രണ്ട് ലക്ഷം രൂപയില്‍ താഴെ വില വരുന്ന ടോപ് 5 ബൈക്കുകള്‍

രണ്ട് ലക്ഷം രൂപയില്‍ താഴെ വില വരുന്ന ടോപ് 5 ബൈക്കുകള്‍

ഇന്ത്യന്‍ വിപണിയില്‍ അതിവേഗം വളരുന്ന സെഗ്മെന്റുകളിലൊന്നാണ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ലക്ഷത്തിലധികം രൂപ നല്‍കി ഇന്ത്യന്‍ നിര്‍മ്മിത മോട്ടോര്‍സൈക്കിള്‍ (തീര്‍ച്ചയായും, റോയല്‍ എല്‍ഫീല്‍ഡ് ബൈക്കുകള്‍ ഒഴികെ) വാങ്ങുകയെന്നത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അതിവേഗം വളരുന്ന സെഗ്മെന്റുകളിലൊന്നാണ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ്. ഡെല്‍ഹി എക്‌സ് ഷോറൂം വിലയാണ് താഴെ നല്‍കുന്നത്.

യമഹ എഫ്ഇസഡ് 25

ഇന്ത്യയില്‍ യമഹ ഒരു ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നത് കാണാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവന്നു. എഫ്ഇസഡ് 25 വിപണിയില്‍ അവതരിപ്പിച്ചാണ് യമഹ ഏവരെയും അമ്പരപ്പിച്ചത്. എഫ്ഇസഡ് 16 പോലെ എഫ്ഇസഡ് 25 ന്റെ മസ്‌കുലര്‍ സ്റ്റാന്‍സ് കണ്ടാല്‍ ആരുടെയും മനം നിറയും. എന്നാല്‍ യമഹയുടെ ചില വലിയ സ്ട്രീറ്റ്‌ഫൈറ്ററുകളുടെ സമീപം നില്‍ക്കാന്‍ ഇവന് മടിയാണ്. 249 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോറാണ് എഫ്ഇസഡ് 25 ന് കരുത്ത് നല്‍കുന്നത്. 148 കിലോഗ്രാം മാത്രമാണ് ഭാരമെന്നതിനാല്‍ ഈ വിഭാഗത്തിലെ ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളുകളിലൊന്നാണ് എഫ്ഇസഡ് 25. ഈ സെഗ്മെന്റില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകളിലൊന്നുകൂടിയാണ് യമഹ എഫ്ഇസഡ് 25. 43 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത. എല്‍ഇഡി ഹെഡ് ലൈറ്റ്, ഓള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഫീച്ചറുകളാണ്. ഈ വിഭാഗത്തില്‍ ബെഞ്ച്മാര്‍ക്കുകള്‍ സൃഷ്ടിക്കാന്‍ എഫ്ഇസഡ് 25 ന് കഴിഞ്ഞില്ലെങ്കിലും പ്രായോഗികത, കംഫര്‍ട്ട്, റിഫൈന്‍മെന്റ്, വശ്യസുന്ദരമായ ഡിസൈന്‍ എന്നിവ ഒറ്റ നോട്ടത്തില്‍ ഇഷ്ടം തോന്നുന്ന ബൈക്കുകളിലൊന്നാക്കി യമഹ എഫ്ഇസഡ് 25 മോട്ടോര്‍സൈക്കിളിനെ മാറ്റുന്നു.

പവര്‍       : 20.9 എച്ച്പി @ 8000 ആര്‍പിഎം
ടോര്‍ക്ക്  : 20 എന്‍എം @ 6000 ആര്‍പിഎം
വില        : 1.19 ലക്ഷം രൂപ

