പണ്ട് പുകയില കൃഷി, ഇന്ന് 15 തരം വെണ്ടകളില്‍ വിളവെടുപ്പ്

പണ്ട് പുകയില കൃഷി, ഇന്ന് 15 തരം വെണ്ടകളില്‍ വിളവെടുപ്പ്

തലമുറകളായി ചെയ്തുവന്ന പുകയില കൃഷിയില്‍ നിന്നും മാറി തദ്ദേശീയമായി വികസിപ്പിച്ച വെണ്ട കൃഷിയിലൂടെ വിജയം കൊയ്തിരിക്കുകയാണ് കര്‍ണാടകയിലെ പെരിയപട്ടണ സ്വദേശികളായ കാര്‍ഷിക ദമ്പതികള്‍. നാടന്‍ വിളകള്‍ പുനര്‍നിര്‍മിച്ച് കാര്‍ഷിക മേഖലയില്‍ സുസ്ഥിര വികസനം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന സഹജ സമൃദ്ധ എന്ന സാമൂഹ്യ സംരംഭത്തിന്റെ സഹായത്തോടെയാണ് ഇവര്‍ മികച്ച നേട്ടം സ്വന്തമാക്കിയത്

മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യുന്നവരാണ് കര്‍ഷകര്‍. പരിതസ്ഥിതികള്‍ ചിലപ്പോള്‍ എതിരാകുമ്പോഴും കര്‍ഷകന്‍ കൃഷിയോടും തന്റെ മണ്ണിനോടും കാത്തു സൂക്ഷിക്കുന്ന വിശ്വാസം ഒന്നു മാത്രമാണ് അവരുടെ പിന്നീടുള്ള വിജയത്തിന്റെ അടിസ്ഥാനം. ഇത്തരത്തിലുള്ള കാര്‍ഷിക പെരുമയുടെ വിജയമാണ് കര്‍ണാടകയില്‍ നിന്നുള്ള കാര്‍ഷിക ദമ്പതിമാരായ ശങ്കറിനും രൂപയ്ക്കും പറയാനുള്ളത്.

കര്‍ണാടകയില്‍ പെരിയപട്ടണ താലൂക്കിലെ ഹിത്‌നെ ഹെബ്ബഗിലു ഗ്രാമത്തിലെ ഭൂരിഭാഗം കര്‍ഷകരും കാലങ്ങളായി പുകയില കൃഷി ചെയ്യുന്നവരാണ്. അവരുടെ പ്രധാന ജീവിതം മാര്‍ഗം ഇതൊന്നുമാത്രം. എന്നാല്‍ കാലങ്ങളായി നിലനില്‍ക്കുന്ന കൃഷിയിലെ തിരിച്ചടികളില്‍ അവരുടെ ജീവിതം കടക്കെടിയിലേക്കാണ് കൊണ്ടെത്തിച്ചത്. തലമുറകളായി നീണ്ടുകിടക്കുന്ന കടബാധ്യതകളാണ് ഇവിടെയുള്ള പുകയില കര്‍ഷകരില്‍ ഏറിയ പങ്കിനും സ്വന്തമെന്നു പറയാനുണ്ടായിരുന്നത്. ഇതേ ഗ്രാമത്തില്‍ തലമുറകളായി പുകയില കൃഷി ഏറ്റെടുത്തു ചെയ്യുന്ന ദമ്പതികളാണ് ശങ്കറും രൂപയും. കൃഷിവിളയില്‍ വരുത്തിയ മാറ്റത്തിലൂടെ മേഖലയില്‍ ഇവര്‍ മികച്ച നേട്ടം കൊയ്തിരിക്കുകയാണിപ്പോള്‍.

പാരമ്പര്യ കൃഷിവിട്ട് പുതിയ വിളകളിലേക്ക്

കടത്തിലാണെങ്കിലും പാരമ്പര്യമായി കൈമാറി കിട്ടിയ പുകയില കൃഷി ഉപേക്ഷിക്കാതിരുന്ന ഇവരുടെ ജീവിതത്തിലേക്ക് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹജ സമൃദ്ധ എന്ന സാമൂഹിക സംരംഭത്തിന്റെ കടന്നുവരവ് പറഞ്ഞറിയിക്കാനാവാത്ത മാറ്റമാണ് വരുത്തിയത്. നാടന്‍ വിളകള്‍ പുനര്‍ നിര്‍മിക്കുകയും കാര്‍ഷിക മേഖലയില്‍ സുസ്ഥിര വികസനം നടപ്പിലാക്കാനും ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭമാണ് സഹജ സമൃദ്ധ. നാലു വര്‍ഷം മുമ്പ് രാജമുടി എന്ന പ്രത്യേകതരം അരിയെ കുറിച്ചു പഠിക്കാനാണ് സഹജയില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍ പെരിയപട്ടണ ഗ്രാമത്തില്‍ എത്തിയത്. എന്നാല്‍ മേഖലയിലെ പുകയില കര്‍ഷകരിലേക്കാണ് അവരുടെ ശ്രദ്ധ കൂടുതല്‍ പതിഞ്ഞത്. മേഖലയിലെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ ഇരുപതോളം വരുന്ന കര്‍ഷകരുടെ ജീവിതം തന്നെ മാറ്റിയിരിക്കുകയാണിപ്പോള്‍.

