മേയ് മാസത്തില്‍ 3 ലക്ഷം യാത്രാ വാഹനങ്ങള്‍ വിറ്റഴിച്ച് ഇന്ത്യന്‍ വിപണി

മേയ് മാസത്തില്‍ 3 ലക്ഷം യാത്രാ വാഹനങ്ങള്‍ വിറ്റഴിച്ച് ഇന്ത്യന്‍ വിപണി

25 ശതമാനം വില്‍പന വളര്‍ച്ചയുമായി മാരുതി സുസുക്കി വിപണി ആധിപത്യം തുടര്‍ന്നു; വാണിജ്യ, ഇരുചക്ര വാഹന വില്‍പനയിലും മുന്നേറ്റം

മുംബൈ: വിവിധ വിഭാഗങ്ങളിലെ വാഹന നിര്‍മാതാക്കള്‍ക്ക് പുതിയ ആവേശം നല്‍കി രാജ്യത്തെ വാഹന വില്‍പന വന്‍ തോതില്‍ കുതിച്ചുയര്‍ന്നു. മേയ് മാസത്തില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ എന്ന റെക്കോര്‍ഡ് നേട്ടം ഇന്ത്യന്‍ യാത്രാ വാഹന വിപണി നേടിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാണിജ്യ വാഹന നിര്‍മാതാക്കളും ഇരുചക്രവാഹന നിര്‍മാതാക്കളും ശക്തമായ വളര്‍ച്ചയാണ് ഇതേ കാലയളവില്‍ സ്വന്തമാക്കിയത്. വില്‍പന ഏറ്റവും ഉയര്‍ന്ന് നിന്ന, കഴിഞ്ഞ സെപ്റ്റംബറിലെ ഉല്‍സവ സീസണിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, പുതിയ വാഹനങ്ങള്‍ പുറത്തിറക്കിയത്, വില വര്‍ധന പ്രതീക്ഷിച്ചുകൊണ്ട് ഉപഭോക്താക്കള്‍ വാഹനങ്ങള്‍ മുന്‍കൂട്ടി വാങ്ങിയത് തുടങ്ങിയ കാരണങ്ങളാണ് വില്‍പന വളര്‍ച്ചയിലേക്ക് പ്രധാനമായും നയിച്ചതെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

മാരുതി സുസുകി സ്വിഫ്റ്റ്, ഹോണ്ട അമേസ്, ടൊയോട്ട യാരിസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവയുടെ പുതിയ മോഡലുകള്‍ പുറത്തിറക്കിയതും വിലക്കയറ്റ നിരക്കിലെയും പലിശാ നിരക്കിലെയും സ്ഥിരതയുമാണ് യാത്രാ വാഹനങ്ങളുടെ വിഭാഗത്തിലെ വില്‍പന നേട്ടത്തിന് കാരണമായത്. യാത്രാ വാഹന വില്‍പന മേയില്‍ മൂന്ന് മുതല്‍ 3.05 ലക്ഷം യൂണിറ്റുകള്‍ വരെ വളര്‍ന്നു. 2017 മേയ് മാസത്തെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 19 മുതല്‍ 21 ശതമാനം വരെ വളര്‍ച്ചാ നിരക്കാണ് മേഖല നേടിയതെന്ന് കമ്പനികള്‍ പ്രത്യേകം പ്രത്യേകം പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച, പുതിയ വാഹനങ്ങള്‍ പുറത്തിറക്കിയത്, വില വര്‍ധന പ്രതീക്ഷിച്ചുകൊണ്ട് ഉപഭോക്താക്കള്‍ വാഹനങ്ങള്‍ മുന്‍കൂട്ടി വാങ്ങിയത് തുടങ്ങിയവയാണ് മുന്നേറ്റത്തിന് കാരണം

