പ്രശ്‌നങ്ങളില്‍ നിന്നും കരകയറണം: ഐസിഐസിഐ ബാങ്ക് പുതിയ ചെയര്‍മാനെ തേടുന്നു

പ്രശ്‌നങ്ങളില്‍ നിന്നും കരകയറണം: ഐസിഐസിഐ ബാങ്ക് പുതിയ ചെയര്‍മാനെ തേടുന്നു

 

മുംബൈ: വീഡിയോകോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്വകാര്യമേഖലാ ബാങ്ക് ഐസിഐസിഐബാങ്ക് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ ചെയര്‍മാന്‍ സ്ഥാനത്തുള്ള എംകെ ശര്‍മ്മയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ഈ മാസം അവസാനത്തോടെ എംകെ ശര്‍മ്മ സ്ഥാനമൊഴിയും.

ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ക്ക് ശര്‍മ്മ തന്നെ തുടരണമെന്നാണ് അഭിപ്രായം. എന്നാല്‍ മുന്‍ ബാങ്ക് ഓഫ് ബറോഡ ചെയര്‍മാനും എംഡിയുമായ എംഡി മല്ല്യയ്ക്കാണ് സ്ഥാനത്തേക്കുള്ള മുന്‍ഗണനയെന്ന് ബാങ്കിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. മെയ് 29 നാണ് മല്ല്യ ഐസിഐസിഐ ബാങ്ക് ബോര്‍ഡ് അംഗമാകുന്നത്.

വിവാദങ്ങളില്‍ പെട്ടുലയുന്ന ബാങ്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ പ്രാപ്തനായൊരാളെയാണ് ബോര്‍ഡ് അന്വേഷിക്കുന്നത്. 70 വയസ്സുള്ള എംകെ ശര്‍മ്മ വീണ്ടും ചെയര്‍മാനാകാനില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ചെയര്‍മാനെ നിയമിക്കാന്‍ സാധിച്ചില്ലെങ്കില്‍ ശര്‍മ്മ തന്നെ സ്ഥാനത്ത് തുടരുമെന്നാണ് സൂചന. 2015 ജൂലൈ 1 നാണ് ശര്‍മ്മ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. മൂന്ന് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി. നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പ്രായപരിധി 75 വയസ്സാണ്.

അതേസമയം, വീഡിയോകോണ്‍ ഇടപാടില്‍ ആരോപണവിധേയയായ ബാങ്ക് എംഡി ചന്ദകൊച്ചാര്‍ വാര്‍ഷിക അവധിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. കേസ് സംബന്ധിച്ച് ബാങ്ക് സ്വതന്ത്രാന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

Comments

comments

Related Articles