സര്‍ക്കാര്‍ നിര്‍മിക്കുന്ന 70 ശതമാനം വീടുകളും ഇനി സ്ത്രീകളുടെ പേരില്‍: നരേന്ദ്രമോദി

സര്‍ക്കാര്‍ നിര്‍മിക്കുന്ന 70 ശതമാനം വീടുകളും ഇനി സ്ത്രീകളുടെ പേരില്‍: നരേന്ദ്രമോദി

ന്യൂഡെല്‍ഹി: പ്രധാന്‍മന്ത്രി ആവാസ് യോജന(പിഎംഎവൈ) പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുന്ന 70 ശതമാനം വീടുകളും സ്ത്രീകളുടെ പേരിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്കായുള്ള സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

ഭവനനിര്‍മാണ പദ്ധതി ഗുണഭോക്താക്കളുമായി സംസാരിച്ച മോദി മറ്റുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് പിഎംഎവൈ സ്‌കീം ഭവന നിര്‍മാണം മാത്രമല്ല, കുടിവെള്ള വിതരണം, ശൗചാലയ നിര്‍മാണം, ഗ്യാസ് സിലിണ്ടര്‍ വിതരണം, വൈദ്യുതീരകരണം എന്നീ മേഖലകളിലെല്ലാം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചതെന്ന് ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയില്‍ മൂന്ന് കോടി പേര്‍ക്കാണ് വീട് വെച്ചുനല്‍കുന്നത്. നഗരപ്രദേശങ്ങളില്‍ 1.2 കോടി വീടുകളാണ് പദ്ധതി പ്രകാരം നിര്‍മിച്ചുനല്‍കാന്‍ ലക്ഷ്യമിടുന്നത്.

ദാരിദ്ര്യ നിര്‍മാര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുദ്ര യോജന പോലുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ സ്ത്രീകളോട് അംഗമാകാനും മോദി ആവശ്യപ്പെട്ടു.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് വീട് നിര്‍മിക്കാന്‍ ഒരാളുടെ ജീവിതത്തിന്റെ പകുതിയും ചെലവഴിക്കും. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജീവിതം മുഴുവന്‍ സ്വന്തം വീട്ടില്‍ കഴിയാമെന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രര്‍, സ്ത്രീകള്‍, പട്ടികജാതി-പട്ടിക വര്‍ഗം, ഗോത്രസമൂഹം, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

comments