ഭക്ഷ്യ സംസ്‌കരണ മേഖല 4 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും

ഭക്ഷ്യ സംസ്‌കരണ മേഖല 4 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും

‘ഓപ്പറേഷന്‍ ഗ്രീന്‍’ പദ്ധതിക്കുള്ള കരട് നയം സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖല 4 ലക്ഷം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. 15 പുതിയ മെഗാ ഫുഡ് പാര്‍ക്കുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനാലാണ് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി 3.85 ലക്ഷത്തിലധികം തൊഴിലുകളാണ് ഭക്ഷ്യ സംസ്‌കരണ മേഖല സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രധാന്‍ മന്ത്രി കിസാന്‍ സമ്പദ യോജനയുടെ കീഴില്‍ അനുമതി നേടിയ 122 പ്രോജക്റ്റുകളുടെ പ്രവര്‍ത്തനഫലമായി 3.4 ലക്ഷം പ്രത്യക്ഷ, പരോക്ഷ തൊഴിലുകള്‍ കൂടി സൃഷ്ടിക്കപ്പെടും. ഈ മേഖലയില്‍ ആഭ്യന്തര, ആഗോള കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുയാണ്. ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുന്നതിന് സ്വകാര്യ മേഖലയ്‌ക്കൊപ്പം ചേര്‍ന്ന് ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

2008-14 വരെയുള്ള കോണ്‍ഗ്രസ് ഭരണ കാലത്ത് മേഖല പൂര്‍ണമായും അസംഘടിതമായിരുന്നുവെന്നും ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നാല് വര്‍ഷ ഭരണകാലത്ത് ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ പരിവര്‍ത്തനം സംഭവിച്ചെന്നും ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ‘ഓപ്പറേഷന്‍ ഗ്രീന്‍’ പദ്ധതിക്കുള്ള കരട് നയം സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും ഈ പദ്ധതിക്ക് കീഴില്‍ പ്രോത്സാഹിപ്പിക്കും.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഭക്ഷ്യ സംസ്‌കരണം. എന്‍ഡി സര്‍ക്കാരിന്റെ കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 13 മെഗാ ഫുഡ് പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഈ മെഗാ ഫുഡ് പാര്‍ക്കുകള്‍ 3,34,854 തൊഴിലുകളാണ് സൃഷ്ടിച്ചത്. 20,725 കര്‍ഷകര്‍ക്ക് ഇവയുടെ പ്രയോജനം ലഭിച്ചു. മൊത്തം 42 ഫുഡ് പാര്‍ക്കുകളാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. നിലവിലുള്ള പാര്‍ക്കുകളുടെ മികച്ച പ്രവര്‍ത്തം ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് പുതിയ പാര്‍ക്കുകള്‍ക്കായുള്ള അനുമതി നല്‍കുകയുള്ളവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy