ബാങ്കുകളുടെ മൂലധന വര്‍ധനക്ക് സര്‍ക്കാര്‍ നല്‍കിയ 88,000 കോടി കടത്തില്‍ മുങ്ങി

ബാങ്കുകളുടെ മൂലധന വര്‍ധനക്ക് സര്‍ക്കാര്‍ നല്‍കിയ 88,000 കോടി കടത്തില്‍ മുങ്ങി

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 21 ല്‍ 19 പൊതുമേഖലാ ബാങ്കുകളുടെയും കൂടി സംയോജിത നഷ്ടം 87,583 കോടി രൂപ

ന്യൂഡെല്‍ഹി: കടക്കെണിയിലായ പൊതുമേഖലാ ബാങ്കുകളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 88,000 കോടിയോളം രൂപയുടെ മൂലധന വര്‍ധനാ പാക്കേജും കിട്ടാക്കടത്തിന്റെ കുത്തൊഴുക്കില്‍ പെട്ടെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കില്ലെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ അതിജീവനക്ഷമതാ റേറ്റിംഗിനെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ് കിട്ടാക്കടങ്ങളുടെ ഫലമായുണ്ടായിട്ടുള്ള വന്‍ നഷ്ടങ്ങളെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ ഫണ്ട് ലഭ്യതയില്‍ ഏറെ സ്ഥിരതയുണ്ടെന്നും സര്‍ക്കാര്‍ സഹായം തുടര്‍ന്നും മികച്ച രീതിയില്‍ ലഭിക്കുമെന്ന് നിക്ഷേപകര്‍ക്കും വായ്പാ ദാതാക്കള്‍ക്കും ആത്മവിശ്വാസമുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

വിജയ് മല്യയും നീരവ് മോദിയും മറ്റും നടത്തിയ വമ്പന്‍ ബാങ്ക് തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടുള്ള വായ്പാ സുരക്ഷ ശക്തമാക്കാന്‍ നടപ്പാക്കിയ കര്‍ശന നിയമ മാനദണ്ഡങ്ങള്‍ മൂലം കൂടുതല്‍ വായ്പകള്‍ നിഷ്്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചതാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കാന്‍ കാരണം. കിട്ടാക്കടത്തില്‍ വലയുന്ന 21 പൊതുമേഖലാ ബാങ്കുകളെ സാമ്പത്തികമായി ഉദ്ധരിക്കാന്‍ 80,000 കോടി രൂപയുടെ മൂലധന ബോണ്ടും 8,139 കോടി രൂപയുടെ ബജറ്റ് വിഹിതവുമാണ് ജനുവരി 25 ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. മൂലധന വര്‍ധനവിനായി കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ പ്രഖ്യാപിച്ച 2.1 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ ഭാഗമായാണ് ഈ വിഹിതം നല്‍കിയത്. എന്നാല്‍ കിട്ടാക്കടത്തിന്റെ വര്‍ധന, അനുവദിച്ച 88,000 കോടി രൂപയെ അപ്പാടെ വിഴുങ്ങിയെന്നാണ് ഫിച്ച് ചൂണ്ടിക്കാട്ടുന്നത്.

