പുസ്തകമിറക്കാന്‍ ചെയ്യേണ്ടത്

പുസ്തകമിറക്കാന്‍ ചെയ്യേണ്ടത്

പുസ്തകത്തിന്റെ സംക്ഷേപവും ആദ്യ മൂന്ന് അധ്യായവും പ്രസാധകര്‍ക്ക് അയച്ചു കൊടുത്താല്‍ പുതുമുഖഎഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് പുറംലോകം കാണാന്‍ അവസരമൊരുങ്ങുന്നു

 

സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുക അല്‍പ്പം സാഹിത്യകുതുകിയായ ഏതൊരാളുടെയും സ്വപ്‌നമാണ്. ഇന്റര്‍നെറ്റിന്റെയും ഗാഡ്ജറ്റുകളുടെയും യുഗത്തില്‍ വായന മരിക്കുന്നുവോ എന്ന ചോദ്യം അപ്രസക്തമാക്കുന്ന ചിത്രമാണ് പുസ്തക പ്രസാധകരും പുസ്തകമേളകളിലെ വന്‍ തിരക്കും നല്‍കുന്നത്. ഗ്രാഫിക് കഥകളും ഇലക്ട്രോണിക് റീഡിംഗും തുടങ്ങി സമൂഹ മാധ്യമങ്ങളിലെ വിശാല വായനാലോകം വരെ പുതിയ കാലത്തും പുസ്തകവായന പൂര്‍വ്വാധികം ശക്തിപ്പെട്ടു എന്നതിനു തെളിവായി. എന്നാല്‍ ഇപ്പോഴും വലിയ പശ്ചാത്തലമില്ലാത്ത എഴുത്തുകാരെ ബുദ്ധിമുട്ടിക്കുന്നത് ആദ്യ പുസ്തകം എങ്ങനെ പ്രസിദ്ധീകരിക്കാനാകും എന്ന ആശങ്കയാണ്. തങ്ങളുടെ ആദ്യകൃതി ഏതെങ്കിലും പ്രസാധകരെ ഏല്‍പ്പിക്കണമെങ്കില്‍ വാരികകളിലും മറ്റും കഥയോ കവിതയോ അച്ചടിച്ചു വരണമെന്ന പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ പിന്തുടരുന്നവരും കുറവല്ല. എന്നാല്‍ അത് എല്ലാവര്‍ക്കും പറ്റണമെന്നില്ല, നടക്കാന്‍ എളുപ്പവുമല്ല. സോഷ്യല്‍ മീഡിയയാണ് മറ്റൊരു മാധ്യമം. എന്നാല്‍ അതിലെ എഴുത്തുകള്‍ക്ക് സൗഹൃദ വലയത്തിനപ്പുറം കടക്കാന്‍ കടമ്പകളേറെ. സമൂഹമാധ്യമങ്ങളിലെ എഴുത്തിനെ ഗൗരവമായി സ്വീകരിക്കാന്‍ മടിക്കുന്ന സമൂഹമാണ് ഇപ്പോഴും നമ്മുടേത്. എസ്റ്റാബ്ലിഷ് ആയ എഴുത്തുകാര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നതു പോലെ അവിടെ എഴുതുന്നവര്‍ക്ക് വേദികള്‍ കിട്ടണമെന്നില്ല.