യമഹ വൈഇസഡ്എഫ് ആര്‍15 വി3.0

മറ്റ് തലമുറകളിലെ ആര്‍15 മോട്ടോര്‍സൈക്കിളുകളിലേതുപോലെ ഈ മൂന്നാം തലമുറ മോഡലിനും
ആര്‍1, ആര്‍6 മോട്ടോര്‍സൈക്കിളുകളുടെ ബോഡിവര്‍ക്കാണ് ലഭിച്ചത്. ഇരട്ട കണ്ണുള്ള ഷാര്‍പ്പ് ലുക്കിംഗ് എല്‍ഇഡി ഹെഡ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. ഇവയ്ക്കിടയില്‍ ഫോ എയര്‍ ഡക്റ്റ് നല്‍കിയിരിക്കുന്നു. ബബിള്‍ വൈസറാണ് മറ്റൊരു പ്രത്യേകത. ഇതാദ്യമായി ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിച്ചു. തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് വൈറ്റ് ബാക്ക് ലൈറ്റ് നല്‍കി. 155 സിസി, ലിക്വിഡ് കൂള്‍ഡ്, എസ്ഒഎച്ച്‌സി, 4 വാല്‍വ് മോട്ടോറിന്റെ ബോര്‍ ഇപ്പോള്‍ ഒരു മില്ലി മീറ്റര്‍ കൂടുതലാണ്. പു
തിയ ഇന്‍ടേക്ക് & എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, വേരിയബിള്‍ വാല്‍വ് ആക്‌ചേഷന്‍ (വിവിഎ) എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് ലഭിച്ച ആദ്യ 150 സിസി മോട്ടോര്‍സൈക്കിളാണ് ആര്‍15 വി3.0. നിരവധി ആക്‌സസറികളും യമഹ ഓഫര്‍ ചെയ്യുന്നു.

പവര്‍      : 19.3 എച്ച്പി @ 10000 ആര്‍പിഎം
ടോര്‍ക്ക് : 15 എന്‍എം @ 8500 ആര്‍പിഎം
വില       : 1.25 ലക്ഷം രൂപ

ബജാജ് ഡോമിനര്‍ 400

ബജാജിന് നന്ദി പറയുന്നു. കഴിഞ്ഞ വര്‍ഷം നമുക്ക് ആദ്യ ഇന്ത്യന്‍ നിര്‍മ്മിത പവര്‍ ക്രൂസര്‍ സമ്മാനിച്ചതിന്. സ്‌റ്റൈല്‍ പരിഗണിക്കുമ്പോള്‍ ഡുക്കാറ്റി ഡയാവെലിന്റെ ഇളയ സഹോദരനാണ് ബജാജ് ഡോമിനര്‍ എന്ന് തോന്നും. റോഡ് പ്രസന്‍സിന്റെ കാര്യത്തില്‍ ബജാജ് ഡോമിനര്‍ കേമനാണെന്ന് പറയേണ്ടിയും വരും. ശരീരത്തിന് ഒത്തവണ്ണം പെര്‍ഫോമന്‍സ് നടത്താന്‍ കഴിയുന്നു എന്നത് ബജാജ് ഡോമിനറിന്റെ ആകര്‍ഷക ഘടകമാണ്. കെടിഎം 390 ഉപയോഗിക്കുന്ന അതേ 373 സിസി മോട്ടോറാണ് ഇതിന് സഹായിക്കുന്നത്. സിംഗിള്‍ കാംഷാഫ്റ്റ് മാത്രം ലഭിച്ചതിനാല്‍ ‘ഓറഞ്ച് മെഷീന്റെ’ ടോപ്എന്‍ഡ് പെര്‍ഫോമന്‍സ് ബജാജ് ഡോമിനര്‍ നല്‍കില്ല. എന്നാല്‍ മൂന്ന് സ്പാര്‍ക് പ്ലഗുകളും ബോട്ടംഎന്‍ഡ് പെര്‍ഫോമന്‍സിനായി പ്രത്യേകം ട്യൂണ്‍ ചെയ്ത എന്‍ജിനും മെച്ചപ്പെട്ട ഇന്ധനക്ഷമത സമ്മാനിക്കുന്നു. കേവലം 3000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്ക് (ആകെ 35 എന്‍എം) ലഭിക്കുന്നു എന്ന കാര്യം എങ്ങനെ എടുത്തുപറയാതിരിക്കും. മണിക്കൂറില്‍ 120 130 കിലോമീറ്റര്‍ വേഗത്തില്‍പോലും നല്ല രീതിയില്‍ ക്രൂസിംഗ് നടത്താന്‍ കഴിയും. 13 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷിയെന്നതിനാലും സ്റ്റിഫ് സസ്‌പെന്‍ഷന്‍ ആണെന്നതിനാലും ദീര്‍ഘദൂര ടൂറര്‍ എന്ന് ബജാജ് ഡോമിനറിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. അതേസമയം ഹാന്‍ഡില്‍ ചെയ്യാന്‍ എളുപ്പമാണ്. ഡുവല്‍ ചാനല്‍ എബിഎസ് ഓപ്ഷണലാണ്. ത്രില്ലിംഗ് റൈഡിംഗ് അനുഭവമാണ് ഡോമിനര്‍ ഉറപ്പ് നല്‍കുന്നത്.

