മാരുതി സുസുകി മാനേജ്‌മെന്റില്‍ അഴിച്ചുപണി

മാരുതി സുസുകി മാനേജ്‌മെന്റില്‍ അഴിച്ചുപണി

2020-23 ഓടെ ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ വില്‍ക്കുക ലക്ഷ്യം

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി പ്രധാന തസ്തികകളിലെ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചു. 2020-23 ഓടെ ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി. 2017-18 ല്‍ ഏകദേശം 18 ലക്ഷം യൂണിറ്റ് കാറുകളാണ് മാരുതി സുസുകി ഇന്ത്യ വിറ്റത്.

രണ്ട് സീനിയര്‍ വൈസ് പ്രസിഡന്റുമാരെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ തലത്തിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തസ്തിക പുനര്‍വിന്യാസം സംബന്ധിച്ച് കമ്പനി ആഭ്യന്തര വിജ്ഞാപനം പുറപ്പെടുവിച്ചതായും ഇവര്‍ പറഞ്ഞു. എന്നാല്‍ പുനര്‍വിന്യാസത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ മാരുതി സുസുകി വിസമ്മതിച്ചു.

പ്രീമിയം കാറുകളുടെ ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സയുടെ മുന്‍ മേധാവി പാര്‍ത്ഥോ ബാനര്‍ജി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സ്ഥാനത്തെത്തി. സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് വിഭാഗം തലവനുമായ തരുണ്‍ ഗാര്‍ഗിനെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) ആയി നിയമിച്ചു. ലോജിസ്റ്റിക്‌സ് മേഖലയില്‍ പരിചയ സമ്പന്നന്‍ ആയതിനാല്‍ ലോജിസ്റ്റിക് ഡിവിഷന്റെ ചുമതലയും തരുണ്‍ ഗാര്‍ഗിന് നല്‍കി. 2016 മെയ് 28 നാണ് ബാനര്‍ജിയെയും ഗാര്‍ഗിനെയും സീനിയര്‍ വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്.

രണ്ട് സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍മാരായി സ്ഥാനക്കയറ്റം നല്‍കി

മാരുതി സുസുകിയുടെ പ്രീ-ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പ് ശൃംഖലയായ ട്രൂ വാല്യുവിന്റെ പുതിയ മേധാവിയായി ആദിത്യ അഗ്ഗര്‍വാളിനെ നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. അങ്കുര്‍ മിത്തലിന് ഡീലര്‍ ഡെവലപ്‌മെന്റ് ചുമതല നല്‍കി. മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സഞ്ജീവ് ഹണ്ടയെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് മാറ്റി. ഫിനാന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ഡിഡി ഗോയലിന് ഇഒ ആയി സ്ഥാനക്കയറ്റം നല്‍കി.

Comments

comments

Categories: Auto