ഹൈ ടെക്ക് മേഖലകളിലായി ദുബായില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നു

ഹൈ ടെക്ക് മേഖലകളിലായി ദുബായില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നു

യുഎസ്, യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപ പദ്ധതികളിലൂടെയാണ് രാജ്യം മികച്ച വിദേശ നിക്ഷേപ വളര്‍ച്ച കൈവരിച്ചിരിക്കുന്നത്

വിദേശ നിക്ഷേപകരുടെ ഇഷ്ടസ്ഥലമായി ദുബായ് കുതിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദുബായ് എഫ്ഡിഐ മോണിട്ടര്‍ റിപ്പോര്‍ട്ടിന്റെ വാര്‍ഷിക കണക്കുകള്‍ പ്രകാരം രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോത് ഗണ്യമായി വര്‍ധിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം 27.3 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപമാണ് രാജ്യത്തേക്ക് എത്തിയിരിക്കുന്നത്. ഇത് മുമ്പത്തെ വര്‍ഷത്തേക്കാളും 7. 1 ശതമാനം കൂടുതലാണ്.

ദുബായ്, യുഇഇ എന്നിവിടങ്ങളില്‍ ബിസിനസ് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനായതും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതിലുമുള്ള വിശ്വാസമാണ് നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിക്കാന്‍ കാരണമായതെന്ന് ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പ്രദേശിക, അന്തര്‍ദേശീയ തലത്തിലുള്ള നിക്ഷേപത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ രാജ്യത്തിനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ്, യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപ പദ്ധതികളിലൂടെയാണ് രാജ്യം മികച്ച വിദേശ നിക്ഷേപ വളര്‍ച്ച കൈവരിച്ചിരിക്കുന്നതെന്ന് ഓദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള വിദേശ നിക്ഷേപത്തില്‍ 3.5 ശതമാനം ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യകള്‍ പ്രോല്‍സാഹിപ്പിക്കുന്ന ഹൈ ടെക്ക് ബിസിനസ് സംരംഭങ്ങളിലാണ് നിക്ഷേപകര്‍ കൂടുതലായും താല്‍പര്യം കാണിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സംരംഭകര്‍ക്ക് നല്‍കുന്ന വര്‍ധിച്ച തോതിലുള്ള സേവനങ്ങളും ഉല്‍പ്പാദന സേവന മേഖലകളുടെ കാര്യക്ഷമതയും ഇതിന് സഹായകമായതായി ദുബായ് എഫ്ഡിഐ മോണിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ യുഎഇ, ദുബായ് സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ഇക്കണോമിക് ഫ്രീ സോണിലേക്കുള്ള രജിസ്‌ട്രേഷന്‍ നിരക്ക് കുറച്ചതും, ഫിന്‍ടെക് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതും കഴിഞ്ഞ മാസം കോര്‍പ്പറേറ്റ് ഉടമസ്ഥതയില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ അലോചിക്കുന്നതുമടക്കമുള്ള വിഷയങ്ങള്‍ വിദേശനിക്ഷേപ സൗഹൃദമെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായകമായിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ സാങ്കേതിക മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്ന നഗരങ്ങളില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനമാണ് ദുബായിക്ക്. പുതിയ നിക്ഷേപ പദ്ധതികളുടെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനവും പുനര്‍ നിക്ഷേപ പദ്ധതികളില്‍ അഞ്ചാം സ്ഥാനവും പുതിയ പദ്ധതികളിലേക്ക് മൂലധനമെത്തുന്നതില്‍ പത്താം സ്ഥാനവും നേടിയാണ് ദുബായ് മുന്നേറുന്നത്. ദുബായിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ എണ്ണത്തിലുള്ള വളര്‍ച്ചയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് വീക്ക് ദുബായിയുടെ വളര്‍ച്ചയ്ക്ക് പുത്തന്‍സാധ്യതകള്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. 2021 ഓടുകൂടി എണ്ണ ഇതര മേഖലയില്‍ നിന്നും യുഎഇ സമ്പദ് വ്യവസ്ഥയിലേക്ക് 80 ശതമാനം സംഭാവന നല്‍കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമവും ദുബായ് നടത്തുന്നുണ്ട്.

 

Comments

comments

Categories: Arabia, FK News