എടിഎം കാര്‍ഡ് ഭര്‍ത്താവിനു പോലും കൈമാറരുത്! ഉപഭോക്തൃ കോടതിയുടെ മുന്നറിയിപ്പ്

എടിഎം കാര്‍ഡ് ഭര്‍ത്താവിനു പോലും കൈമാറരുത്! ഉപഭോക്തൃ കോടതിയുടെ മുന്നറിയിപ്പ്

 

എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ എടിഎം കാര്‍ഡ് ഭാര്യ ഭര്‍ത്താവിനോ ഭര്‍ത്താവ് ഭാര്യയ്‌ക്കോ കൈമാറാറുണ്ടോ? അതുമല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നല്‍കാറുണ്ടോ? എന്നാല്‍ ഇനി മുതല്‍ ഇത്തരത്തിലുള്ള എടിഎം കൈമാറ്റം നടത്താന്‍ പാടില്ല. എടിഎം കാര്‍ഡ് കൈമാറ്റം ചെയ്യരുതെന്ന് ബാങ്കുകളുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ പറയുന്നുണ്ട്. ഇത് ലംഘിച്ച് മറ്റൊരാള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ ബാങ്ക് അതിനു സമ്മതിച്ചെന്നു വരില്ല.

ബംഗലൂരുവില്‍ ഒരു യുവതിക്ക് സംഭവിച്ചതും ഇതുതന്നെയാണ്. പ്രസവത്തോടനുബന്ധിച്ച് വീട്ടില്‍ വിശ്രമത്തിലായിരുന്ന വന്ദന എന്ന യുവതി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഭര്‍ത്താവ് കുമാറിന് എടിഎം കാര്‍ഡ് നല്‍കി. 25,000 രൂപയാണ് പിന്‍വലിക്കേണ്ടിയിരുന്നത്. എന്നാല്‍ മെഷിനില്‍ നിന്നും ഭര്‍ത്താവിന് പണം ലഭിച്ചില്ല. പകരം 25,000 രൂപ പിന്‍വലിച്ചതായുള്ള സ്ലിപ് ലഭിച്ചു. ഉടന്‍ തന്നെ കുമാര്‍ എസ്ബിഐ കോള്‍ സെന്ററില്‍ വിളിച്ചു കാര്യം പറഞ്ഞു. എടിഎമ്മിന്റെ തകരാറാണെന്നും ഉടന്‍ പണം അക്കൗണ്ടിലേക്ക് തിരികെയിടണമെന്നും പറഞ്ഞു.

പണം ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദനയും കുമാറും നിരവധി തവണ ബാങ്കിനെ സമീപിച്ചു. പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ബാങ്ക് ഓംബുഡ്‌സമാനിനും കണ്‍സ്യൂമര്‍ഫോറത്തിനും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ കുമാര്‍ പണം പിന്‍വലിക്കുന്നതായി കണ്ടെങ്കിലും കാര്‍ഡ് ഉടമയായ വന്ദനയെ കണ്ടില്ല.

പ്രശ്‌നം ഉപഭോക്തൃ കോടതിയിലുമെത്തി. എന്നാല്‍ കാര്‍ഡ് ഉടമ നേരിട്ട് പണം പിന്‍വലിക്കാനെത്തിയില്ലെന്ന് കോടതി അറിയിച്ചു. പ്രസവ സംബന്ധമായി വീട്ടിലായിരുന്നതിനാലാണ് പണം പിന്‍വലിക്കാന്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചതെന്ന് വന്ദന പറഞ്ഞെങ്കിലും കോടതി പരാതി തള്ളി. അവര്‍ക്ക് 25,000 രൂപ നഷ്ടപ്പെടുകയും ചെയ്തു.

എടിഎം കാര്‍ഡും പിന്‍നമ്പറും മറ്റൊരാള്‍ക്ക് കൈമാറരുതെന്നും പണം പിന്‍വലിക്കാനായി സെല്‍ഫ് ചെക്കോ അധികാരപ്പെടുത്തുന്ന അപേക്ഷയോ ആണ് നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

Comments

comments

Categories: Banking, FK News, Slider
Tags: ATM, ATM Card