ഇത്തരത്തില്‍ എഴുതാന്‍ ആത്മവിശ്വാസമുള്ളവര്‍ക്ക് പിന്തുടരാന്‍ കഴിയുന്നത് നേരിട്ട് പ്രസാധകരെ സമീപിക്കുന്ന പ്രൊഫഷണല്‍ രീതി തന്നെയാണ്. എഴുത്തിടത്തില്‍ മുദ്ര പതിപ്പിക്കാനും പുസ്തകം വിറ്റു പോകണമെന്നും ആഗ്രഹിക്കുന്നവര്‍ പ്രസാധകരെ തേടി ചങ്കൂറ്റത്തോടെ കടന്നു ചെല്ലുകയാണ് വേണ്ടത്. ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച ചില ഗ്രന്ഥകര്‍ത്താക്കള്‍ നേരിട്ട വെല്ലുവിളികളും അതിന് ഉപയോഗിച്ച സൂത്രങ്ങളും പരിശോധിക്കാം. തങ്ങളുടെ പുസ്തകത്തെപ്പറ്റി ഒരു മൗലികമായ ആശയം വികസിപ്പിക്കുകയാണ് ആദ്യം വേണ്ടത്. വിഷയം, ഇതിവൃത്തം, കഥാപാത്ര നിര്‍മിതി, പ്രചോദനം തുടങ്ങി ഏതുമാകാം. തുടക്കക്കാര്‍ക്ക് ഇക്കാര്യത്തില്‍ ആരംഭശൂരത്വം മാത്രമേ ഉണ്ടാകാറുള്ളൂ എന്നാണു സാധാരണയായി കണ്ടുവരാറുള്ളത്. ആദ്യത്തെ ആവേശം തുടര്‍ന്നുള്ള ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ കെട്ടടങ്ങുന്നു. പിന്നീട് നിരുന്മേഷം ബാധിക്കുന്ന നവഎഴുത്താളര്‍ എഴുത്ത് പാതിവഴിയില്‍ ഉപേക്ഷിച്ച് ചെയ്തു വന്നിരുന്ന പലതിലേക്കും മടങ്ങിപ്പോകുന്നു. തുടങ്ങിയ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഇതിവൃത്തഘടന ഉണ്ടാക്കി അതിനു മജ്ജയും മാംസവും വെപ്പിച്ചെടുക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരിക്കണം. മികച്ച ഒരാശയവും യഥാര്‍ത്ഥ്യമായി കാണാനുള്ള അഭിവാഞ്ഛയും ഉണ്ടെങ്കിലും പ്രായോഗികമതിയായ ഒരു പ്രൊഫഷണലിന്റെ മാര്‍ഗനിര്‍ദേശം മിക്കവാറും ആവശ്യം വന്നേക്കാം.

അച്ചടക്കമുള്ള സമീപനമായിരിക്കണം എഴുത്തുകാര്‍ പുലര്‍ത്തേണ്ടത്. കഥാബീജം മനസിലിട്ടു സ്വരുക്കൂട്ടുകയെന്നത് പുസ്തകം എഴുതി പൂര്‍ത്തീകരിച്ച് പ്രസാധകനെ കണ്ടെത്തുന്നതിനെ അപേക്ഷിച്ച് ഏറ്റവും നിസാരമായ ജോലിയാണ്. ജെയിംസ് ബോണ്ടിന്റെ സ്രഷ്ടാവായ ഇയാന്‍ ഫ്‌ളെമിംഗിനെപ്പോലുള്ളവര്‍ക്ക് ബെസ്റ്റ് സെല്ലറുകള്‍ എഴുതാന്‍ ഒരു മാസം പോലും വേണ്ട

