എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ പരിസ്ഥിതി സൗഹൃദ ബഗ്ഗികള്‍ ഓട്ടം തുടങ്ങി

എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ പരിസ്ഥിതി സൗഹൃദ ബഗ്ഗികള്‍ ഓട്ടം തുടങ്ങി

കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ ദക്ഷിണ റെയ്ല്‍വേ എറണാകുളം സൗത്ത് ജംഗ്ഷന്‍ റെയ്ല്‍വേ സ്റ്റേഷനില്‍ മെയ്‌നി മെറ്റീരിയല്‍ മൂവ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബഗ്ഗി വാഹനങ്ങള്‍ പ്ലാറ്റ്‌ഫോം സര്‍വീസിനായി പുറത്തിറക്കി. നാലു പതിറ്റാണ്ടായി ഹരിത പരിസ്ഥിതിക്കായി മെയ്‌നി ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ മറ്റൊരു സുപ്രധാന കാല്‍വയ്പ്പാണിത്.

കൊച്ചി മുന്‍ മേയര്‍ കെ ജെ സോഹനാണ് ബാറ്ററി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഈ ബഗ്ഗികളുടെ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ബെംഗളൂരു, മുംബൈ സ്റ്റേഷനുകളില്‍ റെയ്ല്‍വേയുമായി ചേര്‍ന്ന് ഈ സേവനം കമ്പനി നല്‍കിവരുന്നുണ്ട്. 19 ബഗ്ഗികളാണ് അവിടങ്ങളില്‍ സേവനത്തിലുള്ളത്. 47 പേരടങ്ങുന്ന സംഘമാണ് അതിനു നേതൃത്വം നല്‍കുന്നത്.

ഡെല്‍ഹിയിലെ രാഷ്ട്രപതി ഭവന്‍, വിവിധ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങള്‍, രാജ്യത്തെ ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മെയ്‌നി ഗ്രൂപ്പ് ഇലക്ട്രിക് ബഗ്ഗി സര്‍വീസ് നടത്തിവരുന്നു. വൈകാതെ രാജ്യത്തെ എട്ടു പ്രമുഖ റെയ്ല്‍വേ സ്റ്റേഷനുകളില്‍ കൂടി സേവനം ആരംഭിക്കും.
എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു ദൈര്‍ഘ്യം കൂടുതലാകയാല്‍ ഈ ബഗ്ഗികളുടെ സേവനം തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നു സ്റ്റേഷന്‍ ഡയറക്റ്റര്‍ ഹരികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

അഭിമാനകരമായ അവസരമാണിതെന്നു മെയ്‌നി ഗ്രൂപ്പ് ചെയര്‍മാന്‍ സന്ദീപ് കുമാര്‍ മെയ്‌നി പറഞ്ഞു. സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുന്ന ഹരിത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. കൂടുതല്‍ ട്രെയ്ന്‍ യാത്രക്കാര്‍ക്കു പ്രയോജനപ്രദമാകുന്ന രീതിയില്‍ ഈ സേവനം മറ്റിടങ്ങളിലേക്കും വിപുലമാക്കാന്‍ കഴിയുമെന്നാണു കമ്പനിയുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
30 രൂപയാണ് ബഗ്ഗി സര്‍വീസിന്റെ നിരക്ക്. യാത്രക്കാര്‍ക്ക് ബഗ്ഗി യാത്രാ സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യാനാവും. ബുക്കിംഗ് കോണ്ടാക്റ്റ് നമ്പര്‍ റെയ്ല്‍വേയുടെ ഐആര്‍ടിസി വെബ്‌സൈറ്റില്‍ ലഭ്യമാണ്. 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും. ചടങ്ങില്‍ മെയ്‌നി വൈസ് പ്രസിഡന്റ് ആര്‍ പ്രഹഌദ്, മെയ്‌നി മെറ്റീരിയല്‍ മൂവ്‌മെന്റ്‌സിന്റെ ബഗ്ഗി സര്‍വീസസ് സീനിയര്‍ മാനേജര്‍ പീറ്റര്‍ ഡിമെല്ലോ എന്നിവരും സംബന്ധിച്ചു.

 

 

Comments

comments

Categories: More