായി എന്തെങ്കിലും സംരംഭം തന്നെ തുടങ്ങണം എന്ന ചിന്ത ബിജുവിനെ ഒരു കറകളഞ്ഞ സംരംഭകമോഹിയാക്കിമാറ്റി. താന്‍ ഇടപെടുന്ന എല്ലാ കാര്യങ്ങളിലും ബിസിനസ് തുടങ്ങുന്നതിനുള്ള സാഹചര്യങ്ങളെ പറ്റി മാത്രമാണ് ബിജു ചിന്തിച്ചത്.

അങ്ങനെയിരിക്കെ ഒരുദിവസം വീട്ടിലേക്ക് പന്നിയിറച്ചി വാങ്ങുന്നതിനായി മാര്‍ക്കറ്റില്‍ എത്തിയ ബിജു, ഇപ്പോള്‍ കേരളത്തില്‍ സുലഭമായി വിറ്റു പോകുന്നത് ബ്രോയ്‌ലര്‍ പന്നിയിറച്ചിയാണ് എന്ന് മനസിലാക്കി. ശീമ പന്നി എന്ന് അറിയപ്പെടുന്ന ബ്രോയ്‌ലര്‍ പന്നികള്‍ പൊതുവെ രോഗ പ്രതിരോധശക്തി കുറഞ്ഞവയാണ്. കുളമ്പ് രോഗം എളുപ്പത്തില്‍ ബാധിക്കുന്ന ഇവയ്ക്ക് വളര്‍ച്ചയുടെ പലഘട്ടത്തിലും പ്രതിരോധ കുത്തിവയ്പ്പുകള്‍ ആവശ്യമായി വരും. മാത്രമല്ല ബ്രോയ്‌ലര്‍ പന്നികളുടെ മാംസത്തില്‍ കൊഴുപ്പിന്റെ അംശവും വളരെ കൂടുതലായിരിക്കും.
എന്തുകൊണ്ട് ബ്രോയ്‌ലര്‍ പന്നികള്‍ക്ക് പകരം ആരോധ്യകരമായ നാടന്‍ പന്നികളെ കര്‍ഷകര്‍ വളര്‍ത്തുന്നില്ല എന്ന് ചിന്തിച്ച ബിജു ഇത് സംബന്ധിച്ച ചില പഠനവും നടത്തി. നാടന്‍ പന്നിയിറച്ചിയാണ് ആരോഗ്യത്തിന് ഉചിതം എന്ന് അറിയാമെങ്കിലും ആവശ്യത്തിന് നാടന്‍ പന്നിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ലഭിക്കാത്തതാണ് ബ്രോയ്‌ലര്‍ പന്നിവളര്‍ത്തലിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത് എന്ന് തിരിച്ചറിഞ്ഞ ബിജു ജോണ്‍ കൊഴുപ്പ് താരതമ്യേന കുറഞ്ഞ രുചികരമായ മാംസമുള്ള നാടന്‍ പന്നിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഒരു ഫാം ഹൗസ് തുടങ്ങാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

നാടന്‍ പന്നിയെത്തേടി മലയാറ്റൂരിലേക്ക്

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ പെട്ടന്ന് എടുത്ത തീരുമാനം ആയിരുന്നു എങ്കിലും പ്രവര്‍ത്തികമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിന്റെ ഒന്നാമത്തെ കാരണം കേരളത്തില്‍ മികച്ച നാടന്‍ പന്നികള്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍ വളരെ അപൂര്‍വമാണ് എന്നത് തന്നെ. മികച്ച പ്രത്യുല്‍പാ
ദനശേഷിയുള്ള നാടന്‍ പന്നികളെ അന്വേഷിച്ച് ബിജു കുറച്ചൊന്നുമല്ല അലഞ്ഞത്. കേരളത്തില്‍ വംശനാശം സംഭവിക്കുന്ന ജീവിവര്‍ഗ്ഗത്തിന്റെ കൂട്ടത്തിലേക്ക് നാടന്‍ പന്നിയും വന്നു തുടങ്ങിയ സമയമായിരുന്നു അത്. അങ്കമാലി പന്നികള്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും അങ്കമാലി പ്രദേശത്ത് പോലും മികച്ച ഒന്നിനെ കണ്ടെത്താന്‍ ഇല്ലാത്ത അവസ്ഥ.
ഒടുവില്‍ അങ്കമാലിക്കടുത്ത് മലയാറ്റൂരില്‍ നിന്നുമാണ് ബിജു നാടന്‍ പന്നിയെ കണ്ടെത്തുന്നത്. നാല് പെണ്‍പന്നികളെയും ഒരു ആണ്‍ പന്നിയെയും പറഞ്ഞ വിലകൊടുത്ത് ബിജു വാങ്ങി. ലക്ഷ്യം പ്രജനനം തന്നെയായിരുന്നു. കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രജനനം നടത്തുക എന്നതായിരുന്നില്ല ബിജുവിന്റെ ലക്ഷ്യം. തീര്‍ത്തും പ്രകൃതിദത്തമായ രീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആരോഗ്യമുള്ള പന്നിക്കുഞ്ഞുങ്ങളെ നാട്ടിലെ പന്നിക്കര്‍ഷകര്‍ക്ക് നല്‍കി കേരളത്തില്‍ നാടന്‍ പന്നിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയും അതുവഴി മികച്ച വരുമാനം നേടുകയുമായിരുന്നു ബിജുവിന്റെ ലക്ഷ്യം.