2018-ലെ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഇയര്‍ബുക്ക്, ഇത്തരം എഴുത്തു പാഠങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്നു. പ്രമുഖ ബ്രിട്ടീഷ് പ്രസാധകരായ ഫേബര്‍ ആന്‍ഡ് ഫേബര്‍, കര്‍ട്ടിസ് ബ്രൗണ്‍ ക്രിയേറ്റിവ്, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് എന്നിവരെക്കുറിച്ചാണ് കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്. പ്രാദേശിക എഴുത്തുപുരകള്‍ നടത്തുന്ന പാഠ്യപദ്ധതിയില്‍ നിന്ന് പ്രചോദിതമായി തുടങ്ങിയിരിക്കുന്ന വെബ് അധിഷ്ഠിതക്ലാസുകളെയും ഇക്കാര്യത്തില്‍ പരിഗണിക്കാവുന്നതാണ്. സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കാന്‍ അച്ചാരം കൊടുത്ത് കാത്തിരിക്കുന്നവര്‍ ഈ പ്രസാധകരെ സമീപിക്കുന്നുണ്ട്. 52-കാരി ട്രേസി വേപ്പിള്‍സ്, 4,000 പൗണ്ട് ഫീസ് അടച്ചാണ് ഫേബര്‍ ആന്‍ഡ് ഫേബറില്‍ ആറു മാസത്തെ എഴുത്തു പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ആദ്യനോവല്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന അവര്‍ക്ക് ഈ കോഴ്‌സ് കൊണ്ടു ഗുണമേ വന്നിട്ടുള്ളൂ. തന്റെ കഥയിലെ ഒരു കഥാപാത്രം മാത്രമാണ് അവരുടെ മനസിലുണ്ടായിരുന്നത്. കടലാസില്‍ പകര്‍ത്തും മുമ്പു നടക്കാനിറങ്ങുമ്പോഴാണ് കഥയെപ്പറ്റി ഏറെയും ആലോചിക്കാറുള്ളതെന്ന് ട്രേസി പറയുന്നു. പ്രധാന കഥാപാത്രത്തെ വളരെ മോശക്കാരനായാണ് അവര്‍ മനസില്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അതിനപ്പുറം കഥ എവിടെയാണ് ചെന്നെത്തുക എന്നതിനെപ്പറ്റി കഥ എഴുതി അവസാനിപ്പിക്കും വരെ ധാരണ ഇല്ലായിരുന്നു. എഴുതുന്നത് ഒരു പുരാവസ്തു ഖനന പ്രക്രിയ പോലെയാണു തോന്നിയത്. എന്നാല്‍ ഫേബര്‍ ആന്‍ഡ് ഫേബറില്‍ നിന്നു ലഭിച്ച പാഠങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. വിലമതിക്കാനാകാത്ത ക്ലാസായിരുന്നു അതെന്ന് അവര്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

ഒരു എഴുത്തുകാരിയായി സ്വയം വിശേഷിപ്പിക്കുന്നതില്‍ ആശങ്കപ്പെട്ടിരുന്ന ആളായിരുന്നു താനെന്ന് ഹെര്‍ട്ട് ഫോര്‍ഡ് ഷയറിലെ ആല്‍ബറി നിവാസിയായ ഈ വീട്ടമ്മ പറയുന്നു. എന്നാല്‍ സമാനമനസ്‌കരായ ധാരാളം പേരെ കോഴ്‌സിനിടെ കണ്ടു മുട്ടിയതോടെ അത്തരം അപകര്‍ഷങ്ങളില്ലാതായി. ആദ്യം എഴുതിവെച്ചിരിക്കുന്ന പകര്‍പ്പ് ഉല്‍ക്കൃഷ്ട കൃതിയായി കണ്ട് മയങ്ങരുത് എന്നതാണ് ലഭിച്ച പ്രധാനപാഠം. പൂര്‍ണതയിലെത്തും വരെ ആവര്‍ത്തിച്ചു തിരുത്തിയെഴുതാന്‍ സന്നദ്ധരായിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തന്റെ കഥ വിജയിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് പ്രസാധകനെ ബോധ്യപ്പെടുത്താനായി എന്നതിലാണ് കാര്യം. ഐ വാണ്ട് നെവര്‍ ഗെറ്റ്‌സ് എന്ന ട്രേസിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവല്‍ മാസാവസാനം പുറത്തിറങ്ങും. എന്‍ഡെവര്‍ മീഡിയയാണ് പ്രസാധകര്‍. നവ എഴുത്തുകാര്‍ക്ക് വഴികാട്ടികളാകുന്ന കൈപ്പുസ്തകങ്ങളും വിപണിയിലുണ്ട്. സ്റ്റീഫന്‍ കിംഗിന്റെ ഓണ്‍ റൈറ്റിംഗ്, റോസ് മൊറിസിന്റെ നെയ്ല്‍ യുവര്‍ നോവല്‍ എന്നിവ ഉദാഹരണങ്ങളാണ്. ഒരു നോവല്‍ പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെടുകയെന്നത് സാധാരണ കാണുന്ന പ്രശ്‌നമാണെന്ന് മോറിസ് സമ്മതിക്കുന്നു. ആദിമധ്യാന്തമുള്ള ഒരു ഇതിവൃത്തം എഴുത്തുകാരനിലുണ്ടാകുകയാണു പ്രധാനം. നിങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള മറ്റ് പുസ്തകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഇരുത്തി പഠിക്കുകയാണ് അടുത്ത പടി. വായനക്കാരനെ കൊളുത്തിവലിക്കുന്നതിന് അവലംബിച്ചിരിക്കുന്ന ടിപ്പണികള്‍ ഭാഷാപ്രയോഗം തുടങ്ങി സുപ്രധാന വസ്തുതകളെല്ലാം മനസിലാക്കി വെക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.

പണമല്ല, ചെയ്യുന്ന പ്രവൃത്തിയില്‍ നിന്നുള്ള സംതൃപ്തിയാണു പ്രധാനം എന്നു കരുതിയാണ് എഴുതാനിരിക്കേണ്ടത്. തന്റെ ചോരയും വിയര്‍പ്പും കണ്ണീരുമൊക്കെയാണ് കടലാസില്‍ പകര്‍ത്തുന്നതെന്ന് എഴുത്തുകാരന് തോന്നുമെങ്കിലും വായനക്കാരന് ഇതൊന്നും അറിയേണ്ടതില്ലെന്ന് അയാള്‍ മനസിലാക്കിയിരിക്കണം. സമര്‍പ്പണം തന്നെയാണ് സര്‍വ്വപ്രധാനം. ക്ലേര്‍ എംപ്‌സണ്‍ തന്റെ പുസ്തകത്തിന് പ്രസാധകനെ കണ്ടെത്താന്‍ 10 വര്‍ഷത്തോളമാണ് കാത്തിരുന്നത്. പ്രണയത്തിന്റെ ഇരുണ്ട വശങ്ങള്‍ ഇതിവൃത്തമാക്കി രചിച്ച ഹിം എന്ന പുസ്തകം ഓഗസ്റ്റ് 23-നാണ് പ്രസാധനം ചെയ്യുന്നത്. ഒറിയോണ്‍ ആണ് പ്രസാധകര്‍. കുടുംബത്തിനൊപ്പം ഉല്ലസിച്ചു കഴിയേണ്ട ഒട്ടേറെ വാരാന്ത്യങ്ങള്‍ പുസ്തകത്തിനു വേണ്ടി ത്യജിച്ചുവെന്ന് മൂന്നു കുട്ടികളുടെ അമ്മയായ ഈ അമ്പതുകാരി പറയുന്നു. എണ്ണിയാലൊടുങ്ങാത്ത മണിക്കൂറുകള്‍ എഴുതാനും തിരുത്തലിനുമായി ചെലവാക്കി. ഒരു ഘട്ടത്തില്‍ പുസ്തകം പൂര്‍ത്തീകരിക്കാനാകുമോ എന്ന ആശങ്കയുണ്ടായി. അത് തന്നെ നിരാശയുടെ പടുകുഴിയിലേക്കു തള്ളി. എഴുത്തു നിര്‍ത്തിക്കളഞ്ഞാല്‍ സന്തോഷം കൈവരിക്കാനാകുമോയെന്നു സ്വയം ചോദിച്ചപ്പോള്‍ ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്. അതെ, എഴുത്തിനെയാണ് ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്നത്. ഈ സത്യം മനസിലാക്കിയതോടെ പൂര്‍വ്വാധികം മുമ്പോട്ടു പോകാന്‍ ആരംഭിച്ചു- ക്ലേര്‍ പറയുന്നു. എഴുത്തിലുള്ള താല്‍പ്പര്യം വിട്ടു പോകാതിരിക്കാന്‍ രണ്ട് എഴുത്തുകാരുമായി എപ്പോഴും കൂടിക്കാഴ്ച നടത്തുമായിരുന്നു. മൂവരും ആശയങ്ങളും ചിന്തകളും പങ്കുവെക്കുമായിരുന്നു. ഇപ്പോഴും ഈ സൗഹൃദം തുടരുന്നുണ്ടെന്നും ക്ലേര്‍ വ്യക്തമാക്കി.

