‘രുചി സോയ’ ഏറ്റെടുക്കാന്‍ സ്വിസ് ചലഞ്ച് രീതി

‘രുചി സോയ’ ഏറ്റെടുക്കാന്‍ സ്വിസ് ചലഞ്ച് രീതി

മുംബൈ: പാപ്പരത്ത കോടതി കയറിയ രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ രുചിസോയയെ ഏറ്റെടുക്കാന്‍ കടുത്ത പോരാട്ടം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വിസ് ചലഞ്ച് രീതിയില്‍ പ്രധാന ഇടപാടുകാരെ കണ്ടെത്താനാണ് ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്.

മത്സരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്രമുഖ വ്യവസായ ഗ്രൂപ്പ് അദാനി വില്‍മറും, യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുമാണ്. രുചി സോയയെ ഏറ്റെടുക്കാന്‍ ഇവര്‍ക്കു പുറമെ ദോഗ്‌റെജ് അഗ്രോവെറ്റയും ഇമാമി അഗ്രോടെക്കും മുന്നോട്ട് വന്നിട്ടുണ്ട്.

സ്വിസ് ചലഞ്ച് രീതി ഇന്ത്യയില്‍ പല സംസ്ഥാനങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. റോഡ്, വീട് നിര്‍മാണ പദ്ധതികള്‍ക്കും മറ്റും സ്വിസ് ചലഞ്ച് രീതിയാണ് അവസാന ഘട്ടത്തില്‍ പരീക്ഷിച്ചിട്ടുള്ളത്. ഇതിലൂടെ പ്രധാന കരാറുകാരെ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റന്‍സി കോഡിന്റെ(ഐബിസി) അടിസ്ഥാനത്തില്‍ സ്വിസ് ചലഞ്ച് രീതി നടപ്പിലാക്കുന്നത്.

രുചി സോയയെ ഏറ്റെടുക്കാനുള്ള ലേലത്തില്‍ അദാനി വില്‍മറും പതഞ്ജലിയും തങ്ങള്‍ നല്‍കുന്ന മൂല്യം എത്രയെന്ന് പ്രഖ്യാപിക്കണം. അദാനി വില്‍മറിന് ആദ്യ അവസരം നല്‍കിയാല്‍ ഇതിനെ എതിര്‍ത്ത് പതഞ്ജലിക്ക് മൂല്യപ്രഖ്യാപനം നടത്താം. ഈ രീതിയിലായിരിക്കും രുചി സോയയെ ആര് ഏറ്റെടുക്കുമെന്ന് നിശ്ചയിക്കുക.

അദാനി ഗ്രൂപ്പ് നല്‍കുന്നതിനെക്കാള്‍ 30 ശതമാനം ഉയര്‍ന്ന തുകയാണ് പതഞ്ജലിയുടെ ഓഫറെന്നാണ് വിവരം. ഇത് ഏകദേശം 3,300 കോടി രൂപയുടെ അടുത്ത് വരും. എഫ്എംസിജി വിപണിയില്‍ വലിയ വളര്‍ച്ചയാണ് പതഞ്ജലി നേടിക്കൊണ്ടിരിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ ഉല്‍പ്പാദന മേഖലയില്‍ രുചി സോയയെ ഏറ്റെടുക്കുന്നതിലൂടെ പതഞ്ജലിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താനാവും.

ഇത് സംബന്ധിച്ച് അദാനി ഗ്രൂപ്പിനും പതഞ്ജലിക്കും ഇ-മെയില്‍ അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് സൂചന.

12,000 കോടി രൂപയാണ് രുചി സോയയില്‍ നിന്നുള്ള കിട്ടാക്കടം. കഴിഞ്ഞ വര്‍ഷം രുചി സോയയെ ബാങ്കുകള്‍ പാപ്പരത്ത കോടതി കയറ്റിയിരുന്നു.

Comments

comments