പവര്‍     : 35 എച്ച്പി @ 8000 ആര്‍പിഎം
ടോര്‍ക്ക് : 35 എന്‍എം @ 6500 ആര്‍പിഎം
വില        : 1.58 ലക്ഷം രൂപ (ഡുവല്‍ ചാനല്‍ എബിഎസ്)

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഈയിടെ പരിഷ്‌കരിച്ചിരുന്നു. കാര്‍ബുറേറ്ററിന് പകരം ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സിസ്റ്റം നല്‍കിയതാണ് ഏറ്റവും വലിയ മാറ്റം. ഇതോടെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇപ്പോള്‍ ബിഎസ് 4 പാലിക്കുന്നവനായി മാറി. മറ്റു ചില ചെറിയ മാറ്റങ്ങളും ബൈക്കില്‍ വരുത്തി. ഓയില്‍ കൂളറില്‍ ചെറിയ മെറ്റല്‍ ഗാര്‍ഡ്, ഫ്യൂവല്‍ ടാങ്കിന്റെ ക്യാപ്പില്‍ മാറ്റ് ബ്ലാക്ക് പൗഡര്‍ കോട്ടിംഗ്, ബാര്‍എന്‍ഡ് വെയിറ്റുകള്‍, റിയര്‍ സീറ്റിന് തൊട്ടുതാഴെ ലഗേജ് മൗണ്ടുകള്‍ എന്നിവയാണ് അവ. സസ്‌പെന്‍ഷന്‍ ട്രാവല്‍ ചെയ്യുന്നതിന്റെ കണക്ക് ഇങ്ങനെയാണ്. മുന്നില്‍ 200 എംഎം, പിന്നില്‍ 180 എംഎം. 220 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. കാടും മേടും കുണ്ടും കുഴിയുമെല്ലാം താണ്ടാന്‍ ജന്മമെടുത്ത ഓഫ് റോഡ് മോട്ടോര്‍സൈക്കിളാണ് ഈ ഹിമാലയന്‍ എന്ന കാര്യത്തില്‍ സംശയം വല്ലതും ബാക്കിയുണ്ടോ ? പര്‍പ്പസ് ബില്‍റ്റ് ബൈക്ക്. വലിയ 21 ഇഞ്ച് ഫ്രണ്ട് വീല്‍, 17 ഇഞ്ച് റിയര്‍ വീല്‍, ഓണ്‍ ആന്‍ഡ് ഓഫ് റോഡ് ടയറുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

പവര്‍      : 24.8 എച്ച്പി @ 6500 ആര്‍പിഎം
ടോര്‍ക്ക്  : 32 എന്‍എം @ 4250 ആര്‍പിഎം
വില        : 1.67 ലക്ഷം രൂപ

കെടിഎം ഡ്യൂക്ക് 250

പുതിയ 390 ഡ്യൂക്കിന്റെ അതേ സ്റ്റെലിംഗ് സൂചകങ്ങളാണ് പുതിയ 250 ഡ്യൂക്കില്‍ നല്‍കിയിരിക്കുന്നത്. അതേസമയം താങ്ങാവുന്ന വിലയില്‍ ലഭ്യവുമാണ്. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് പാനല്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ പോലെ ചില ഫീച്ചറുകള്‍ കാണുന്നില്ലെങ്കിലും മനോഹരമായ മോട്ടോര്‍സൈക്കിളാണ് 250 ഡ്യൂക്ക് എന്നതില്‍ തര്‍ക്കമില്ല. ചെറിയ ആര്‍പിഎമ്മില്‍ അല്‍പ്പം മടിയനാണെന്ന് തോന്നുമെങ്കിലും മിഡ് ആര്‍പിഎമ്മില്‍ ഉഗ്രരൂപം പുറത്തെടുക്കും. ക്വാര്‍ട്ടര്‍ ലിറ്റര്‍ (250 സിസി) മോട്ടോര്‍സൈക്കിളുകള്‍ക്കിടയില്‍ ഇത്രയധികം കുതിരശക്തിയും സവിശേഷ ലുക്കുകളുമുള്ള മറ്റൊന്നിനെ കണ്ടുകിട്ടുക പ്രയാസമാണ്.

പവര്‍      : 30 എച്ച്പി @ 9000 ആര്‍പിഎം
ടോര്‍ക്ക്  : 24 എന്‍എം @ 7500 ആര്‍പിഎം
വില         : 1.78 ലക്ഷം രൂപ

Comments

comments

Categories: Auto