അണിചേരാം ‘സ്‌ട്രോസ്‌സക്‌സ്’ കാംപെയ്‌നില്‍

അണിചേരാം ‘സ്‌ട്രോസ്‌സക്‌സ്’ കാംപെയ്‌നില്‍

ലോകമാകെ പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരെ തിരിയുമ്പോള്‍ നമുക്ക് ഏറ്റവും എളുപ്പത്തില്‍ ഒഴിവാക്കാനാകുന്ന പ്ലാസ്റ്റിക് സ്‌ട്രോകളോട് നോ പറയാന്‍ ശീലിപ്പിക്കുകയാണ് സ്‌ട്രോസ്‌സ്‌ക്‌സ് കാംപെയ്ന്‍. വിയറ്റ്‌നാമില്‍ തുടങ്ങി ഇന്ത്യ വഴി കാനഡ, ഓസ്‌ട്രേലിയയിലേക്ക് വ്യാപിക്കുകയാണ് ഈ കാംപെയ്‌നിന്റെ സ്‌ട്രോ ഓണ്‍ റിക്വസ്റ്റ് പോളിസി

ശീതള പാനീയങ്ങള്‍ സ്‌ട്രോയിട്ട് കുടിക്കുന്നവരാണ് നമ്മളില്‍ ഏറെയും. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം എന്നതിലുപരി സ്‌റ്റൈലിന്റെ ഭാഗമായിട്ടുകൂടിയാണ് പ്ലാസ്റ്റിക് സ്‌ട്രോകളുടെ ഉപയോഗം ഹോട്ടലുകളിലും റെസ്‌റ്റൊറന്റുകളിലും വന്‍തോതില്‍ വര്‍ധിച്ചു വരുന്നത്. ലോകത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, നമുക്ക് എളുപ്പത്തില്‍ ഒഴിവാക്കാനാകുന്ന പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന കാംപെയ്ന്‍ ആണ് സ്‌ട്രോസ്‌സക്‌സ്. വിയറ്റ്‌നാമിലാണ് ഈ ആശയത്തിന്റെ വേരുകള്‍ എങ്കിലും ഇന്ത്യയില്‍ പരുവപ്പെട്ട് കാനഡയില്‍ മികച്ച രീതിയില്‍ വ്യാപിച്ചിരിക്കുകയാണ് ഈ കാംപെയ്ന്‍. ടിറ്റ്വറില്‍ സ്‌ട്രോസ്‌സക്‌സ് ഹാഷ്ടാഗില്‍ തുടങ്ങിയ കാംപെയ്‌നിന്റെ ചുവടുപിടിച്ച് നിരവധി റെസ്റ്റൊറന്റുകള്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്.

ലോകത്താകമാനം ദിവസംതോറും ദശലക്ഷക്കണക്കിന് പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ദിനംപ്രതി അമേരിക്കയില്‍ മാത്രം ഇതിന്റെ ഉപയോഗം 500 ദശലക്ഷമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്ന ഇത്തരം പ്ലാസ്റ്റിക് സ്‌ട്രോകള്‍ ബീച്ചുകളിലും മറ്റും നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ട്രാവല്‍ ഗൈഡ് പ്രസാധകരായ ലോണ്‍ലി പ്ലാനറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2050ല്‍ സമുദ്രങ്ങളില്‍ മത്സ്യസമ്പത്തിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടുമെന്നാണ് വിവിധ കണക്കുകള്‍ അടിവരയിടുന്നത്.

ഭൂമിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കെതിരെയുള്ള കാംപെയ്‌നിന് തുടക്കമിട്ടത് മള്‍ബറി ലൈഫ്‌സ്റ്റൈലിന്റെ ഉടമയും ഡിസൈനറുമായ കനിഷ്‌ക പൊഡാറാണ്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യബിള്‍ കിച്ചണ്‍ + ടാവേന്‍ എന്ന റെസ്‌റ്റൊറന്റ്, മേഖലയില്‍ നടപ്പാക്കിയ പ്ലാസ്റ്റിക് സ്‌ട്രോ നയമാണ് അദ്ദേഹത്തെ ഈ കാംപെയ്‌നിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചോദനം നല്‍കിയത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാത്രം സ്‌ട്രോകള്‍ ലഭ്യമാക്കിയാണ് റെസ്‌റ്റൊറന്റിന്റെ പ്രവര്‍ത്തനം. ഇതുവഴി 3 ദശലക്ഷത്തോളം പ്ലാസ്റ്റിക് സ്‌ട്രോകള്‍ സോഷ്യബിള്‍ കിച്ചണിന്റെ ശേഖരത്തില്‍ ഉപയോഗിക്കാതെയുണ്ട് എന്നതാണ് ഏറെ അതിശയിപ്പിക്കുന്ന വസ്തുത. ഏതൊരു പാനീയവും സ്‌ട്രോ ഉപയോഗിച്ച് കുടിക്കാന്‍ വെറും 200 സെക്കന്റ് മാത്രം മതിയാകും. എന്നാല്‍ അതേ സ്‌ട്രോ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാക്കാന്‍ 200 വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. ഈ ആശയമാണ് സ്‌ട്രോ ഉപയോഗത്തിനെതിരെ ഇത്തരത്തില്‍ ഒരു കാംപെയ്ന്‍ തുടങ്ങാന്‍ പിന്‍ബലമേകിയത്- കനിഷ്‌ക പറയുന്നു.

സ്‌ട്രോസക്‌സ് കാംപെയ്‌നിന് പിന്തുണ നല്‍കി അമ്പതോളം സ്ഥാപനങ്ങള്‍ ഇതിനോടകം പ്ലാസ്റ്റിക് സ്‌ട്രോകള്‍ നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഈ റെസ്‌റ്റൊറന്റുകളിലെത്തിയാല്‍ ഓരോ ടേബിളിലും പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കെതിരെയുള്ള ബ്രോഷര്‍ സ്റ്റാന്‍ഡികള്‍ കാണാനാകും

സ്‌ട്രോസ്‌സക്‌സ് കാംപെയ്‌നിന്റെ തുടക്കം

കനിഷ്‌കയും അദ്ദേഹത്തിന്റെ കാനഡയിലെ സുഹൃത്തായ കെയെന്ന എഹസാനിയും നടത്തിയ വിയറ്റ്‌നാം സന്ദര്‍ശനമാണ് സ്‌ട്രോസ്‌സക്‌സ് കാംപെയ്‌നിലേക്കു ശ്രദ്ധ തിരിയാന്‍ വഴിയൊരുക്കിയത്. അവധിക്കാല ആഘോഷത്തിനിടെ വിയറ്റ്‌നാമിലെ പ്രശസ്തമായ മ്യൂണി ബീച്ചില്‍ കണ്ട മാലിന്യ കാഴ്ച അവരെ തീര്‍ത്തും നിരാശരാക്കി. പ്ലാസ്റ്റിക് കുപ്പികളും ഇലാസ്റ്റിക് ബാന്‍ഡുകളും സ്‌ട്രോകളും കുമിഞ്ഞുകൂടി ആകെ മലീമസമായിരുന്നു കടല്‍ത്തീരങ്ങള്‍. ഇരുവരും ചേര്‍ത്ത് അവിടെ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം വെറും പന്ത്രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വൃത്തിയാക്കിയ തീരങ്ങളില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തലപൊക്കി തുടങ്ങിയിരുന്നു. കനിഷ്‌കയും കെയെന്നെയും വീണ്ടും അവിടം വ്യത്തിയാക്കി. ദിവസങ്ങളോളം ഈ പ്രവൃത്തി തുടര്‍ന്നുകൊണ്ടുതന്നെ അവര്‍ കടല്‍ത്തീരത്ത് എത്തുന്നവരോടും പ്രദേശിക കച്ചവടക്കാരോടും ഇതേക്കുറിച്ച് സംവദിച്ചു. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കാനായിരുന്നു ആഹ്വാനം. മ്യൂണി ബീച്ചിലെ മാലിന്യം നീക്കല്‍, വിവിധ രാജ്യങ്ങളിലേക്ക് പടന്നു പന്തലിക്കുന്ന ഒരു വലിയ ആശയത്തിന്റെ തുടക്കമാകുകയായിരുന്നു.

പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ഒന്നായതിനാല്‍ വേഗത്തിലുള്ള നിരോധനം സാധ്യമാക്കാനാകും. ഇതിനായി അവശ്യസന്ദര്‍ഭങ്ങളിലേക്ക് മാത്രം സ്‌ട്രോ ഉപയോഗിക്കാന്‍ ഓരോ വ്യക്തിയും വിചാരിച്ചാല്‍ മതിയാകുമെന്ന് അവര്‍ കണക്കുകൂട്ടി. വിയറ്റ്‌നാമിലെ അവധിക്കാലത്തിനു ശേഷം തിരിച്ചെത്തിയ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ഈ ആശയം ലോക സമൂഹത്തോട് പങ്കുവെച്ചു. തങ്ങളുടെ പരിശ്രമത്തിന് ദൂരവ്യാപകമായി പരിഹാരം കാണുന്നതിനായി അവര്‍ പല നാടുകളിലുള്ള പല ഭാഷകളിലുള്ള ആളുകളെ ഒരുമിച്ച് കൂട്ടാനും ശ്രമിച്ചു. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെറിയൊരു ശ്രദ്ധയിലൂടെ ഇല്ലാതാക്കാനാകുമെന്നുള്ള ഇവരുടെ വെളിപ്പെടുത്തല്‍ ആയിരക്കണക്കിനു ജനസമൂഹം സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

കനിഷ്‌കയുടെ മറ്റൊരു സുഹൃത്ത്, എഴുത്തുകാരിയും സംവിധായികയുമായ മാനസി ജെയിനിന്റെ സഹായത്തോടെ കാംപെയ്‌നിന്റെ വ്യാപിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കഴിവതും നിരോധിക്കാനുള്ള പരിപാടികളാണ് പിന്നീട് ആസൂത്രണം ചെയ്യപ്പെട്ടത്. ഇത്തരം പ്ലാസ്റ്റിക്കുകള്‍ സമൂഹത്തിനും നാടിനും സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള പൊതുജന ലഘുലേഘാ കാര്‍ഡുകളും സ്റ്റാന്‍ഡികളും വിതരണം ചെയ്യുകയുണ്ടായി.

പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരെ കണ്ണടയ്ക്കരുത്

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് എത്രതന്നെ അറിവുണ്ടായാലും പലരും അതു പ്രാവര്‍ത്തികമാക്കാന്‍ മെനക്കെടാറില്ല. ആളുകള്‍ പലപ്പോഴും അവരവരുടെ സൗകര്യാര്‍ത്ഥം വസ്തുതകള്‍ക്കു നേരെ കണ്ണടയ്ക്കുന്നതു മൂലമാണ് പരിസ്ഥിതി ദിനംപ്രതി മലിനമാക്കപ്പെടുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിലെ പാളിച്ചകളും പൊതു ശുചിത്വബോധവും ഇന്നും വലിയൊരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന രാജ്യത്ത് വ്യക്തികള്‍ സ്വയം തീരുമാനം എടുക്കുന്നതിലൂടെ മാത്രമേ ശുഭകരമായ ഒരു മാറ്റം സാധ്യമാകൂ. പ്ലാസ്റ്റിക്കിന്റെ ഉപഭോഗം സമുദ്രങ്ങളിലെ മത്സ്യസമ്പത്ത് കുറയുന്നതിലേക്ക് വിരല്‍ ചൂണ്ടുമ്പോഴെങ്കിലും മനുഷ്യര്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ചെറിയ ഉദ്യമത്തിലൂടെ തുടക്കമിട്ട് പ്ലാസ്റ്റിക് ഉപഭോഗത്തില്‍ ഒരു ശതമാനമെങ്കിലും കുറവു കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞാല്‍ അതു ഭാവിയിലേക്കുള്ള മികച്ച കാല്‍വെപ്പാകുമെന്നും കാംപെയ്‌നിന്റെ ഭാഗമായവര്‍ ചൂണ്ടിക്കാണിക്കുന്നു.

