നാല് പൊതുമേഖല ബാങ്കുകളെ കൂടി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിസന്ധി തീരാന്‍ ഈ ലയനം സഹായിക്കുമോ
ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് നാല് പൊതുമേഖല ബാങ്കുകളെ കൂടി ലയിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാല് പൊതുമേഖല സ്ഥാപനങ്ങളുടെ ലയനമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ലയനം യാഥാര്‍ത്ഥ്യമായാല്‍ ഏകദേശം 16.58 ട്രില്ല്യണ്‍ രൂപയുടെ ആസ്തിയുള്ള വമ്പന്‍ സംരംഭമാകും പുതുതായി പിറക്കുക. അതായത് എസ്ബിഐ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കെന്ന സ്ഥാനം നേടും പുതിയ സ്ഥാപനം. 2017 ഏപ്രില്‍ മാസത്തിലാണ് നാല് അസോസിയേറ്റ് ബാങ്കുകളേയും ഭാരതീയ മഹിളാ ബാങ്കിനെയും കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയില്‍ ലയിപ്പിച്ചത്. ഇതോടെ ആഗോള ബാങ്കിംഗ് ഭീമന്മാരുടെ പട്ടികയിലേക്ക് എസ്ബിഐ ഉയര്‍ന്നിരുന്നു.
ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടം എന്ന വലിയ പ്രതിസന്ധിക്കുള്ള പരിഹാരം എന്ന നിലയിലാണ് ലയനത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നത്. 2017 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം എല്ലാ പൊതുമേഖല ബാങ്കുകളുടെയും കൂടി കിട്ടാക്കടം 7.24 ലക്ഷം കോടി രൂപയായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. 2014 മാര്‍ച്ച് 31ന് ശേഷം മൂന്നര മടങ്ങ് വര്‍ധനയാണ് പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടത്തിലുണ്ടായിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മുകളില്‍ പറഞ്ഞ നാല് ബാങ്കുകളുടെയും ചേര്‍ത്തുള്ള നഷ്ടം ഏകദേശം 21,600 കോടി രൂപയോളം വരും. ഇതില്‍ മൂന്ന് ബാങ്കുകളാകട്ടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുത്തല്‍ നടപടി പട്ടികയിലിടം നേടിയിട്ടുമുണ്ട്. ഇങ്ങനെ നഷ്ടം വരുത്തുന്ന നാല് ബാങ്കുകളെ തമ്മില്‍ ലയിപ്പിച്ചാല്‍ ഒരു മികച്ച ബാങ്കിനെ സൃഷ്ടിക്കാന്‍ സാധിക്കുമോ? ആപേക്ഷികമാണ് ചോദ്യം. പക്ഷേ ലയനശേഷം ഉയരുന്നത് ഒരു സൂപ്പര്‍ ബാങ്കായിരിക്കുമെന്ന ഉറപ്പൊന്നും ഇല്ല.
നാല് ബാങ്കുകളുടെയും പ്രശ്നങ്ങള്‍ അതത് ബാങ്കുകളുടെ പ്രവര്‍ത്തന രീതിയും നഷ്ടകണക്കുകളും അനുസരിച്ച് അഭിമുഖീകരിക്കുകയാണ് വേണ്ടത്. അല്ലാതെ എല്ലാത്തിനുമുള്ള ഒറ്റമൂലി ലയനം എന്ന സിദ്ധാന്തം പ്രാവര്‍ത്തികമാകില്ല. കിട്ടാക്കടത്തിന്റെ കാര്യത്തില്‍ പോലും ലയനശേഷം നല്ല വാര്‍ത്ത കേള്‍ക്കണമെന്നുമില്ല.
നാല് ബാങ്കുകളെ ലയിപ്പിക്കുമ്പോഴുള്ള മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം ജീവനക്കാരുമായി ബന്ധപ്പെട്ടതാണ്. കുറേ ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വരും. നിരവധി ജീവനക്കാര്‍ക്ക് ജോലിയും നഷ്ടമായേക്കും. ഇത്തരമൊരു സാഹചര്യം ഈ കാലഘട്ടത്തില്‍ അഭികാമ്യമല്ല. അത്തരമൊരു ലയനത്തിന്റെ ആവശ്യവുമില്ല. ഒരു നിശ്ചിത ശതമാനം ഓഹരി സര്‍ക്കാരിന്റെ കൈയില്‍ നിലനിര്‍ത്തിക്കൊണ്ട് ഇതില്‍ തെരഞ്ഞെടുത്ത ഒന്നോ രണ്ടോ ബാങ്കിനെ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കുകയാണ് കുറച്ചുകൂടി യുക്തമായ തീരുമാനം.