ആകാശത്തെ ‘യൂബര്‍’: പറക്കും ടാക്‌സിയുമായി ജര്‍മന്‍ കമ്പനി

ആകാശത്തെ ‘യൂബര്‍’: പറക്കും ടാക്‌സിയുമായി ജര്‍മന്‍ കമ്പനി

ബെര്‍ലിന്‍: ആപ്പ് അധിഷ്ഠിത ടാക്‌സി സേവന ദാതാക്കളായ യൂബറിന്റെയും ഒലയുടെയുമൊക്കെ കാലം കഴിയാന്‍ പോകുന്നു. ഇനി ഭാവിയില്‍ ആകാശത്തെ ടാക്‌സി സര്‍വീസായിരിക്കും ഉപഭോക്താക്കള്‍ ഉപയോഗിക്കുക. ഇത് ഒരു ജെര്‍മന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്വപ്‌ന പദ്ധതിയാണ്. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നിരത്തുകളില്‍ നിന്നും മെല്ലെ ടാക്‌സി സര്‍വീസുകള്‍ ഓര്‍മയായി മാറും.

ഇന്റല്‍ കോര്‍പ്പറേഷന്‍ പിന്തുണയ്ക്കുന്ന ഓട്ടോണമസ് വാഹനങ്ങളുടെ നിര്‍മാതാക്കളായ വോലോകോപ്റ്റര്‍ ജിഎംബിഎച്ച് എന്ന ജെര്‍മന്‍ കമ്പനിയാണ് പൈലറ്റില്ലാ ടാക്‌സി എന്ന ആശയവുമായി സാങ്കേതിക വിദ്യാ രംഗത്ത് പുതിയ വിപ്ലവം തീര്‍ക്കാന്‍ രംഗത്തുവന്നിരിക്കുന്നത്. ഡ്രോണിനു സമാനമായ രീതിയില്‍ ഇലക്ട്രിക് ഹെലികോപ്റ്ററുകളാണ് വോലോകോപ്റ്റര്‍ വികസിപ്പിച്ചെടുക്കുന്നത്.

ദുബായിലും ലാസ് വേഗാസിലും പരീക്ഷണ പറത്തല്‍ വിജയകരമായി പൂര്‍ത്തീകരിച്ചുകഴിഞ്ഞു വോലോകോപ്റ്റര്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. 100 മില്യണ്‍ ഡോളര്‍ ഹെലികോപ്റ്ററുകളുടെ നിര്‍മാണത്തിന് ആവശ്യമായി വരുമെന്ന് കമ്പനി പറയുന്നു.

ഫണ്ടിനായി നിക്ഷേപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ് കമ്പനിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫ്‌ലോറിയാന്‍ റോയിറ്റര്‍ പറഞ്ഞു. നിക്ഷേപകരുമായി ഇത് സംബന്ധിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അവരില്‍ നിന്നും അനുകൂലമായ മറുപടിയാണ് ലഭിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ പറക്കും ടാക്‌സികള്‍ ആകാശത്തിലിറങ്ങും.

കഴിഞ്ഞ വര്‍ഷം വൊലോകോപ്റ്ററുമായി ദുബായ് ആര്‍ടിഎ പങ്കാളിത്തകരാര്‍ ഒപ്പുവെച്ചിരുന്നു. 2016 ല്‍ ദുബായ് ഗവണ്‍മെന്റ് പുറത്തിറക്കിയ 2030 സംരംഭത്തിന്റെ ഭാഗമായാണ് പൈലറ്റില്ലാ ടാക്‌സികള്‍ നഗരത്തില്‍ അവതരിപ്പിക്കുന്നത്.

അതേസമയം, ലാറിപേജ് പിന്തുണയ്ക്കുന്ന വിമാനനിര്‍മാണ കമ്പനിയായ ബോയിംഗ് കോര്‍പ്പറേഷനും മറ്റ് ഏവിയേഷന്‍ കമ്പനികളും ഇത്തരത്തില്‍ റോബോട്ടിക് ടാക്‌സികള്‍ നിര്‍മിക്കാന്‍ രംഗത്ത് വന്നിട്ടുണ്ട്. നഗരത്തില്‍ കെട്ടിടങ്ങളുടെ മുകളില്‍ ഹെലിപാഡില്‍ ഇറക്കാന്‍ കഴിയുന്ന റോബോട്ടിക് എയര്‍ടാക്‌സികള്‍ വൊലോകോപ്റ്ററിനൊരു വെല്ലുവിളിയായിരിക്കും.

 

 

Comments

comments

Categories: Entrepreneurship, FK News, Tech