എംഎസ്എംഇകള്‍ക്ക് വേണ്ടിയുള്ള വായ്പാ ഗ്യാരന്റി 8,000 കോടി രൂപയാക്കി

എംഎസ്എംഇകള്‍ക്ക് വേണ്ടിയുള്ള വായ്പാ ഗ്യാരന്റി 8,000 കോടി രൂപയാക്കി

വായ്പാ മൂല്യത്തിന്റെ 75 ശതമാനമായി ഗ്യാരന്റി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വായ്പാ ഗ്യാരന്റി പദ്ധതിയില്‍ പൂര്‍ണമായ അഴിച്ചുപണികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. എംഎസ്എംഇകള്‍ക്കായുള്ള വായ്പാ ഗ്യാരന്റി ഫണ്ട് 8,000 കോടി രൂപയാക്കി വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരം യൂണിറ്റുകള്‍ക്കുള്ള വായ്പാ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ബാങ്കുകള്‍ക്കു പുറമേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക ഗ്യാരന്റി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എംഎസ്എംഇ സെക്രട്ടറി അരുണ്‍ കുമാര്‍ പാണ്ഡ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം വായ്പാ ഗ്യാരന്റി ഫണ്ട് 2500 കോടി രൂപയില്‍ നിന്ന് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. വായ്പാ മൂല്യത്തിന്റെ 75 ശതമാനമായി ഗ്യാരന്റി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തേയിത് 50 ശതമാനമായിരുന്നു. ചെറുകിട യൂണിറ്റുകളില്‍ ഫണ്ട് ലഭ്യത ഉറപ്പാക്കിക്കൊണ്ട് വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പാണ്ഡ പറഞ്ഞു. ഉയര്‍ന്ന ഗ്യരന്റി പരിരക്ഷയോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നത് ബാങ്കുകളെ സംബന്ധിച്ചും അനായാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഗ്യാരന്റിയോടെ നല്‍കുന്നു എന്നതിനാല്‍ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്കുകകള്‍ ന്യായമായ തലത്തിലേക്ക് താഴ്‌ത്തേണ്ടി വരും. ഇവ ഈട് ആവശ്യമില്ലാത്ത വായ്പകളാണെങ്കിലും തികച്ചും അനിവാര്യമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വായ്പയെടുക്കുന്നവരില്‍ നിന്ന് ചില ഈടുകള്‍ തേടാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ച് വരുന്നുണ്ട്.

നിര്‍ണായകമായ ഈ ഗ്യാരന്റി ഫണ്ടില്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ ഈ പദ്ധതിക്ക് കീഴില്‍ വര്‍ഷാവര്‍ഷം 19,000- 20,000 കോടി രൂപ വരെയുള്ള വായ്പകളാണ് ഒരു വര്‍ഷം അനുവദിച്ചിരുന്നത്. ഇപ്പോള്‍ ഈ ഗ്യാരന്റി പരിധി ഗണ്യമായി വര്‍ധിപ്പിച്ചിതിനാല്‍ വായ്പാ ഒഴുക്ക് 40,000 കോടി രൂപ മുതല്‍ 50,000 കോടി രൂപ വരയാകാം. ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ) ആണ് സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പയ്ക്ക് ഈടു നല്‍കുന്നത്.

Comments

comments

Categories: Business & Economy