തെരുവില്‍ നിന്നും കേംബ്രിഡ്ജിലേക്ക് ചിറക് വിരിച്ച ‘സിറഗു’

തെരുവില്‍ നിന്നും കേംബ്രിഡ്ജിലേക്ക് ചിറക് വിരിച്ച ‘സിറഗു’

ദാരിദ്ര്യത്തില്‍ നിന്നും സമ്പത്സമൃദ്ധിയിലേക്കുള്ള ദൂരം ഇപ്പോഴും നടന്നു കയറേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ് എന്ന തിരിച്ചറിവാണ് ഉമ വെങ്കിടാചലം എന്ന ചെന്നൈ സ്വദേശിനിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് മുതല്‍ക്കൂട്ടായത്. സൂയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍ജിഒയിലൂടെ ഉമ തെരുവില്‍ അലയുന്ന രണ്ടു ലക്ഷത്തിലേറെ വരുന്ന കുട്ടികള്‍ക്കാണ് അക്ഷരവെളിച്ചം എത്തിച്ചിരിക്കുന്നത്. യാചകര്‍, അല്ലെങ്കില്‍ യാചകരുടെ മക്കള്‍ എന്ന ലേബലില്‍ മാത്രം ഒതുങ്ങേണ്ടിയിരുന്ന കുട്ടികളില്‍ ബഹുഭൂരിപക്ഷവും ഇന്ന് വ്യക്തമായ ഒരു മേല്‍വിലാസം ഉള്ളവരായി മാറിയിരിക്കുന്നു. കേംബ്രിഡ്ജ് സര്‍വകലാശാല വരെ എത്തിയിരിക്കുന്നു ഉമ കൈപിടിച്ചു നടത്തിയ തെരുവിന്റെ മക്കള്‍. വിദ്യാഭ്യാസമാണ് ജീവിതത്തിലെ സകല ഉയര്‍ച്ചയുടെയും അടിസ്ഥാനം എന്നുറപ്പിച്ച് യാചകരുടെ മക്കളുടെ ഉന്നമനത്തിനായി തെരുവിലേക്കിറങ്ങിയ ഈ വനിത തന്നെയാണ് യഥാര്‍ത്ഥ ഹീറോ എന്ന് അവര്‍ ജീവിതം കൊണ്ട് തന്നെ തെളിയിക്കുന്നു…

ചെന്നൈ നഗരത്തിലെ ഓരോ ചേരികള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. കഷ്ടപ്പാടിന്റെ, വിശപ്പിന്റെ, ദാരിദ്ര്യത്തിന്റെ, സഹനത്തിന്റെ അങ്ങനെ ഒത്തിരിയൊത്തിരി കണ്ണ് നനയ്ക്കുന്ന കഥകള്‍. ആ കഥകള്‍ക്കെല്ലാം ഒടുവില്‍ പുഞ്ചിരിക്കുന്ന ഒരു നല്ല നാളെ കൂടി ഒളിച്ചിരിപ്പുണ്ടായിരുന്നു.അധ്യാപികയായ ഉമ വെങ്കിടാചലം തമിഴ്‌നാട്ടിലെ യാചകരുടെ ഇടയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും ശേഷവുമുള്ള ആ കഥകളില്‍ ഒരുപാട് ജീവിതങ്ങള്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. പിഎച്ഡി ബിരുദധാരിയും അധ്യാപികയുമായ ഉമ വെങ്കിടാചലം തീര്‍ത്തും അവിചാരിതമായാണ് സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. അതിനു നിദാനമായതാകട്ടെ, ദാരിദ്യ്രത്തെയും കഷ്ടപ്പാടിനെയും കുറിച്ച് ഒരു 13 കാരി ഐക്യരാഷ്ട്ര സാംബയില്‍ നടത്തിയ പ്രസംഗവും.