കറുപ്പിന്റെ പര്യായം കാഴ്ച്ചയില്‍ വ്യത്യസ്തം

നാം കണ്ടു ശീലിച്ച പന്നികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നാടന്‍ പന്നികള്‍. കറുത്ത് രോമാവൃതമായ ശരീരമാണ് ഇവയുടെ പ്രധാന പ്രത്യേകത.ഇത്തരത്തില്‍ കറുത്ത പന്നികള്‍ തന്നെയാണ് പ്രധാനമായും വംശനാശ ഭീഷണി നേരിടുന്നതും. കോഴിക്കടകളില്‍ നിന്നും മറ്റും ലഭിക്കുന്ന അവശിഷ്ടങ്ങള്‍ തിന്ന് എട്ട് മാസത്തിനുള്ളില്‍ ഒന്നര ക്വിന്റില്‍ തൂക്കം വരുന്ന ബ്രോയ്‌ലര്‍ പന്നികള്‍ക്ക് മുന്നില്‍ താരതമ്യേന പതുക്കെ തൂക്കം വയ്ക്കുന്ന നാടന്‍ പന്നികള്‍ക്ക് സ്ഥാനമില്ലാതായി. അങ്ങനെയാണ് ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവിവിഭാഗത്തില്‍ ഉള്‍പ്പെട്ടത്. വെച്ചൂര്‍പശുവും മലബാറി ആടും നാടന്‍ കോഴികളുമൊക്കെ ഇത്തരത്തില്‍ വംശനാശത്തിന്റെ വക്കില്‍ ആയിരുന്നു എങ്കിലും അവയെ തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയം കണ്ടു. ആ അവസ്ഥയിലാണ് നാടന്‍ പന്നികള്‍ക്ക് വേണ്ടി ബിജു ജോണ്‍ തന്റെ ഒറ്റയാള്‍ പോരാട്ടം തുടങ്ങുന്നത്.
”ബ്രോയ്‌ലര്‍ പന്നികളെ അപേക്ഷിച്ച് നാടന്‍ പന്നികള്‍ക്ക് വളരെ കുറച്ച് പരിചരണം മാത്രം നല്‍കിയാല്‍ മതി. വളരെ കുറച്ചു മാത്രം ആഹാരം ആവശ്യമുള്ള ഇവ പത്തുമാസം കൊണ്ട് 70 കിലോ വരെ തൂക്കം വയ്ക്കും. പെണ്‍പന്നികള്‍ക്ക് പരമാവധി 65 കിലോ തൂക്കമാണ് ഉണ്ടാകാറുള്ളത്. തൂക്കം കുറവാണ് എങ്കിലും തീറ്റ ചെലവ് , പരിചരിക്കാനുള്ള സമയം ചികിത്സ ചെലവ്, പന്നിയിറച്ചിയുടെ പോഷകഗുണം എന്നിവ പരിഗണിക്കുമ്പോള്‍ വരുമാനത്തിന്റെ കാര്യത്തില്‍ മെച്ചം തന്നെയാണ്” ബിജു ജോണ്‍ പറയുന്നു.
ഒരു പന്നിക്ക് ഒരു ദിവസം ശരാശരി രണ്ടു കിലോയില്‍ താഴെ മാത്രം തീറ്റ മതി. ഇതില്‍ ഒരു ഭാഗം കാലിത്തീറ്റ ആകുന്നതാണ് നല്ലത്. അതിനു പുറമേ, കോഴിഅവശിഷ്ടങ്ങള്‍, അടുക്കള അവശിഷ്ടങ്ങള്‍, തവിട്,
പിണ്ണാക്ക്, പുല്ല്, അങ്ങനെ എന്തും ലഭ്യത അനുസരിച്ച് പന്നികള്‍ക്ക് നല്‍കാം.