ക്ലേര്‍ എംപ്‌സണ്‍ തന്റെ പുസ്തകത്തിന് പ്രസാധകനെ കണ്ടെത്താന്‍ 10 വര്‍ഷത്തോളമാണ് കാത്തിരുന്നത്. പ്രണയത്തിന്റെ ഇരുണ്ട വശങ്ങള്‍ ഇതിവൃത്തമാക്കി രചിച്ച ഹിം എന്ന പുസ്തകം ഓഗസ്റ്റ് 23-നാണ് പ്രസാധനം ചെയ്യുന്നത്. ഒറിയോണ്‍ ആണ് പ്രസാധകര്‍

ഒരു പുസ്തകം എഴുതി തീര്‍ക്കുകയാണ് ഏറ്റവും വലിയ കാര്യമെന്ന തെറ്റിദ്ധാരണ നീക്കാനായെന്ന് ക്ലേര്‍ പറയുന്നു. തിരുത്തിയെഴുതലാണ് ഏറ്റവും വലിയ കാര്യമെന്ന പാഠം പഠിക്കാനായി. ഒട്ടേറെ തിരുത്തലുകള്‍ വേണ്ടിവരും. വിദഗ്ധ ഉപദേശം വേണ്ട ജോലിയാണിത്. പുസ്തക പ്രസാധനത്തില്‍ അനുഭവപരിജ്ഞാനമുള്ള നിരവധി ഏജന്റുകള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായ നിര്‍ദേശങ്ങള്‍ നല്‍കാനാകും. കൃതിയില്‍ മികവു വരുത്താനുള്ള ഒരു അവസരവും വിട്ടു കളയരുത്. അത് ഏറ്റവും മൂര്‍ച്ചയുള്ളതും ചടുലവുമാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണമെന്നും അവര്‍ ഉപദേശിക്കുന്നു. കഴിവും ഭാഗ്യവും ഒന്നിച്ചു കൈവന്ന വ്യക്തിയാണ് ക്ലേര്‍. കര്‍ട്ടിസ് ബ്രൗണുമായി ആറക്ക പ്രതിഫല കരാര്‍ ഉറപ്പിക്കാന്‍ അവര്‍ക്കായി. തന്റെ നോവലിനും അതിന്റെ അടുത്ത ഭാഗത്തിനുമുള്ള രാജ്യാന്തര കരാറാണിത്. ആദ്യഘട്ടത്തില്‍ നോവലിസ്റ്റിന് 3,000 പൗണ്ട് മുന്‍കൂറായി നല്‍കും. പുറമെ റോയല്‍റ്റിത്തുകയായ വില്‍പ്പനയുടെ എട്ടു ശതമാനവും ലഭിക്കും. അഡ്വാന്‍സ് തുക റോയല്‍റ്റിയില്‍ നിന്നു തിരിച്ചു പിടിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ റോയല്‍റ്റിത്തുക സമ്പാദിക്കാനാകുന്ന ഉടമ്പടിയാണിത്. എന്നാല്‍ പണമല്ല തന്റെ പ്രചോദനമെന്ന് ക്ലേര്‍ വ്യക്തമാക്കുന്നു. ഹാരി പോട്ടര്‍ പരമ്പരയിലൂടെ 500 മില്യണ്‍ പൗണ്ട് സമ്പാദ്യം നേടിയ ജെ കെ റൗളിംഗ് ഒഴികെയുള്ള സാധാരണ എഴുത്തുകാര്‍ക്ക് ഏതായാലും ഇതൊരു കണ്ണഞ്ചിക്കുന്ന തുകയാണ്. എഴുത്തുകാരില്‍ ഭൂരിഭാഗവും ധനസമ്പാദനം ലക്ഷ്യമിടുന്നവരല്ല, സ്‌നേഹത്തിനും അംഗീകാരത്തിനുമായി എഴുതുകയും ഉപജീവനത്തിനു മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്.

