ഇനി വാട്‌സ്ആപ്പ് ബാങ്കിംഗിന്റെ കാലം: കൊട്ടക് മഹീന്ദ്രാ ബാങ്കും ഐസിഐസിഐയും പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍

ഇനി വാട്‌സ്ആപ്പ് ബാങ്കിംഗിന്റെ കാലം: കൊട്ടക് മഹീന്ദ്രാ ബാങ്കും ഐസിഐസിഐയും പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍

മുംബൈ: എസ്എംഎസുകളേക്കാള്‍ ഇന്ന് ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന മെസ്സേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്. ഈ പ്ലാറ്റ്‌ഫോമിലൂടെ പണമിടപാടുകളും നടത്താന്‍ കഴിയുമെങ്കിലോ? അത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് രാജ്യത്തെ സ്വകാര്യ ബാങ്കുകളായ കൊട്ടക് മഹീന്ദ്രാ ബാങ്കും ഐസിഐസിഐയും.

വാട്‌സ്ആപ്പ് ബാങ്കിംഗിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും തങ്ങളാണ് ഇന്ത്യയില്‍ ഇതാദ്യമായി തുടങ്ങുന്നതെന്നും കൊട്ടക് ബാങ്ക് അറിയിച്ചു. എന്നാല്‍ ഐസിഐസിഐ ബാങ്ക് എപ്പോള്‍ വാട്‌സ്ആപ്പ് ബാങ്കിംഗ് ആരംഭിക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച് വരുന്ന മെസേജിംഗ് ആപ്പ് ബാങ്കിംഗ് രംഗത്തേക്ക് കൂടി പ്രയോജനപ്പെടുത്തുന്നത് ഈ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് കൊട്ടക് ബാങ്ക് പറയുന്നു. ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍ ഇ-മെയില്‍ എന്നിവയുമായി ബന്ധിപ്പിച്ചായിരിക്കും വാട്‌സ്ആപ്പ് ബാങ്കിംഗിന്റെ പ്രവര്‍ത്തനങ്ങള്‍.

വാട്‌സ്ആപ്പ് ബാങ്കിംഗ് നടത്തുന്ന ആളുമായി ബന്ധപ്പെട്ടുള്ള എല്ലാ പുതുക്കിയ വിവരങ്ങളും ബാങ്കിന് കൈമാറിയ ശേഷമേ ഇത് സാധ്യമാവുകയുള്ളൂ. വാട്‌സ്ആപ്പ് ബാങ്കിംഗ് ഉപയോഗിച്ച് ബാങ്ക് വഴി നടത്താവുന്ന ഏത് ഇടപാടുകളും വളരെ എളുപ്പത്തില്‍ നടത്താന്‍ സാധിക്കും.

നിലവില്‍ ഐസിഐസിഐ ബാങ്കില്‍ ഇതിന്റെ പ്ലാന്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നാല് ആഴ്ചക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ബാങ്ക് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതിനുശേഷം ഓരോ ഉപഭോക്താവിന്റെയും വാട്‌സ്ആപ്പുകളിലും ഇത് സംബന്ധിച്ച അലേര്‍ട്ടുകള്‍ വരും.

പണമിടപാടുകളായതിനാല്‍ എല്ലാവിധ സുരക്ഷയും ഉറപ്പു വരുത്തിയ ശേഷമേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ. ഇതുവഴി വാട്‌സ്ആപ്പ് ഇതുവരെ തുടര്‍ന്നു വരുന്ന പ്രവര്‍ത്തികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പെയ്‌മെന്റ്‌സ് ആപ്ലിക്കേഷന്റെ ബീറ്റ വെര്‍ഷന്‍ ഉടന്‍ തന്നെ വാട്‌സ്ആപ്പ് ദേശീയതലത്തില്‍ അവതരിപ്പിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളുമായി ചേര്‍ന്ന് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ്(യുപിഐ) പ്ലാറ്റ്‌ഫോമിലാണ് ബീറ്റ വെര്‍ഷന്‍ പുറത്തിറക്കുന്നത്.

 

Comments

comments