ദാരിദ്യം എന്തെന്ന് അറിയാതെ വളര്‍ന്ന ഒരു ബാല്യമായിരുന്നു ഉമയുടേത്. അതുകൊണ്ട് തന്നെ സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പറ്റി ഉമ ബോധവതിയായിരുന്നില്ല. എന്നാല്‍ ആ പതിമൂന്നുകാരിയുടെ പ്രസംഗം കേട്ട ശേഷം ഉമ ഏറെ ആലോചിച്ചു. ജീവിക്കാനുള്ള സകല സാഹചര്യങ്ങളും ലഭിച്ചിരിക്കുന്ന നമ്മള്‍ എല്ലാവരും എത്ര ഭാഗ്യം ചെയ്തവരാണ്.ദാരിദ്യ്രത്തെ മുഖാമുഖം കാണുന്ന സോമാലിയ പോലുള്ള രാജ്യങ്ങളില്‍ ജനിക്കാഞ്ഞത് എത്ര നന്നായി. എന്നാല്‍ സോമാലിയയിലെ ജനങ്ങളുടേതിന് തുല്യമായി ദാരിദ്യത്തില്‍ കഴിയുന്ന ഒരു വിഭാഗം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് എന്നത് ഉമ വെങ്കിടാചലത്തിനെ ഏറെ അസ്വസ്ഥയാക്കി.

യാചകര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ വിഭാഗത്തിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചാല്‍ പഠിച്ചു മിടുക്കരാകാന്‍ കഴിയുന്ന കുട്ടികള്‍ ഏറെയുണ്ടാകാം എന്ന ചിന്ത ഉമയിലെ സാമൂഹിക പ്രവര്‍ത്തകയെ ഉണര്‍ത്തി. വിദേശ രാജ്യങ്ങളിലുള്ളവരില്‍ പലരും ഇന്ത്യയെ കാണുന്നത് യാചകരുടെ രാജ്യമായിട്ടാണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ യാചകരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം അഞ്ചുലക്ഷത്തിന് മുകളില്‍ ആളുകള്‍ യാചകനായി നമ്മുടെ രാജ്യത്തുണ്ട്. ഇതില്‍ എല്ലാവരെയും പുതിയ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലെങ്കിലും തന്നാല്‍ ആവും വിധം അവര്‍ക്കായി പ്രവര്‍ത്തിക്കണം എന്ന് ഉമ തീരുമാനിച്ചു. അങ്ങനെ 1987 ല്‍ ഔദ്യോഗികമായ പിന്തുണ ഒന്നും കൂടാതെ തന്നെ ഉമ തെരുവിലേക്ക് ഇറങ്ങി.

തെരുവില്‍ നിന്നും വിദ്യാലയത്തിലേക്ക്

തെരുവില്‍ അലയുന്ന കുട്ടികളെ വിദ്യാസമ്പന്നരാക്കി, അറിവിലൂടെ അവരുടെ ജീവിതത്തെ മാറ്റാനായിരുന്നു ഉമ്മയുടെ തീരുമാനം. ഇതിനായി ഉമ തെരുവുകളിലും ട്രാഫിക് സിഗ്‌നലുകളിലും പാര്‍ക്കിലും ബീച്ചുകളിലും ഒക്കെയെത്തി അലഞ്ഞു നടന്നു ഭിക്ഷയാചിക്കുന്ന കുട്ടികളെ കണ്ടെത്തി. രണ്ടാം ഘട്ടം അവര്‍ക്കായി സ്‌കൂള്‍ കണ്ടെത്തുക എന്നതായിരുന്നു. ഭാര്യയുടെ ഈ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് മുത്തുരാമനും കൂടെ ചേര്‍ന്നു. എന്നാല്‍ യാചകരായ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് സ്‌കൂളുകള്‍ ഒന്നും തന്നെ തയ്യാറായില്ല. ഇരുവര്‍ക്കും നിരാശ മാത്രമായിരുന്നു ഫലം. എന്നാല്‍ ഏറ്റെടുത്ത ലക്ഷ്യത്തില്‍ നിന്നും തോറ്റു പിന്മാറാന്‍ ആ ദമ്പതിമാര്‍ ഒരുക്കമല്ലായിരുന്നു. തെരുവിന്റെ മക്കള്‍ക്കായി സിറഗു മോണ്ടിസോറി സ്‌കൂള്‍ എന്ന പേരില്‍ അവര്‍ സ്വയം ഒരു സ്‌കൂള്‍ ആരംഭിച്ചു.