2017-18 സാമ്പത്തിക വര്‍ഷം 21 ല്‍ 19 പൊതുമേഖലാ ബാങ്കുകളും നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 87,583 കോടി രൂപയായിരുന്നു സംയോജിത നഷ്ടം. സ്വകാര്യ മേഖലാ ബാങ്കുകളും പതിവിന് വിപരീതമായി നഷ്ടത്തിലായി. ആക്‌സിസ് ബാങ്ക് ചരിത്രത്തിലെ ആദ്യ ത്രൈമാസ നഷ്ടം രേഖപ്പെടുത്തി. നീരവ് മോദി തട്ടിപ്പില്‍ അടിത്തറയിളകിയ പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം ആറ് പൊതുമേഖലാ ബാങ്കുകളുടെ കരുതല്‍ മൂലധന നിക്ഷേപം ആവശ്യമായതിലും താഴേക്ക് പോയി. വിജയ ബാങ്കും ഇന്ത്യന്‍ ബാങ്കും മാത്രമാണ് ലാഭമുണ്ടാക്കിയ പൊതുമേഖലാ ബാങ്കുകള്‍. വിജയ ബാങ്ക് 727.02 കോടി രൂപയും ഇന്ത്യന്‍ ബാങ്ക് 1258.99 കോടി രൂപയുമാണ് ലാഭമുണ്ടാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 38 ബാങ്കുകളുടെ ആകെ കിട്ടാക്കടം 10.17 ലക്ഷം കോടി രൂപയാണ്. 2017 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം ഇത് 8.40 ലക്ഷം കോടി രൂപയായിരുന്നു.

കിട്ടാക്കടത്തില്‍ വലയുന്ന 21 പൊതുമേഖലാ ബാങ്കുകളെ സാമ്പത്തികമായി ഉദ്ധരിക്കാന്‍ 80,000 കോടി രൂപയുടെ മൂലധന ബോണ്ടും 8,139 കോടി രൂപയുടെ ബജറ്റ് വിഹിതവുമാണ് ജനുവരി 25 ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

നിഷ്‌ക്രിയ ആസ്തികളുടെ പുനക്രമീകരണം, പൊതുമേഖലാ ബാങ്കുകളുടെ വായ്പാ ചെലവ് 4.3 ശതമാനത്തിലേക്ക് ഉയര്‍ത്തിയെന്ന് ഫിച്ച് വ്യക്തമാക്കി. 2016-17 സാമ്പത്തിക വര്‍ഷം ഇത് 2.5 ശതമാനം മാത്രമായിരുന്നു. ബാങ്കിംഗ് മേഖലയെ ആകെ പരിശോധിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്തികള്‍ 2017-18 സാമ്പത്തിക വര്‍ഷം 12.1 ശതമാനം വളര്‍ന്നു. 9.3 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ അനുമാനിച്ചിരുന്നത്. പൊതുമേഖലാ ബാങ്കുകളുടെ ശരാശരി കിട്ടാക്കടം 14.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇതില്‍ തന്നെ ഐഡിബിഐ, യൂകോ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുകളുടെ കിട്ടാക്കടം ആകെ വായ്പകളുടെ 25 ശതമാനം വരെ എത്തി.

73,629 കോടി രൂപ കൂടി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂലധന വര്‍ധനാ പാക്കേജില്‍ പെടുത്തി നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ആശ്വാസകരമാവുമെങ്കിലും കിട്ടാക്കടത്തില്‍ വലയുന്ന ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കൂടുതല്‍ നിക്ഷേം വേണ്ടി വരുമെന്ന് ഫിച്ച് ചൂണ്ടിക്കാട്ടുന്നു. നിഷ്‌ക്രിയാസ്തികള്‍ വന്‍തോതില്‍ വര്‍ധിച്ചത് നിയമ നടപടിക്രമങ്ങളുടെ പൂര്‍ണതയെ സൂചിപ്പിക്കുന്നെന്ന ക്രിയാത്മകമായ അഭിപ്രായവും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി നല്‍കുന്നുണ്ട്. വായ്പാ കരുതല്‍ ധനശേഖരത്തിന്റെ അനുപാതം 50 ആക്കി വര്‍ധിപ്പിച്ച ബാങ്കുകളുടെ നടപടിയെയും ഏജന്‍സി സ്വാഗതം ചെയ്യുന്നു. പുതുതായി രൂപീകരിച്ച പാപ്പരത്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ മൂലധനത്തില്‍ വര്‍ധന ഉണ്ടാക്കും. എന്നാല്‍ നിയമ നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് വെല്ലുവിളിയാണ്.

 

Comments

comments

Categories: Banking