അച്ചടക്കമുള്ള സമീപനമായിരിക്കണം എഴുത്തുകാര്‍ പുലര്‍ത്തേണ്ടത്. കഥാബീജം മനസിലിട്ടു സ്വരുക്കൂട്ടുകയെന്നത് പുസ്തകം എഴുതി പൂര്‍ത്തീകരിച്ച് പ്രസാധകനെ കണ്ടെത്തുന്നതിനെ അപേക്ഷിച്ച് ഏറ്റവും നിസാരമായ ജോലിയാണ്. ജെയിംസ് ബോണ്ടിന്റെ സ്രഷ്ടാവായ ഇയാന്‍ ഫ്‌ളെമിംഗിനെപ്പോലുള്ളവര്‍ക്ക് ബെസ്റ്റ് സെല്ലറുകള്‍ എഴുതാന്‍ ഒരു മാസം പോലും വേണ്ട. എന്നാല്‍ ഈ നിലയിലേക്ക് എത്താന്‍ യാതനകളും പരാജയങ്ങളും നേരിട്ട ഒട്ടേറെ വര്‍ഷങ്ങളെടുത്തു. സോമര്‍സെറ്റ് മൊഗാമിനെപ്പോലുള്ളവരുടെ എഴുത്തുകള്‍ വളരെ സരസവും ലളിതവുമായി വായനക്കാര്‍ക്കു തോന്നും. എന്നാല്‍ ഓരോ വാക്കുമെഴുതാന്‍ അദ്ദേഹം എടുത്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെന്ന് എത്ര പേര്‍ ചിന്തിക്കുന്നു. ഒരു പതിറ്റാണ്ട് കൊണ്ടാണ് അദ്ദേഹം പെയ്‌ന്റെഡ് വെയ്ല്‍ എന്ന നോവല്‍ പൂര്‍ത്തീകരിച്ചത്. പുലര്‍ച്ചെ 5.30ന് ഉറക്കമുണര്‍ന്നിരുന്നാണ് ട്രേസി വേപ്പിള്‍സ് ആദ്യകൃതി എഴുതിയത്. കര്‍ശനമായ കൃത്യനിഷ്ട പുലര്‍ത്തിയ രചനാകാലമായിരുന്നു തന്റേതെന്ന് അവര്‍ വ്യക്തമാക്കുന്നു. ദിവസവും ഇത്രയും വാക്കുകള്‍ എഴുതിത്തീര്‍ക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നില്ല. എന്നാല്‍ എഴുത്ത് വിരസമാകുമ്പോഴും അച്ചടക്കം പാലിച്ചു പോന്നിരുന്നുവെന്ന് അവര്‍ പറയുമ്പോള്‍ ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ പുലര്‍ത്തേണ്ട ജാഗ്രതയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നതെന്ന് മനസിലാക്കാം.

പുസ്തകം വായനക്കാരനില്‍ എത്തിക്കുകയാണ് ആത്യന്തിക ലക്ഷ്യം. പുസ്തകം പ്രസാധകനെ ഏല്‍പ്പിക്കുന്നത് ഏജന്റാണ്. പുസ്തകം വായനക്കാരനു വിട്ടു കൊടുക്കുന്നത് പ്രസാധകരാണ്. ഇത് കടകളില്‍ ചെന്ന് വായനക്കാര്‍ വാങ്ങിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് ഇവരാണ്. അതിനു വേണ്ടി വരുന്ന പരസ്യങ്ങളും പ്രചാരണങ്ങളും നടത്തേണ്ട ബാധ്യതയും ഇവര്‍ക്കാണ്‌

