അനിഷ്ടവും വെറുപ്പും തോന്നുന്നത് ആരോഗ്യത്തിനു നല്ലതെന്നു പഠനം

അനിഷ്ടവും വെറുപ്പും തോന്നുന്നത് ആരോഗ്യത്തിനു നല്ലതെന്നു പഠനം

ലണ്ടന്‍: വെറുപ്പ് തോന്നുന്ന സ്വഭാവം നമ്മളില്‍ പലരും ഇഷ്ടപ്പെടുന്ന ഒന്നല്ല. എന്നാല്‍ അത് ആരോഗ്യത്തിനു നല്ലതാണെന്നു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ആറ് തരത്തിലുള്ള അനിഷ്ടങ്ങള്‍ അഥവാ വെറുപ്പ് തോന്നുന്ന അവസ്ഥ (disgust) നമ്മളെ അസുഖങ്ങളില്‍നിന്നും സംരക്ഷിക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപിക്കല്‍ മെഡിസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണു പുതിയ കണ്ടെത്തല്‍. 2,500 പേരില്‍ ഓണ്‍ലൈനില്‍ സര്‍വേ നടത്തിയാണു പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഫിലോസഫിക്കല്‍ ട്രാന്‍സാക്ഷന്‍സ് ഓഫ് ദി റോയല്‍ സൊസൈറ്റി എന്ന മാസികയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദൃശ്യമായ അണുക്കളെയും, പരജീവികളെയും മൈക്രോസ്‌കോപ്പിലൂടെ കണ്ടെത്തുന്നതിനു മുന്‍പു തന്നെ, ഉപദ്രവകാരികളായ പകര്‍ച്ചരോഗാണുക്കളില്‍നിന്നും രക്ഷ നേടാന്‍ ആറ് അനിഷ്ടങ്ങള്‍ മനുഷ്യന്‍ വികസിപ്പിച്ചെടുത്തിരുന്നെന്നു പഠനം വ്യക്തമാക്കുന്നു. മനുഷ്യരില്‍ അനിഷ്ടം എന്ന വികാരത്തെ ഉണര്‍ത്തുന്ന ഉത്തേജനങ്ങള്‍ (stimuli) പകര്‍ച്ചവ്യാധി രോഗം വ്യാപിപ്പിക്കുന്നതിലും ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒരു യാദൃശ്ചികതയാകാന്‍ സാധ്യതയില്ലെന്നു പഠനത്തിനു നേതൃത്വം നല്‍കിയ പ്രഫസര്‍ വാല്‍ കര്‍ട്ടിസും, പഠന റിപ്പോര്‍ട്ട് തയാറാക്കിയ മൈക്കിള്‍ ഡെ ബാരയും അഭിപ്രായപ്പെടുന്നു. അനിഷ്ടവും, വിരക്തിയുമൊക്കെ മനുഷ്യരെ രോഗാണുക്കളില്‍നിന്നും സംരക്ഷിക്കുകയാണ്. മോശം ശുചിത്വം, രോഗം വഹിക്കുന്ന മൃഗങ്ങള്‍, പ്രാണികള്‍ തുടങ്ങിയവ കാണുമ്പോള്‍ മനുഷ്യര്‍ ഭൂരിഭാഗവും അനിഷ്ടവും, വിരക്തിയുമൊക്കെ പ്രകടിപ്പിക്കാറുണ്ട്. ഇത്തരം സ്വഭാവ സവിശേഷതകളാണ് ആരോഗ്യം പ്രദാനം ചെയ്യുന്നതെന്നു പഠനം വ്യക്തമാക്കുന്നു.

Comments

comments

Categories: FK News, Health