ദശാബ്ദങ്ങളായി കൃഷി ചെയ്തു വന്നിരുന്ന പുകയിലയില്‍ നിന്നും മാറി മറ്റൊരു വിളയിലേക്ക് നീങ്ങാന്‍ സഹജ നല്‍കിയ പ്രോല്‍സാഹനം ഏറ്റെടുത്തതാണ് മേഖലയിലെ കര്‍ഷകരുടെ വിജയത്തിനു കാരണമായത്. നാടന്‍ വിളകള്‍ക്കൊപ്പം ഗുണനിലവാരം കൂടിയ പ്രത്യേകയിനം വിത്തുകള്‍ നല്‍കി ഇവര്‍ കര്‍ഷകരെ പ്രോല്‍സാഹിപ്പിച്ചു. പാരമ്പര്യ കൃഷി രീതികള്‍ക്കൊപ്പം തന്നെ ഓര്‍ഗാനിക് ഫാമിംഗിനും വഴി തെളിക്കുകയുണ്ടായി. വര്‍ഷങ്ങളായുള്ള സഹജയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിയെന്നു തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് മേഖലയില്‍ ശങ്കറും രൂപയും തങ്ങളുടെ പുതിയ വെണ്ട കൃഷിയിലൂടെ നേടിയ വിജയം.

സഹജ സമൃദ്ധയുടെ സഹോദര സ്ഥാപനമായ സഹജ സീഡ്‌സ് വഴിയാണ് മേഖലയിലെ കര്‍ഷകര്‍ക്ക് മികച്ചയിനം വിത്തുകള്‍ ലഭ്യമാക്കുന്നത്. ഗുണമേന്‍മയേറിയ വിത്തുകള്‍ തദ്ദേശീയ തലത്തില്‍ വികസിപ്പിക്കുന്ന സഹജ സീഡ്‌സ് ഇന്ത്യയൊട്ടാകെ തദ്ദേശീയ വിളകള്‍ക്കൊപ്പം വിദേശ ഇനം വിത്തുകളും നല്‍കി കൃഷി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്

നാട്ടുവിളകള്‍ക്കൊപ്പം മറുനാടന്‍ വിത്തുകളും

പുതിയ വിളകള്‍ പരീക്ഷിക്കുന്നതിനായി സഹജ നല്‍കിയ ഊര്‍ജ്ജം കൃത്യസമയത്ത് ഏറ്റെടുത്തതാണ് ഈ കാര്‍ഷിക ദമ്പതികളെ മികച്ച വിജയത്തിലേക്ക് നയിച്ചത്. ഇന്ന് ഒന്നും രണ്ടുമല്ല, പതിനഞ്ചോളം വൃത്യസ്ത തരത്തിലുള്ള വെണ്ടകളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഗ്രാമത്തില്‍ സ്വന്തമായുള്ള അരയേക്കര്‍ കൃഷിയിടത്തില്‍ നാടന്‍ വെണ്ട ഇനങ്ങള്‍ക്കൊപ്പം മറു നാടന്‍ ഇനങ്ങളും സമൃദ്ധമായി വിളവെടുക്കാന്‍ കഴിയുന്നു.

സഹജ സമൃദ്ധയുടെ സഹോദര സ്ഥാപനമായ സഹജ സീഡ്‌സ് വഴിയാണ് മേഖലയിലെ കര്‍ഷകര്‍ക്ക് മികച്ചയിനം വിത്തുകള്‍ ലഭ്യമാക്കുന്നത്. ഗുണമേന്‍മയേറിയ വിത്തുകള്‍ തദ്ദേശീയ തലത്തില്‍ വികസിപ്പിക്കുന്ന സഹജ സീഡ്‌സ് ഇന്ത്യയൊട്ടാകെ തദ്ദേശീയ വിളകള്‍ക്കൊപ്പം വിദേശ ഇനം വിത്തുകളും നല്‍കി കൃഷി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളെ പങ്കെടുപ്പിച്ച് നിരവധി കാര്‍ഷിക മേളകളും ഇവര്‍ സംഘടിപ്പിക്കുന്നു. സഹജയുടെ സഹായത്താല്‍ ഇന്ന് ശങ്കറിന്റെ കൃഷിയിടത്തില്‍ ഒഡീഷ, ആന്ധ്രാപ്രദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വെണ്ട ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഈ വിത്തിനങ്ങള്‍ കൃഷി ചെയ്യുന്നത് ഒരു പരീക്ഷണമായിരുന്നെങ്കിലും ഇതില്‍ മികച്ച വിജയം നേടാനായെന്ന് ശങ്കറും രൂപയും ശരിവെക്കുന്നു.