മികച്ച ഒരു ഏജന്റിനെ കണ്ടെത്തുകയാണ് വിപണനത്തിന്റെ അടുത്ത പടി. ഒരു പുസ്തകത്തിന്റെ വിപണി സാധ്യത ഉറപ്പാക്കുന്നതില്‍ ഏജന്‍സി വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. പുസ്തകരചന നടത്താന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടാകുമെങ്കിലും അത് വായനക്കാരില്‍ ശരിയായ വിധം എത്തിക്കുന്നത് ഏജന്റുകളാണ്. ഒരു നല്ല ഏജന്റ് പുസ്തകത്തില്‍ വേണ്ട തിരുത്തലുകള്‍ സൗജന്യമായി ചെയ്തു തരാന്‍ വരെ തയാറാകും. പുസ്തകം ഉചിതമായ രൂപത്തില്‍ തയാറാക്കുന്നതും വിപണി കണ്ടെത്തുന്നതും നല്ല നിലയില്‍ കച്ചവടം ചെയ്യാന്‍ സഹായിക്കുന്നതുമെല്ലാം ഏജന്റ് തന്നെയാണ്. അയച്ചു കിട്ടുന്ന 99.5 ശതമാനം കൈയെഴുത്തു പ്രതികളും തിരസ്‌കരിക്കപ്പടാറാണുള്ളത്. എന്നാല്‍ നിരന്തര പരിചയത്തിലൂടെ ഒരു കൃതിയുടെ സാധ്യത ഏജന്റിനു കണ്ടെത്താനാകുന്നു. വായനക്കാരുടെ മിടിപ്പും നൂതന പ്രവണതകളും മനസിലാക്കാനാകുന്നവരാണ് ഏജന്‍സികള്‍. പുസ്തകവില്‍പ്പനയുടെ 15 ശതമാനം വരെ അവര്‍ക്കു ലഭിക്കുന്നു. കോളെറിജ് ആന്‍ഡ് വൈറ്റിനെപ്പോലുള്ള ഏജന്‍സികള്‍ ആവശ്യപ്പെടുന്നത് കൃതിയുടെ ആദ്യ മൂന്ന് അധ്യായങ്ങളും സംക്ഷിപ്തവുമാണ്. ഏജന്റുമാരുടെ വിശദാംശങ്ങള്‍ പുസ്തകപ്രസാധന വ്യവസായത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റില്‍ നിന്നു ലഭിക്കും.

പുസ്തകം വായനക്കാരനില്‍ എത്തിക്കുകയാണ് ആത്യന്തിക ലക്ഷ്യം. പുസ്തകം പ്രസാധകനെ ഏല്‍പ്പിക്കുന്നത് ഏജന്റാണ്. പുസ്തകം വായനക്കാരനു വിട്ടു കൊടുക്കുന്നത് പ്രസാധകരാണ്. ഇത് കടകളില്‍ ചെന്ന് വായനക്കാര്‍ വാങ്ങിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് ഇവരാണ്. അതിനു വേണ്ടി വരുന്ന പരസ്യങ്ങളും പ്രചാരണങ്ങളും നടത്തേണ്ട ബാധ്യതയും ഇവര്‍ക്കാണ്. ബുക്ക്‌ഷോപ്പുകളുമായി ബന്ധം സ്ഥാപിക്കുക, പുസ്തക പ്രസാധന ചടങ്ങ് സംഘടിപ്പിക്കുക, കൃതികള്‍ വിവര്‍ത്തനം ചെയ്ത് വിദേശ വിപണികളിലേക്ക് അയയ്ക്കുക എന്നിവയെല്ലാം ഇവരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ചില പുസ്തക രചയിതാക്കള്‍ കൃതികള്‍ സ്വന്തം നിലയ്ക്ക് വില്‍ക്കാറുമുണ്ട്. തന്റെ പുതിയ പുസ്തകം ഇറങ്ങിയ വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അടുത്തുള്ള ഏതു പുസ്തകക്കടയില്‍ കിട്ടുമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നവരുണ്ട്. പത്രങ്ങളിലും ടിവി ചാനലുകളിലും റേഡിയോയിലും നല്‍കുന്ന അഭിമുഖങ്ങള്‍ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ എന്നിവയിലൂടെയും എഴുത്തുകാര്‍ ആഹ്വാനം നടത്തുന്നു. നിരൂപകര്‍, ബ്ലോഗര്‍മാര്‍ എന്നിവയില്‍ നിരൂപണം എഴുതുന്നവരെ ആശ്രയിക്കുന്ന പുസ്തക രചയിതാക്കളുമുണ്ട്.

Comments

comments

Categories: FK Special, Slider