യുവാക്കള്‍ക്ക് പ്രിയം സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു

യുവാക്കള്‍ക്ക് പ്രിയം സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു

 

വാഷിംഗ്ടണ്‍: സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലേക്കു യുവാക്കള്‍ മാറുന്നതായും ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ചു കഴിഞ്ഞതായും പ്യൂ റിസര്‍ച്ച് സെന്റര്‍ (Pew Research Center) നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015ല്‍ 13-17 വയസിനിടയിലുള്ളവര്‍ക്കിടയില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 71 ശതമാനം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 51 ശതമാനമായി ഇടിഞ്ഞു.

കൗമാരക്കാരില്‍ യു ട്യൂബിനോടാണു പലര്‍ക്കും പ്രിയമെന്നു പ്യൂ റിസര്‍ച്ച് കണ്ടെത്തി. 85 ശതമാനം പേര്‍ യുട്യൂബും, 72 ശതമാനം പേര്‍ ഇന്‍സ്റ്റാഗ്രാമും, 69 ശതമാനം പേര്‍ സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നു. അതേസമയം, കുറഞ്ഞ വരുമാനക്കാരായ കൗമാരക്കാരില്‍ ഫേസ്ബുക്കിന്റെ ഉപയോഗം വളരെ കൂടുതലാണ്. എന്നാല്‍ ഉയര്‍ന്ന വരുമാനക്കാരായ കൗമാരക്കാരില്‍ പത്ത് ശതമാനം മാത്രമാണു ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. 35 ശതമാനം പേര്‍ ഉപയോഗിക്കുന്ന സ്‌നാപ്ചാറ്റും. 32 ശതമാനം പേര്‍ ഉപയോഗിക്കുന്നത് യു ട്യൂബും, 15 ശതമാനം പേര്‍ ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നു.

ലിംഗപരമായി നോക്കുമ്പോഴും സ്‌നാപ്ചാറ്റിനു തന്നെയാണു ഫേസ്ബുക്കിനേക്കാള്‍ മുന്‍തൂക്കം. സ്‌നാപ്ചാറ്റ് പ്രയോജനകരമാണെന്നു 42 ശതമാനം പെണ്‍കുട്ടികളും അഭിപ്രായപ്പെട്ടു. 39 ശതമാനം ആണ്‍കുട്ടികളും യുട്യൂബ് പ്രയോജനകരമാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കൗമാരക്കാര്‍ ഫേസ്ബുക്ക് ഒഴിവാക്കുകയാണെന്ന് രേഖപ്പെടുത്തുന്ന ആദ്യ സര്‍വേയല്ല പ്യൂ റിസര്‍ച്ച് സെന്റര്‍ ഇപ്പോള്‍ നടത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇമാര്‍ക്കറ്റര്‍ സ്റ്റഡിയില്‍, അമേരിക്കന്‍ കൗമാരക്കാരില്‍(1217 വയസ്) ഫേസ്ബുക്കിന്റെ യൂസര്‍ ബേസ് ഇടിഞ്ഞതായി കണ്ടെത്തിയിരുന്നു.

25 വയസിനു താഴെയുള്ള 2.1 ദശലക്ഷം അമേരിക്കാര്‍ ഫേസ്ബുക്കിനെ ഈ വര്‍ഷം ഒഴിവാക്കുമെന്നും ഇമാര്‍ക്കറ്റര്‍ പ്രവചിക്കുകയുണ്ടായി. ഫേസ്ബുക്കിന് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ് അവരുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണു ടെക് ലോകത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്യൂ റിസര്‍ച്ച് പുറത്തുവിട്ട ഫലങ്ങളെ കുറിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

Comments

comments

Categories: FK News, Slider, Tech