ഇന്ത്യയില്‍ വിമാനകമ്പനി ആരംഭിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് താത്പര്യം

ഇന്ത്യയില്‍ വിമാനകമ്പനി ആരംഭിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് താത്പര്യം

 

ദോഹ: ഖത്തറിലെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ മുഴുവന്‍ സമയ സര്‍വീസിനായി വിമാനക്കമ്പനി തുടങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര സര്‍വീസ് അടക്കം ഇന്ത്യന്‍ വ്യോമയാന രംഗത്തേക്ക് ചുവടുവെക്കാനുള്ള നീക്കമാണ് ഖത്തറിന്റേതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബെക്കറിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്നായിരിക്കും സര്‍വീസിനായി പണം ചെലവഴിക്കുക. കമ്പനി ബോര്‍ഡിലെ അംഗങ്ങളും ബോര്‍ഡ് ചുമതലയും ഇന്ത്യക്കാര്‍ക്കായിരിക്കുമെന്നും സൂചനയുണ്ട്.

രണ്ട്ദശാബ്ദകാലമായി ഖത്തര്‍എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ആയ ബെക്കര്‍ കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ഗവേര്‍ണസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

ഉടന്‍ തന്നെ തങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോകും. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അയാട്ടയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വിമാനക്കമ്പനിക്കായുള്ള ലൈസന്‍സ് സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞു.

ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള താത്പര്യം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ ഖത്തര്‍ എയര്‍വെയ്‌സ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ ഈ നീക്കം. വികസനത്തിന്റെ പാതയിലുള്ള ഇന്ത്യയ്ക്ക് വ്യോമയാന രംഗത്തെ ഈ വിദേശനിക്ഷേപം വളരെയേറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, വിസ്താര എയര്‍ലൈന്‍സ് എന്നീ മൂന്ന് വിമാനസര്‍വീസുകളാണ് ഉള്ളത്.

Comments

comments