തോല്‍വി എന്ന അവസരം

തോല്‍വി എന്ന അവസരം

റോമാ നഗരം കെട്ടിപ്പടുത്തത് ഒരു ദിവസം കൊണ്ടല്ല എന്ന പ്രസിദ്ധമായ പഴഞ്ചൊല്ലു പോലെ ഓട്ടോമൊബീല്‍ രംഗത്തെ അതികായന്‍മാരായ ഫോര്‍ഡിന്റെ വളര്‍ച്ചയും പട്ടുവിരിച്ച പാതയിലൂടെ ആയിരുന്നില്ല. പരാജയങ്ങളിലും തിരിച്ചടികൡും തളരാതെ സ്ഥിരോല്‍സാഹം ചെയ്ത ഹെന്റി ഫോര്‍ഡിന്റെ ജീവിത വിജയം പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടതാണ്.

‘തോല്‍വി എന്നത് കൂടുതല്‍ മികവോടു കൂടി ആരംഭം കുറിക്കാനുള്ള അവസരമാണ്’- ഹെന്റി ഫോര്‍ഡ്

ജീവിതത്തില്‍ ഒന്നിനു പുറകെ മറ്റൊന്നായി നിരവധി പരാജയങ്ങളെ നേരിട്ട അതുല്യ പ്രതിഭയായിരുന്നു ഓട്ടോമൊബീല്‍ രംഗത്തെ അതികായനായിരുന്ന ഹെന്റി ഫോര്‍ഡ്്. ഇന്ന് ഹെന്റി ഫോര്‍ഡ് എന്ന പേര് എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ വിജയത്തിന്റെ പര്യായമായി ഫോര്‍ഡ് സഎന്ന നാമം മാറുന്നതിന് മുന്‍പ് ഇരുപത്തി മൂന്നാമത്തെ വയസില്‍ വെറുമൊരു മെക്കാനിക്കിന്റെ സഹായി മാത്രമായിരുന്നു അദ്ദേഹം.

ജീവിതത്തിലെ പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുകയും തോറ്റിടത്തു തന്നെ മികവോടെ ആരംഭം കുറിക്കുകയും ചെയ്തതാണ് ഹെന്റിയെന്ന സ്ഥിരോല്‍സാഹിയായ ചെറുപ്പക്കാരനെ ഫോര്‍ഡ് എന്ന ഓട്ടോമൊബീല്‍ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിച്ചത്.

ക്വാഡ്രി സൈക്കിള്‍ എന്ന ഉല്‍പന്നമായിരുന്നു ഓട്ടോ മൊബീല്‍ രംഗത്ത് ഫോര്‍ഡ് ആദ്യമായി പുറത്തിറക്കിയത്. എന്നാല്‍ ഇത് വലിയ തോതില്‍ ഉല്‍പാദിപ്പിക്കാന്‍ പറ്റിയ ഉല്‍പന്നമായിരുന്നില്ല. പക്ഷെ സാമ്പത്തിക സഹായം നല്‍കാന്‍ ചിലയാളുകളെ അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ അദ്ദേഹം ദി ഡെട്രോയിറ്റ് ഓട്ടോമോട്ടീവ് കമ്പനി എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. പക്ഷെ കമ്പനി പൊളിഞ്ഞു പാളീസായി.

ആദ്യ കാലഘട്ടത്തില്‍ ബുദ്ധിമാനായ ഒരു എഞ്ചിനീയര്‍ എന്നു പേരെടുത്തെങ്കിലും പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള ശ്രമം മൂലം പലപ്പോഴും ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് പ്രൊഡക്റ്റ് എത്തിച്ചു നല്‍കുവാന്‍ കഴിയാതിരുന്നത്, ചീത്തപ്പേരുണ്ടാക്കി.

വില്യം എച്ച് മര്‍ഫിയേപ്പോലുള്ള സമ്പന്നരായ ബിസിനസുകാരുടെ പിന്തുണയുണ്ടായിട്ട് കൂടി ക്വാഡ്രി സൈക്കിള്‍ കമ്പനി പോലെ തന്നെ ഡെട്രോയിറ്റ് ഓട്ടോമോട്ടീവ് കമ്പനിയും പരാജയത്തിലേക്ക് കൂപ്പുകുത്തിയെങ്കിലും പിന്‍വാങ്ങാന്‍ ഹെന്റി ഫോര്‍ഡ് ഒരിക്കലും ഒരുക്കമായിരുന്നില്ല.

തുടര്‍ച്ചയായ പരാജയങ്ങളില്‍ പതറാതെ തന്റെ സ്വപ്‌നങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതാണ് ഫോര്‍ഡിനെ ഒരു വിജയിയാക്കി തീര്‍ത്തത്. പരാജയങ്ങളില്‍ മടുക്കാതെ വീണ്ടും വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിച്ച ഹെന്റി ഫോര്‍ഡ് അവസാന അഞ്ച് വര്‍ഷക്കാലത്തിന് ശേഷം ലോകം കണ്ട അക്കാലത്തെ ഏറ്റവും മികച്ച വാഹനം, ‘മോഡല്‍ ടി’ കാര്‍ രംഗത്തിറക്കി. പിന്നീട് ചരിത്രം മാറിമറിയുന്നതായിരുന്നു നാം കണ്ടത്. ഓട്ടോമൊബീല്‍ രംഗത്തെ അതികായന്‍മാരായി ഫോര്‍ഡ് മോട്ടോഴ്‌സ് വളര്‍ന്നു.

