യുഎഇയില്‍ ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

യുഎഇയില്‍ ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

60 ശതമാനത്തിലേറെ ജോലിക്കാര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യുന്നവരെന്ന് റിപ്പോര്‍ട്ട്

യുഎഇയില്‍ ഓഫീസ് ജോലി വീട്ടിലിരുന്നു ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി പഠനം. ഏകദേശം 60 ശതമാനത്തിലേറെ ജോലിക്കാര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യുന്നതായാണ് ഇന്റര്‍നാഷണല്‍ വര്‍ക്ക്‌പ്ലേസ് ഗ്രൂപ്പ് (ഐഡബ്ല്യൂജി) നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

50 ശതമാനം ആളുകള്‍ ആഴ്ചയില്‍ പകുതിയോളം ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ്. 10 ശതമാനത്തോളം ആളുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസവും ജോലി ചെയ്യുന്നത് വീടുകളില്‍ സൗകര്യപ്രദമായ അന്തരീക്ഷത്തിലാണെന്ന് പഠനം പറയുന്നു. ആഗോളവല്‍ക്കരണം, ആധുനിക സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങള്‍, തൊഴില്‍ നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം നിലവിലെ രീതിക്ക് പിന്തുണ നല്‍കിയതായി ഐഡബ്ല്യൂജി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്താകമാനം 70 ശതമാനം ജോലിക്കാര്‍ ഇത്തരത്തില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീടുകളിലിരുന്നു ജോലി ചെയ്യുന്നവരാണെന്നും പഠനം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം തൊഴിലിടങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പുതിയ പഠനമെന്ന് ഐഡബ്ല്യൂ ജി സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് ഡിക്‌സന്‍ പറഞ്ഞു. നിലവില്‍ ഓഫീസ് ജോലികള്‍ വീട്ടിലിരുന്നു കൃത്യമായി ചെയ്യുന്ന രീതികള്‍ ജോലിക്കാരില്‍ മാത്രമല്ല, ബിസിനസിലും പ്രകടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ നിരവധി സംരംഭങ്ങള്‍ അവരുടെ ജോലിക്കാര്‍ക്ക് സൗകര്യപ്രദമായ ജോലി സമയം അനുവദിക്കുന്നതായി പഠനത്തിലൂടെ മനസിലാക്കാനായിട്ടുണ്ട്.

സര്‍വേയില്‍ പങ്കെടുത്ത ജോലിക്കാരില്‍ 84 ശതമാനം ആളുകളും വീട്ടിലിരുന്നു ജോലി ചെയ്താല്‍ മികച്ച കഴിവ് പുറത്തെടുക്കാന്‍ കഴിയുമെന്ന അഭിപ്രായക്കാരാണ്. 44 ശതമാനം ആളുകള്‍ ജോലിയില്‍ സംത്യപ്തിയുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. പുതുതായി ജോലി അന്വേഷിക്കുന്നവര്‍ പോലും തൊഴിലിടങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ഏറെ താല്‍പര്യം കാണിക്കുന്നുവെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്.

Comments

comments

Categories: Arabia, FK News