ദുബായ് എയര്‍പോര്‍ട്ടില്‍ പുതിയ സ്മാര്‍ട്ട്‌ഗേറ്റ് സംവിധാനം നടപ്പാക്കി

ദുബായ് എയര്‍പോര്‍ട്ടില്‍ പുതിയ സ്മാര്‍ട്ട്‌ഗേറ്റ് സംവിധാനം നടപ്പാക്കി

പുതിയ സംവിധാനത്തിന്റെ സഹായത്തോടെ പാസ്‌പോര്‍ട്ട് നിരീക്ഷണ നിയന്ത്രണങ്ങള്‍ വെറും പത്ത് സെക്കന്റില്‍ പൂര്‍ത്തിയാക്കാനാകും

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2ല്‍ പുതിയ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം നിലവില്‍ വന്നു. പുതിയ പരിഷ്‌കരണത്തിന്റെ സഹായത്തോടെ ഇനിമുതല്‍ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിരീക്ഷണ നിയന്ത്രണങ്ങള്‍ വെറും പത്ത് സെക്കന്റില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) അറിയിച്ചു.

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്, ഫേസ് റെക്കഗ്നീഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് നിയന്ത്രണങ്ങള്‍ എളുപ്പത്തിലാക്കി ബാഗേജുകള്‍ സ്വീകരിക്കാന്‍ ഇതുവഴി കഴിയും. യുഎഇ വാലെറ്റ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ബയോമെട്രിക് പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഗേറ്റിലൂടെയുള്ള യാത്ര പ്രയോജനപ്പെടുത്താം

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2ല്‍ പതിനെട്ടോളം സ്മാര്‍ട്ട് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ പത്തെണ്ണം എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കുന്ന മേഖലയിലും എട്ടെണ്ണം പുറത്തേക്കുള്ള കവാടത്തിനരികിലുമായാണ് സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 25 ദശലക്ഷത്തോളം അതിഥികള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന എക്‌സ്‌പോ 2020ലേക്കുള്ള പ്രവേശന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

ഭാവിയുടെ പ്രതീകമെന്നു വിശേഷിപ്പിക്കാവുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ലോകത്തിലാദ്യമായി ദുബായില്‍ നടപ്പിലാകുകയാണെന്ന് ജിഡിആര്‍എഫ്എ ഡയറക്റ്റര്‍ ജനറലായ മേജര്‍ ജനറല്‍ മൊഹമ്മദ് അഹമ്മദ് അല്‍ മാരി പറഞ്ഞു. പാസ്‌പോര്‍ട്ട് മുദ്ര പതിപ്പിക്കുന്നതിനും മറ്റുമായി യാത്രക്കാര്‍ ഇനി ക്യൂവില്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ല. സെക്കന്റുകള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് സംവിധാനം സാധ്യമായി ഗേറ്റ് കടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്, ഫേസ് റെക്കഗ്നീഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് നിയന്ത്രണങ്ങള്‍ എളുപ്പത്തിലാക്കി ബാഗേജുകള്‍ സ്വീകരിക്കാന്‍ ഇതുവഴി കഴിയും. മുഖം തിരിച്ചറിയുന്ന ഡാറ്റാ അടക്കം ഫിംഗര്‍പ്രിന്റ്, ഐറിസ് സ്‌കാന്‍, പാസ്‌പോര്‍ട്ടിലെ ഡാറ്റാകള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ വാലെറ്റ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ബയോമെട്രിക് പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഗേറ്റിലൂടെയുള്ള യാത്ര പ്രയോജനപ്പെടുത്താമെന്ന് എയര്‍പോര്‍ട്ടിലെ പാസ്‌പോര്‍ട്ട് വിഭാഗം അസിസ്റ്റന്റ് ഡയറക്റ്റര്‍ ജനറല്‍ ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാംഗിതി പറഞ്ഞു.

 

Comments

comments

Categories: Arabia, FK News, Slider

Related Articles