ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 1% ഇടിവുണ്ടായേക്കുമെന്ന് എസ് & പി

ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 1% ഇടിവുണ്ടായേക്കുമെന്ന് എസ് & പി

വ്യാപാര യുദ്ധം വളര്‍ച്ചാ വേഗം നിയന്ത്രിക്കുമെങ്കിലും ഇത് ആഗോള സാമ്പത്തികമാന്ദ്യമാകാന്‍ സാധ്യതയില്ല

ന്യൂഡെല്‍ഹി: ചൈനയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം പൂര്‍ണമായ വ്യാപാര യുദ്ധത്തിലേക്ക് എത്തുകയാണെങ്കില്‍ ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ 100 ബേസിസ് പോയ്ന്റിന്റെ (ഒരു ശതമാനം) കുറവ് വന്നേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അനലിറ്റിക്‌സ് സംരംഭമായ എസ് ആന്‍ഡ് പി ഗ്ലോബലില്‍ നിന്നുള്ള ചീഫ് ഇക്ക്‌ണോമിസ്റ്റ് പോള്‍ ഗ്രൂവന്‍വാള്‍ഡ്. സിഎന്‍ബിസിയുടെ ‘സ്‌ക്വാക് ബോക്‌സ് യൂറോപ്പ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഈ വര്‍ഷവും അടുത്ത വര്‍ഷവും 3.9 ശതമാനമായിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ നിഗമനം. 2017ല്‍ 3.8 ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് കണക്കാക്കിയിട്ടുള്ളത്. ആഗോള ജിഡിപി വളര്‍ച്ച 2017ലെ 3.7 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 3.8 ശതമാനത്തിലെത്തുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ പ്രവചനം. എന്നാല്‍, വ്യാപാരം യുദ്ധം പൂര്‍ണമായ അവസ്ഥയിലേക്ക് എത്തുകയാണെങ്കില്‍ ഇത്തരം അന്താരാഷ്ട്ര സംഘടനകള്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കില്‍ ഒരു ശതമാനത്തോളം ഇടിവ് ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായേക്കുമെന്നാണ് പോള്‍ ഗ്രൂവന്‍വാള്‍ഡ് പറയുന്നത്.

വ്യാപാര യുദ്ധം വളര്‍ച്ചാ വേഗം നിയന്ത്രിക്കുമെങ്കിലും ഇതൊരു ആഗോള സാമ്പത്തികമാന്ദ്യമാകാന്‍ സാധ്യതയില്ല. പക്ഷെ, യുഎസും ചൈനയും യൂറോപ്പും ഒരേസമയം സാമ്പത്തികവളര്‍ച്ചയില്‍ പ്രതിസന്ധി നേരിട്ടേക്കാമെന്ന് പോള്‍ ഗ്രൂവന്‍വാള്‍ഡ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഏത് മാന്ദ്യവും ഇന്ത്യയെയും ബാധിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 7.7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഏഴ് പാദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന് വര്‍ഷത്തിനിടിയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയതായും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഈ രീതിയില്‍ സാമ്പത്തികമായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഇന്ത്യക്കും വ്യാപാര യുദ്ധം വെല്ലുവിളിയാകുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം.

സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് നീക്കത്തിനെതിരെ ലോക വ്യാപാര സംഘടനയില്‍ ഇന്ത്യ ഇതിനകം പ്രതിഷേധമറിയിച്ചിട്ടുണ്ട്. വ്യാപാര യുദ്ധം സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ പങ്കുവെക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു അടുത്താഴ്ച യുഎസ് സന്ദര്‍ശിക്കും.

Comments

comments

Categories: Business & Economy