പുതുതലമുറയ്ക്ക് താങ്ങായി വാടക ഫര്‍ണിച്ചര്‍ വിപണി

പുതുതലമുറയ്ക്ക് താങ്ങായി വാടക ഫര്‍ണിച്ചര്‍ വിപണി

 

ആധുനിക തലമുറയുടെ ട്രെന്‍ഡിനൊപ്പം ചുരുങ്ങിയ കാലയളവിലേക്ക് ഫര്‍ണിച്ചര്‍ വാടകയ്ക്കു നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഏറിവരികയാണ്. മേഖലയില്‍ ഇത്തരം ചില ഓണ്‍ലൈന്‍ സംരംഭങ്ങളെ പരിചയപ്പെടാം

സ്വദേശം വിട്ട് തൊഴില്‍ അന്വേഷകര്‍ മറുനാടുകളിലേക്ക് ചേക്കേറുന്നത് അനുദിനം വര്‍ധിച്ചു വരികയാണിപ്പോള്‍. ആധുനിക തലമുറ ചുരുങ്ങിയ കാലയളവിലും എല്ലാവിധ സൗകര്യങ്ങളോടും കൂടി താമസിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടുതന്നെ അവര്‍ക്കാവശ്യമായ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കുന്ന സംരംഭങ്ങള്‍ പൊതുവെ സജീവമായിരിക്കുന്നു. ബാച്ച്‌ലേഴ്‌സ് മുതല്‍ ഒരു ചെറിയ കുടുംബത്തിന് വരെ ഇണങ്ങുന്ന വിധത്തില്‍ ഫര്‍ണിച്ചറുകള്‍ വാടക ഇനത്തില്‍, താങ്ങാനാവുന്ന നിരക്കില്‍ ഏര്‍പ്പാടാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് മെട്രോ നഗരങ്ങളില്‍ കൂടിവരികയാണ്. മേഖലയിലെ വര്‍ധിച്ച തോതിലുള്ള ഡിമാന്‍ഡ് തന്നെയാണ് ഇത്തരം സംരംഭങ്ങള്‍ കൂടുന്നതിനു പിന്നിലെ കാരണം. ഇന്ത്യയിലെ വാടക ഫര്‍ണിച്ചര്‍ വിപണി 2025 ഓടെ 800- 850 മില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സിന്റെ വിലയിരുത്തല്‍. ഇലക്ട്രോണിക് ഉപകരണ വിഭാഗം 500 മില്യണ്‍ ഡോളറും, ബൈക്ക് വിഭാഗം 300 മില്യണ്‍ ഡോളറിലും എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

2011- 14 കാലഘട്ടങ്ങളില്‍ ഈ മേഖലയിലെ ട്രെന്‍ഡിനൊപ്പം തുടക്കമിട്ട സ്റ്റാര്‍ട്ടപ്പുകളാണ്, നിലവില്‍ ഉയര്‍ന്ന തോതില്‍ നിക്ഷേപമുള്ള ഫര്‍ലെന്‍കോ, റെന്റോമോജോ എന്നിവര്‍. വര്‍ധിച്ചു വരുന്ന ആവശ്യകത മുന്‍നിര്‍ത്തി ഇവര്‍ക്കൊപ്പം മേഖലയില്‍ ഫര്‍ണിച്ചര്‍ വാടകയ്ക്കു നല്‍കുന്ന ചില ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടുത്തുകയാണിവിടെ.

ഗ്രാബ്ഓണ്‍റെന്റ്

ഐഐടി ഗുവാഹതി ബിരുദധാരികളായി നാലു ചെറുപ്പക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് തുടക്കമിട്ട സംരംഭമാണ് ഗ്രാബ്ഓണ്‍റെന്റ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനോടകം മൂന്ന് മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലായി 35000ല്‍പ്പരം ഉപഭോക്താക്കളുള്ള ഈ സംരംഭത്തിലെ ഉല്‍പ്പന്നങ്ങളുടെ വാടക നിരക്കിന്റെ തുടക്കം 500 രൂപ മുതലാണ്.

സിറ്റിഫര്‍ണിഷ്

2015ല്‍ 45 ലക്ഷം രൂപ നിക്ഷേപത്തില്‍ ഡെല്‍ഹി ആസ്ഥാനമായി തുടങ്ങിയ സംരംഭമാണ് സിറ്റിഫര്‍ണിഷ് . മൂന്നു വര്‍ഷത്തിനുള്ളില്‍ 6.5 കോടി രൂപയുടെ നിക്ഷേപം കമ്പനി നേടിയിട്ടുണ്ട്. ഓഫീസ്, ഗാര്‍ഹിക ഫര്‍ണിച്ചറുകള്‍ക്കു പുറമെ ഗാര്‍ഹിക ഇലക്ട്രോണിക്‌സ്, ഫിറ്റ്‌നസ് ഉപകരണങ്ങളും വാടക ഇനത്തില്‍ നല്‍കുന്നു. പൂനെ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലായി സേവന ശൃംഖല വ്യാപിപ്പിച്ചിരിക്കുന്ന ഇവര്‍ വാടകയ്‌ക്കെടുത്ത ഉല്‍പ്പന്നങ്ങള്‍ പിന്നീട് വാങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമാക്കുന്നുണ്ട്.

റെന്റിക്കിള്‍

എല്‍ജി, ലിവ്പ്യൂവര്‍ എന്നിവരുമായി പങ്കാളിത്തമുള്ള റെന്റിക്കിള്‍ രണ്ടു വര്‍ഷം മുമ്പ് ഡെല്‍ഹി ആസ്ഥാനമായാണ് രൂപം കൊണ്ടത്. 4. 25 മില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള കമ്പനിയിലെ പ്രതിമാസ വാടക തുടങ്ങുന്നത് 99 രൂപ മുതലാണ്. അടുത്തുതന്നെ കുട്ടികള്‍ക്കുള്ള വിവിധ ഉല്‍പ്പന്നങ്ങളും ഫിറ്റ്‌നസ് ഉപകരണങ്ങളും പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

റെന്റ്ഈസി

പിയര്‍ ടു പിയര്‍ മാതൃകയില്‍ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് റെന്റ്ഈസി. വീടുകളില്‍ അധികം ഉപയോഗിക്കാത്ത ഫര്‍ണിച്ചറുകള്‍ മറ്റൊരാള്‍ക്കു വാടകയ്ക്കു നല്‍കാന്‍ ഈ കമ്പനി സഹായിക്കും. ഫര്‍ണിച്ചറുകള്‍ വാടകയ്ക്കു നല്‍കുന്നവരില്‍ നിന്നും 2 ശതമാനം കമ്മീഷന്‍ ഈടാക്കുന്ന കമ്പനി, ഉപഭോക്താക്കളില്‍ നിന്നും 10 ശതമാനം കമ്മീഷന്‍ വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നൂറില്‍ പരം ഉല്‍പ്പന്ന നിരകളുമായി മേഖലയിലെ സജീവ സാന്നിധ്യമാണിവര്‍.

വോകോ

5 ലക്ഷം രൂപ നിക്ഷേപത്തില്‍ ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ ഈ സംരംഭത്തിന് നിലലില്‍ അയ്യായിരത്തില്‍ പരം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുണ്ട്. ഗുരുഗ്രാമിനു പുറമെ ഡെല്‍ഹിയിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

 

 

Comments

comments