ശങ്കറിന്റെ കൃഷിയിടത്തില്‍ ഇന്ന് ഒഡീഷ, ആന്ധ്രാപ്രദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വെണ്ട ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. മണ്ണിര കംപോസ്റ്റ് കലര്‍ന്ന ജീവാമൃത, ഘാന ജീവാമൃത എന്നിവ ഉപയോഗിച്ചുള്ള ഓര്‍ഗാനിക് കൃഷിരീതികള്‍ക്കൊപ്പം വെളുത്തുള്ളിയും പച്ചമുളകും കൂട്ടിയിണക്കി തയാറാക്കിയ ഓര്‍ഗാനിക് കീടനാശിനിയാണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്

ഓര്‍ഗാനിക് കൃഷിയിലേക്കുള്ള ചുവടുമാറ്റം

സഹജ സമൃദ്ധയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള കൃഷി രീതികള്‍ അവംലംബിച്ചതും ഈ കര്‍ഷക ദമ്പതികള്‍ക്ക് പിന്തുണയായിട്ടുണ്ട്. മണ്ണിര കംപോസ്റ്റ് കലര്‍ന്ന ജീവാമൃത, ഘാന ജീവാമൃത എന്നിവ ഉപയോഗിച്ചുള്ള ഓര്‍ഗാനിക് കൃഷിരീതികള്‍ക്കൊപ്പം വെളുത്തുള്ളിയും പച്ചമുളകും കൂട്ടിയിണക്കി തയാറാക്കിയ ഓര്‍ഗാനിക് കീടനാശിനിയാണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്.

വ്യത്യസ്ത വെണ്ട ഇനങ്ങളില്‍ പെട്ട 30 വിത്തുകളാണ് ഞങ്ങള്‍ ആദ്യ ഘട്ടത്തില്‍ നട്ടിരുന്നത്. പരീക്ഷണം ഏറ്റെടുക്കാന്‍ തയാറായി കൃഷി ചെയ്തതാണെങ്കിലും അവ ഓരോന്നും മികച്ച നേട്ടമാണ് നല്‍കിയത്. മറ്റു പച്ചക്കറി വിളകളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ വലിയ തോതില്‍ പണച്ചെലവ് ഇല്ലാതെ തന്നെ വെണ്ട കൃഷിയില്‍ മികച്ച ലാഭമുണ്ടാക്കാന്‍ കഴിയുന്നു. ഏറ്റവും നന്നായി വിളവെടുപ്പ് നല്‍കുന്ന ഇനങ്ങള്‍ സ്ഥിരമായി കൃഷി ചെയ്യാനും പദ്ധതിയുണ്ട് – ശങ്കര്‍ പറയുന്നു.

മറുനാടന്‍ വിത്തുകള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും തദ്ദേശീയമായി വികസിപ്പിക്കുന്ന വിത്തുകള്‍ കൃഷി ചെയ്യുന്നതിനുള്ള പ്രോല്‍സാഹനമാണ് സഹജ കര്‍ഷകര്‍ക്കു നല്‍കുന്നത്. നമ്മുടെ മണ്ണില്‍ നമ്മള്‍ തന്നെ വികസിപ്പിച്ച വിത്തുകള്‍ എന്നതിനാണ് മുന്‍തൂക്കം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിത്തുകള്‍ നല്ല ലഭം കര്‍ഷകര്‍ക്കു നല്‍കുന്നുണ്ടെന്നാണ് ശങ്കറിന്റെയും അഭിപ്രായം. ആളുകള്‍ക്ക് വ്യത്യസ്ത ഇനങ്ങളോടുള്ള ആകര്‍ഷണീയത കൊണ്ടുമാത്രം അവ കൃഷി ചെയ്യേണ്ടി വരുന്നു. എന്നാല്‍ സഹജ ലഭ്യമാക്കിയ നാടന്‍ വെണ്ട വിത്തുകള്‍ മികച്ച ഗുണമേന്‍മയുള്ള ഇനമാണ്. വിളവെടുപ്പിലും അതു കാണാന്‍ കഴിയും – ശങ്കര്‍ പറയുന്നു.

വെണ്ട കൃഷി കൂടാതെ ശങ്കറും രൂപയും വ്യത്യസ്ത ഇനങ്ങളിലുള്ള തക്കാളി, വഴുതന എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സഹജയുടെ ഭാഗമായുള്ള ഇരുവരുടേയും വിജയം മേഖലയിലെ മറ്റു കര്‍ഷകരും ഇപ്പോള്‍ മാതൃകയാക്കി വരികയാണ്.

 

Comments

comments

Categories: FK Special, Slider