റഷ്യയില്‍ നിന്നും ഇന്ത്യ പ്രകൃതിവാതകം ഇറക്കുമതി ചെയ്ത് തുടങ്ങി

റഷ്യയില്‍ നിന്നും ഇന്ത്യ പ്രകൃതിവാതകം ഇറക്കുമതി ചെയ്ത് തുടങ്ങി

ദാഹെജ്: റഷ്യയില്‍ നിന്നും ഇന്ത്യ ദ്രവീകരിച്ച പ്രകൃതിവാതകം(എല്‍എന്‍ജി) ഇറക്കുമതി ചെയ്ത് തുടങ്ങി. എല്‍എന്‍ജി ഉല്‍പ്പന്നനിര വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി ആരംഭിച്ചിരിക്കുന്നത്. ആര്‍ട്ടിക് ഉപദ്വീപിലെ യമാല്‍ പ്രൊജക്റ്റില്‍ നിന്നാണ് ഗ്യാസ്‌പ്രോം എല്‍എന്‍ജി വിതരണം ചെയ്യുക.

ഇന്നത്തെ ദിവസം ഇന്ത്യന്‍ ചരിത്രത്തിലെ നാഴികകല്ലാണെന്നും ഭാരതത്തിന്റെ ഊര്‍ജമേഖലയ്ക്ക് സുവര്‍ണനിമിഷങ്ങളാണ് സമ്മാനിക്കുന്നതെന്നും ആദ്യത്തെ എല്‍എന്‍ജി വഹിച്ചുകൊണ്ടുള്ള കപ്പല്‍  ദഹേജ് ഇറക്കുമതി ടെര്‍മിനലില്‍ സ്വീകരിച്ചുകൊണ്ട് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. സാമ്പത്തികരംഗത്തെ തന്നെ വലിയ വളര്‍ച്ചയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ്, ഓസ്‌ട്രേലിയ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്‍എന്‍ജി വിതരണം ചെയ്യുന്ന നാലാമത്തെ രാജ്യമാണ് റഷ്യ. രണ്ട് വര്‍ഷമായി ഖത്തറില്‍ നിന്നാണ് ഇന്ത്യ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നത്.

എല്‍എന്‍ജി രാജ്യത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി ഇറക്കുമതി ടെര്‍മിനലുകളും പൈപ്പ്‌ലൈനുകളും നിര്‍മിക്കുന്നതില്‍ സജീവമായിരിക്കുകയാണ് സര്‍ക്കാര്‍.

പ്രതിവര്‍ഷം 2.5 മില്യണ്‍ ടണ്‍ എല്‍എന്‍ജി നേടുന്നതിനുള്ള കരാര്‍ 2012 ലാണ് ഒപ്പുവെച്ചത്. ദാഹേജ് കൂടാതെ ദാബോല്‍,കൊച്ചി ടെര്‍മിനലുകളില്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യും. ആദ്യ വര്‍ഷം 0.5 മില്യണ്‍ ടണ്‍ ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഗെയില്‍ വാങ്ങുമെന്നാണ് കണക്കാക്കുന്നത്.

 

 

 

Comments

comments

Tags: LNG, Russia