നാടന്‍ പന്നിക്കുഞ്ഞുങ്ങള്‍, വില 3500 രൂപ

ബിജു ആദ്യമായി വാങ്ങിയ നാല് നാടന്‍ പന്നികളിലൂടെ ആദ്യ പ്രസവത്തില്‍ ഓരോന്നിനും എട്ട് കുഞ്ഞുങ്ങളെ വീതം ലഭിച്ചു. ഈ കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വിറ്റുകൊണ്ടാണ് ബിജു തന്റെ ഫാമിലെ ആദ്യ കച്ചവടം ആരംഭിക്കുന്നത്. 30 ദിവസം അമ്മയുടെ പാല്‍ നല്‍കിയശേഷം പന്നിക്കുഞ്ഞുങ്ങളെ കൂടുകളിലേക്ക് മാറ്റും. തുടര്‍ന്ന് ഒരു 30 ദിവസം പന്നികള്‍ക്കായുള്ള കാലിത്തീറ്റ നല്‍കി വളര്‍ത്തും. 60 ദിവസം കഴിയുമ്പോള്‍ ഇതില്‍ നിന്നും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വളര്‍ത്തുന്നതിനായി നല്‍കും.ബാക്കി ഉള്ളവയെ ബിജു നേരിട്ട് പരിപാലിച്ച ശേഷം ഇറച്ചിക്കായി വില്‍ക്കുകയാണ് ചെയ്യുന്നത്.
നാടന്‍പന്നികളുടെ പ്രജനനം മികച്ച വരുമാനം ലഭിക്കുന്ന ബിസിനസ് ആണ് എന്ന് ബിജു പറയുന്നു. ഓരോ പ്രസവത്തിലും 10–11 കുട്ടികളുണ്ടാകും. മാതൃഗുണമുള്ള തള്ളപ്പന്നികളാണെങ്കില്‍ മുഴുവന്‍ കുഞ്ഞുങ്ങളെയും വളര്‍ത്തി വില്‍ക്കാനാകും. ശീമപ്പന്നികളെക്കാള്‍ മാതൃഗുണം കൂടുതലുള്ളതിനാല്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് വളരെ കുറവാണ്. വര്‍ഷത്തില്‍ രണ്ടു തവണ പന്നികള്‍ പ്രസവിക്കുന്നു.
3500 രൂപയാണ് ഒരു നാടന്‍ പന്നിക്കുഞ്ഞിന്റെ വില. 10 മാസം വളര്‍ച്ചയെത്തിയ ശേഷമാണ് പന്നികളെ അറവിനായി കൊടുക്കുന്നത്. കിലോക്ക് 300 മുതല്‍ 350 രൂപവരെയാണ് നാടന്‍ പന്നിയിറച്ചിയുടെ വിപണി വില. പത്തു കുഞ്ഞുങ്ങളുള്ള ഒരു ബാച്ച് ഉണ്ടാവുമ്പോള്‍ 35000 രൂപയുടെ വരുമാനം പ്രതീക്ഷിക്കാം. അതായത് ഒരൊറ്റ പെണ്‍പന്നിയില്‍ നിന്നും ഒരു വര്ഷം 70000 രൂപയ്ക്ക് മുകളില്‍ വരുമാനം നേടാം.നൂറുകണക്കിന് അങ്കമാലി പന്നിക്കുഞ്ഞുങ്ങളെ ബിജു ജോണ്‍ ജെജെ ഫാമില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നല്‍കിക്കഴിഞ്ഞു. നാടന്‍ പന്നികളെ വംശനാശത്തില്‍നിന്നു രക്ഷിക്കുന്നതില്‍ വലിയ പങ്കാണ് ബിജു ജോണ്‍ വഹിക്കുന്നത്. പ്രജനന യൂണിറ്റ് വിപുലമാക്കാനും മാംസത്തിനായി കൂടുതല്‍ പന്നികളെ വളര്‍ത്താനുമുള്ള തയ്യാറെടുപ്പിലാണ് ബിജു. മാസങ്ങള്‍ക്കുള്ളില്‍ മാംസത്തിനായുള്ള കേരളത്തിലെ ഏറ്റവും മികച്ച നാടന്‍ പന്നിവളര്‍ത്തല്‍ കേന്ദ്രമായി ജെജെ ഫാംസ് നാറും എന്ന പ്രതീക്ഷയിലാണ് ബിജു ജോണ്‍.

പന്നിയ്‌ക്കൊപ്പം ആട് വളര്‍ത്തലും

തന്റെ പന്നി ഫാമിനോട് ചേര്‍ന്ന് തന്നെ അന്‍പതോളം മലബാറി ആടുകളെ ഉള്‍പ്പെടുത്തി ഒരു ആട് ഫാം കൂടി ബിജു ജോണ്‍ നടത്തുന്നുണ്ട്. ആട്ടിന്‍പാല്‍ പരിസരപ്രദേശങ്ങളില്‍ വില്‍ക്കുന്നുണ്ട്. പ്രധാനമായും ആട്ടിന്‍കുഞ്ഞുങ്ങളുടെ വില്‍പ്പനയാണ് ഇവിടെ നിന്നുമുള്ള വരുമാന മാര്‍ഗം.

Comments

comments

Categories: FK Special, Slider
Tags: pig farm