2015ല്‍ സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍, പ്ലാസ്റ്റിക് സ്‌ട്രോ മൂക്കില്‍ കുടുങ്ങിയ നിലയില്‍ കാണപ്പെട്ട ഒരു സമുദ്ര ആമയുടെ ദയനീയസ്ഥിതി കരളലിയിക്കുന്ന കാഴ്ചയായിരുന്നുവെന്ന് കനിഷ്‌ക ചൂണ്ടിക്കാണിക്കുന്നു. ഓരോ വ്യക്തിയും ഈ ദുരന്തത്തിന്റെ കാരണക്കാരാണ്. സമുദ്രത്തില്‍ ജീവിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു.

സ്‌ട്രോ ഓണ്‍ റിക്വസ്റ്റ് പോളിസി

ലോകമൊട്ടാകെയുള്ള കഫെ, ബാര്‍, റെസ്‌റ്റൊറന്റ് എന്നിവിടങ്ങളില്‍ ഉപഭോക്താവിന്റെ അഭ്യര്‍ത്ഥന പ്രകാരം മാത്രം സ്‌ട്രോ നല്‍കുന്ന നയം പ്രാവര്‍ത്തികമാക്കണമെന്നാണ് സ്‌ട്രോസ്‌സക്‌സ് കാംപെയ്ന്‍ ആഹ്വാനം ചെയ്യുന്നത്. കാംപെയ്‌നിന്റെ ഭാഗമായ സംഘങ്ങള്‍ ഇന്ത്യ, കാനഡ, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ സൗജന്യമായി ലഘുലേഖകളും പോസ്റ്ററുകളും നല്‍കി ഈ നയം പിന്തുടരാന്‍ സംരംഭകരോട് ആവശ്യപ്പെടുകയാണ്. കച്ചവടക്കാരോട് ഈ നയം പിന്തുടരാന്‍ പറയുമ്പോള്‍ തന്നെ ജനങ്ങളോട് സ്‌ട്രോ ഉപയോഗിക്കുന്നതിനായി രണ്ടു തവണ ചിന്തിക്കാനും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. വലുപ്പംകൊണ്ട് സ്‌ട്രോകള്‍ വളരെ ചെറുതും കനം കുറഞ്ഞതുമായതിനാല്‍ റീസൈക്കിള്‍ ബുദ്ധിമുട്ടാണ്, എന്നാല്‍ പ്ലാസ്റ്റിക് ആയതിനാല്‍ അത്ര വേഗത്തില്‍ മണ്ണില്‍ ലയിക്കുകയുമില്ല. ബീച്ചിലും കടല്‍ത്തിരകളിലും ഇതിന്റെ സാന്നിധ്യം ഏറിവരുന്നതിനാല്‍ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്‍മാരാകാന്‍ വൈകരുതെന്നും കാംപെയ്ന്‍ ഓര്‍മപ്പെടുത്തുന്നു.