ശക്തമായ ഇരട്ടയക്ക വളര്‍ച്ചയാണ് വരും മാസങ്ങളിലും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെപ്പോലെ വിപണിയിലെ മേധാവിയായ മാരുതി സുസുകി തന്നെയാണ് വളര്‍ച്ചയെ നയിക്കുന്നത്. സ്വിഫ്റ്റ്, ബലേനോ, വിതാര ബ്രെസ്സ മോഡലുകളുടെ ശക്തമായ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ വില്‍പനയില്‍ 25 ശതമാനം വളര്‍ച്ച മാരുതി സുസുകി നേടി. 1,63,200 കാറുകളാണ് മാരുതി മേയ് മാസത്തില്‍ വിറ്റത്. 7.14 ശതമാനം വളര്‍ച്ച നേടിയ ഹ്യുണ്ടായ് ഇന്ത്യ 45,008 കാറുകള്‍ വിറ്റ് രണ്ടാം സ്ഥാനത്തെത്തി. പുതിയ മോഡലുകള്‍ പുറത്തിറക്കിയതിന്റെ പിന്‍ബലത്തില്‍ 41, 20, 35 ശതമാനം വളര്‍ച്ചയാണ് യഥാക്രമം ഹോണ്ട കാര്‍ ഇന്ത്യ (അമേസ്), ടൊയോട്ട കിര്‍ലോസ്‌കര്‍ (യാരിസ്), ഫോഡ് ഇന്ത്യ (ഫ്രീസ്റ്റൈല്‍) എന്നിവ നേടിയത്. ഹോണ്ട 15,864 കാറുകളും ടൊയോട്ട 13,113 കാറുകളും ഫോര്‍ഡ് 9,069 വാഹനങ്ങളും മേയില്‍ വിറ്റഴിച്ചു. നെക്‌സണ്‍ എസ്‌യുവി, ടിയാഗോ ഹാച്ച്ബാക്ക് എന്നിവയുടെ സുസ്ഥിരമായ ഡിമാന്‍ഡ് ടാറ്റ മോട്ടോര്‍സിന്റെ യാത്രാ വാഹന വില്‍പന 61 ശതമാനം വര്‍ധിപ്പിച്ചു. 17,489 കാറുകളാണ് ടാറ്റ വിറ്റത്. ഏഴ് പ്രമുഖ കാര്‍ നിര്‍മാതാക്കളില്‍ മഹീന്ദ്ര മാത്രമാണ് രണ്ട് ശതമാനം എന്ന നേര്‍ത്ത വളര്‍ച്ച നേടിയത്. മല്‍സര തീവ്രതയാണ് കമ്പനിയെ പിന്നോട്ടടിപ്പിച്ചത്. എങ്കിലും 20,715 വാഹനങ്ങളുടെ വില്‍പനയിലൂടെ കമ്പനി വിപണിയില്‍ മൂന്നാം സ്ഥആനം നിലനിര്‍ത്തി.

കുറഞ്ഞ അടിസ്ഥാന വിലയാണ് ശക്തമായ വില്‍പന വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ഹ്യുണ്ടായ് മോട്ടോര്‍സ് ഇന്ത്യ സെയ്ല്‍സ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഡിമാന്‍ഡ് ശക്തമായി നിലനില്‍ക്കുമെന്ന് പറഞ്ഞെങ്കിലും ഏതാനും വെല്ലുവിളികളെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘നിലവില്‍ അനുകൂലമായ വികാരമാണ് വിപണിയില്‍ പ്രകടമാകുന്നത്. വിവിധ കാര്‍ നിര്‍മാതാക്കള്‍ പുതിയ ഉല്‍പനങ്ങള്‍ പുറത്തിറക്കിയതും വിപണിയെ ആവേശത്തിലാക്കിയിട്ടുണ്ട്. വില വര്‍ധനവ് മുന്‍കൂട്ടി പ്രതീക്ഷിച്ച് മുന്‍കൂറായി വാഹനങ്ങള്‍ വാങ്ങിയതും വളര്‍ച്ച കൂട്ടി. വളര്‍ച്ചാ ഗതി തുടരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയും വര്‍ധിക്കുന്ന പലിശാ നിരക്കുമായി ബന്ധപ്പെട്ട ഭീതി, പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം,” ശ്രീവാസ്തവ പറഞ്ഞു.

വിപണിയിലെ പ്രവണതയോട് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ അനുരാഗ് മല്‍ഹോത്രയും അനുകൂലമായി പ്രതികരിച്ചു. മികച്ച മണ്‍സൂണും വളര്‍ച്ചയ്ക്ക് സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. ‘ഉയര്‍ന്ന വിലക്കയറ്റത്തിലേക്ക് നയിച്ചേക്കാവുന്ന ഉല്‍പന്ന, ഇന്ധന വില വര്‍ധനയുമായി ബന്ധപ്പെട്ട് മേഖല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

വാണിജ്യ വാഹന ശ്രേണിയില്‍ ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാന്‍ഡ്, വിഇ കൊമേഷ്യല്‍ വെഹിക്കിള്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയും മേയില്‍ ശക്തമായ ഇരട്ടയക്ക വളര്‍ച്ച നേടി. മെച്ചപ്പെട്ട വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, പശ്ചാത്തല സൗകര്യ വികസനം തുടങ്ങിയവ വില്‍പന വളര്‍ച്ചയെ സഹായിച്ചുവെന്ന് ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന ബിസിനസ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.

 

 

 

Comments

comments

Categories: Auto, Business & Economy