പാലും മുട്ടയും വിതരണം ചെയ്യാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്

പാലും മുട്ടയും വിതരണം ചെയ്യാനൊരുങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പ്

 

ന്യൂഡെല്‍ഹി: പാല്‍ വിതരണക്കാര്‍ക്കും കമ്പനികള്‍ക്കും വെല്ലുവിളിയായി റീട്ടെയ്ല്‍ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പ് പാല്‍ വിതരണത്തിന് തയ്യാറാവുന്നു. ഹോം ഡെലിവറി സേവനമാണ് കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്വൂച്ചര്‍ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. പദ്ധതി മില്‍ക്ക് ബാസ്‌ക്കറ്റ്, സൂപ്പര്‍ ഡെയ്‌ലി എന്നീ പാല്‍ വിതരണ കമ്പനികള്‍ക്കും ചെറുകിട പാല്‍ വിതരണക്കാര്‍ക്കും വെല്ലുവിളിയാകും. പാലിനു പുറമെ മുട്ടയും ബ്രെഡും വിതരണം ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

നീല്‍ഗിരീസ്, ഈസിഡേ, ഹെറിറ്റേജ് തുടങ്ങിയ ചെറുകിട സ്റ്റോറുകളുടെ കീഴിലുള്ള ആയിരത്തോളം ഔട്ട്‌ലെറ്റുകളിലൂടെയാണ് പാല്‍ വിതരണം നടത്തുക. ആദ്യ ഘട്ടം അടുത്തയാഴ്ചയോടെ ആരംഭിക്കും. മെട്രോ നഗരങ്ങളിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുക. തുടര്‍ന്ന് പദ്ധതി വ്യപിപ്പിക്കാനാണ് ലക്ഷ്യം.

വരുന്ന മാസങ്ങളില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. പാല്‍, മുട്ട എന്നിവയ്ക്ക് പുറമെ പഴങ്ങളും, പച്ചക്കറികളും ഹോം ഡെലിവറി നടത്താന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.

ഹോം ഡെലിവറി നടപ്പിലാക്കിയാല്‍ ഏകദേശം 20 ലക്ഷത്തോളം രൂപ ഒരു മാസം ഒരു സ്റ്റോറില്‍ നിന്നും അധിക വരുമാനം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് കിഷോര്‍ ബിയാനി പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടാം. സ്റ്റോറില്‍ സന്ദേശം ലഭിക്കുന്നതോടെ ജീവനക്കാര്‍ ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കും. 2-3 കിലോമീറ്ററിനുള്ളിലായിരിക്കും വിതരണം നടത്തുക.

നിലവില്‍ ഡെല്‍ഹിയിലെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 70 സ്റ്റോറുകളില്‍ ഹോം ഡെലിവറി സേവനം ലഭ്യമാണ്. ഓണ്‍ലൈന്‍ ഡെലിവറി സൗകര്യമൊരുക്കുന്നതിനു പുറമെ സ്റ്റോറിലെ ഉപഭോക്തൃ ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Comments

comments