കാംപെയ്‌നിന് പിന്തുണയേറുന്നു

സ്‌ട്രോസക്‌സ് കാംപെയ്‌നിന് പിന്തുണ നല്‍കി അമ്പതോളം സ്ഥാപനങ്ങള്‍ ഇതിനോടകം പ്ലാസ്റ്റിക് സ്‌ട്രോകള്‍ നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഈ റെസ്‌റ്റൊറന്റുകളിലെത്തിയാല്‍ ഓരോ ടേബിളിലും പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കെതിരെയുള്ള ബ്രോഷര്‍ സ്റ്റാന്‍ഡികള്‍ കാണാനാകും. കെയന്ന എഹസാനി തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാനഡയിലെ 20ല്‍പരം റെസ്റ്റൊറന്റുകളിലാണ് സ്‌ട്രോ ഓണ്‍ റിക്വസ്റ്റ് പോളിസി നടപ്പാലാക്കി വരുന്നത്. ഇപ്പോഴവര്‍ യൂറോപ്പിലുടനീളം സഞ്ചരിച്ച് ഈ നയത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ലണ്ടനില്‍ നിന്നുള്ള സഞ്ചാരി ആദം ഗാര്‍ഡ്‌നറും ഈ കാംപെയ്‌നൊപ്പം ചേര്‍ന്ന് കനിഷ്‌കയോടൊത്ത് ഇതിന്റെ പ്രചാരണ പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ ഈസി ഓള്‍ട്ടര്‍നേറ്റിവ് എന്ന പേരിലുള്ള സ്ഥാപനം വഴി പ്ലാസ്റ്റിക്കിനു പകരം ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് അദ്ദേഹം. മെറ്റല്‍ സ്‌ട്രോ, ബാംബൂ സ്‌ട്രോ തുടങ്ങിയവയാണ് പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പകരം നിര്‍ദേശിക്കുന്നവയുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കാംപെയ്ന് പിന്തുണ നല്‍കി ഇന്ത്യയില്‍ റാഞ്ചി, ഉദയ്പൂര്‍, ബാംധവ്ഖര്‍, ഡെല്‍ഹി എന്നിവിടങ്ങളിലുള്ള 20 ല്‍ പരം കഫേകള്‍ ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം മാത്രമാണ് നിലവില്‍ സ്‌ട്രോകള്‍ നല്‍കി വരുന്നത്. റിസോര്‍ട്ടുകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുന്നത് അടക്കമുള്ള പരിപാടികളും കാംപെയ്‌നിന്റെ ഭാഗമായി ഏറ്റെടുക്കാനും കനിഷ്‌കയും സംഘവും ആലോചിക്കുന്നുണ്ട്.

 

പ്ലാസ്റ്റിക് സ്‌ട്രോ വിമുക്ത നഗരം

അയര്‍ലണ്ടിലെ ആദ്യ പ്ലാസ്റ്റിക് സ്‌ട്രോ വിമുക്ത നഗരമാകാന്‍ ഒരുങ്ങുകയാണ് വെസ്റ്റ് പോര്‍ട്ട്. ഈ മാസം ഒന്നു മുതല്‍ പ്ലാസ്റ്റിക് സ്‌ട്രോ നിരോധനം നിലവില്‍ വന്ന മയോയിലെ ഈ പട്ടണം ഈ വര്‍ഷത്തെ ടൈഡി ടൗണ്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നയം നടപ്പിലാക്കിയത്. വെസ്റ്റ് പോര്‍ട്ട് ടൈഡി ടൗണ്‍ കമ്മറ്റിയുടേതാണ് പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക്കിനു പകരം പരിസ്ഥിതി സൗഹാര്‍ദമായി നിര്‍മിക്കുന്ന സ്‌ട്രോ ഉപയോഗിക്കാനാണ് ആഹ്വാനം. പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്കും പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതു സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ട ബില്‍ നിയമമായാല്‍ അതു ലംഘിക്കുന്നവര്‍ 100 ഡോളര്‍ പിഴയൊടുക്കേണ്ടി വരും.

 

Comments

comments

Categories: FK Special, Slider
Tags: Plastic, straw