താന്‍ തെരുവില്‍ നിന്നും കണ്ടെത്തിയ വിരലില്‍ എണ്ണാവുന്ന അത്ര കുട്ടികളുമായാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് എങ്കിലും സാവധാനം കുട്ടികളുടെ എണ്ണം കൂടി വന്നു.രാജ്യത്തെ മറ്റേതൊരു സ്‌കൂളിലെയും കുട്ടികളെപ്പോലെ യാചകരുടെ മക്കളെയും ഉമ പഠിപ്പിച്ചു.കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ അവര്‍ക്ക് ലഭിക്കണം എന്നത് ഉമ്മയുടെ വാശിയായിരുന്നു. അതിനാല്‍ നല്ല വസ്ത്രങ്ങള്‍, ആഹാരം, പഠന സൗകര്യങ്ങള്‍ എന്നിവ ഉമ കുട്ടികള്‍ക്കായി ഒരുക്കി. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗവും കരുണയുള്ളവര്‍ നല്‍കുന്ന സംഭാവനകളും കൂട്ടിച്ചേര്‍ത്താണ് സ്‌കൂളിന്റെ നടത്തിപ്പ് സുഖകരമാക്കിയിരുന്നത്.

ഉമ സിറഗു സ്‌കൂള്‍ തുടങ്ങുമ്പോള്‍ ഒരിക്കലും വിജയിക്കില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷങ്ങളില്‍ തന്നെ ആയിരത്തിഅഞ്ഞൂറോളം കുട്ടികള്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ചുവടുവച്ചെത്തി. അതില്‍ ഓരോ കുട്ടിയും വിജയഗാഥകള്‍ രചിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഉണ്ടാവില്ല.തന്റെ കുട്ടികളെ അവരുടെ ഇഷ്ടപ്രകാരം ഏതറ്റം വരെയും പഠിപ്പിക്കുവാന്‍ ഉം അതയ്യാറായി.ഉമയ്ക്ക് കൂട്ടായി ഭര്‍ത്താവ് മുത്തുരാമനും ഉണ്ടായിരുന്നു. 1999 ല്‍ സൂയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഉമ തന്റെ പ്രവര്‍ത്തങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. സ്ഥാപനത്തിലേക്ക് സംഭാവനകള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ എല്ലാത്തിനും കൃത്യമായ ഒരു കണക്ക് വേണമെന്നും തങ്ങളുടെ കാലശേഷം ഈ സ്ഥാപനം നടന്നു പോകണം എന്നും ആഗ്രഹിച്ചതിനാലാണ് അങ്ങനെ ചെയ്തത്.

കേംബ്രിഡ്ജ് വരെ എത്തി നില്‍ക്കുന്ന അഭിമാനം

ഒരിക്കല്‍ യാചകന്റെ മകന്‍ എന്ന പേരില്‍ അവഗണിക്കപ്പെട്ട കുട്ടി ഇന്ന് കേംബ്രിഡ്ജില്‍ പഠിക്കുന്നുണ്ട്. സിറഗുവില്‍നിന്നു പഠിച്ചു വളര്‍ന്ന കുട്ടികള്‍. രാജ്യത്തെ മുന്‍നിര ഐഐടികളില്‍ പഠിക്കുന്നുണ്ട്. അപ്പോളോ ആശുപത്രിയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതെല്ലം സാധ്യമാക്കിയത് ഉമയുടെ മനക്കരുത്ത് ഒന്നുമാത്രമാണ്. തെരുവിന്റെ മക്കളുടെ അമ്മയായും അധ്യാപികയായും ചേച്ചിയായും ഗുരുനാഥയായും എല്ലാമെല്ലാമായും ഇന്ന് ഉമ കൂടെയുണ്ട്.അപ്പോഴും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമെന്ന നിലയില്‍ നേടിയ ഈ വിജയം തന്റെ മാത്രം നേട്ടമല്ലെന്ന് ഉമ പറയുന്നു.

തെരുവിന്റെ മക്കള്‍ എന്ന പേരില്‍ അവഗണിക്കപ്പെടുന്ന ഓരോ കുട്ടിയും ഓരോ പ്രതിഭകളാണ് എന്നാണ് ഉമയുടെ പക്ഷം. അവരുടെ രക്ഷിതാവാകാന്‍ കഴിഞ്ഞത് തന്റെ അഭിമാനമായി ഉമ കാണുന്നു. ഉമയുടെ വിജയം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. വിജയത്തിന്റെ അങ്ങേയറ്റത്തേക്ക് പറക്കാന്‍ ചിറക് വിരിച്ച് സിറഗു മോണ്ടിസോറി വിദ്യാലയവും അമരത്ത് ഉമയും ക്ഷമയോടെ കാത്തിരിക്കുന്നു , ഈ അധ്യയന വര്‍ഷത്തില്‍ പുതിയ കുട്ടികള്‍ക്കായി

 

 

Comments

comments

Categories: Education, FK Special