പൂര്‍ണ്ണത ആഗ്രഹിച്ചിരുന്ന ഹെന്റി ഫോര്‍ഡിന് ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലും ഒരു ഫൈനല്‍ പ്രൊഡക്റ്റ് യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മര്‍ഫിയും മറ്റ് ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സും ചേര്‍ന്ന് കമ്പനി പിരിച്ച് വിടാന്‍ തീരുമാനിച്ചത്. വ്യവസായ ലോകത്തിന്റെ മുന്‍പില്‍ വലിയൊരു പരാജയമായിരുന്നു ദി ഡെട്രോയിറ്റ് ഓട്ടോമോട്ടീവ് കമ്പനി.

ഇത്തരത്തില്‍ ഭീമന്‍ പരാജയം നേരിട്ട ഒരു വ്യക്തിക്ക് രാണ്ടാമതൊരു അവസരം കിട്ടുക എന്നത് അക്കാലത്തെ ഓട്ടോമൊബീല്‍ രംഗത്ത് വളരെ ദുഷ്‌കരമായിരുന്നു. പക്ഷെ തനിക്ക് തെറ്റ് പറ്റിയതെവിടെയെന്ന് മനസിലാക്കിയ ഹെന്റി ഫോര്‍ഡ് പുതിയ ആശയങ്ങളും പദ്ധതികളുമായി വില്യം എച്ച് മര്‍ഫിയെ വീണ്ടും സമീപിച്ചു. ഫോര്‍ഡിന് ഒരു അവസരം കൂടി നല്‍കാന്‍ മര്‍ഫി തയ്യാറായി. പക്ഷെ ഒരു നിബന്ധന അദ്ദേഹം മുന്നോട്ട് വച്ചു, ഒരു സൂപ്പര്‍വൈസറുടെ കീഴില്‍ വേണം ഫോര്‍ഡ് പുതിയ കാറിന്റെ ഗവേഷണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍.

ഓട്ടോമൊബീല്‍ എഞ്ചിനീയറിംഗിന്റെ എബിസിഡി അറിയാത്ത ഒരു സൂപ്പര്‍വൈസറുടെ കീഴില്‍ പണിയെടുക്കുവാന്‍ ഫോര്‍ഡ് തയ്യാറായിരുന്നില്ല. അങ്ങനെ മര്‍ഫിയുടെ ഓഫര്‍ അദ്ദേഹം നിരസിച്ചു. ദുഷ്‌പേരും മോശമായ സാമ്പത്തിക സ്ഥിതിയും ഒരു നല്ല നിക്ഷേപകനെ കണ്ടെത്തുന്നതിന് പ്രധാന വിലങ്ങു തടിയായി. കുറേ നാളുകളുടെ ശ്രമഫലമായി ഒരാള്‍ ഫോര്‍ഡിന്റെ പദ്ധതിയില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായി. അലക്‌സാണ്ടര്‍ മല്‍കോംസണ്‍ എന്ന സംരംഭകനായിരുന്നു അത്.

അങ്ങനെ അദ്ദേഹം തന്റെ ജൈത്രയാത്ര വീണ്ടും ആരംഭിച്ചു. മാര്‍ക്കറ്റിംഗിലും വിതരണത്തിലും മുന്‍പ് തനിക്ക് പറ്റിയ അബദ്ധങ്ങള്‍ മനസിലാക്കിയ ഹെന്റി ഫോര്‍ഡ്, ജെയിംസ് ജെ കോസന്‍സിനെ തന്റെ പുതിയ സ്ഥാപനമായ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചു.

അങ്ങനെ ആദ്യത്തെ ബാച്ച് മോഡല്‍ എ കാറുകള്‍ നിരത്തുകളിലിറങ്ങി. ഇത് ഓട്ടോമൊബീല്‍ രംഗത്ത് വലിയൊരു കുതിച്ച് ചാട്ടത്തിന് തന്നെ കാരണമായി. പക്ഷെ നിരവധി പ്രശ്‌നങ്ങള്‍ തലപ്പൊക്കിക്കൊണ്ടിരുന്നു. വാഹനം കേടാവുന്നത് തുടര്‍ക്കഥയായി. എന്നിരുന്നാലും രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും ഹെന്റി ഫോര്‍ഡ് മെക്കാനിക്കുകളെ അയച്ച് കസ്റ്റമേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. മാത്രമല്ല തിരിച്ചുവന്ന മെക്കാനിക്കുകളുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ ഡിസൈന്‍ മെച്ചപ്പടുത്തുകയും മികവിന്റെ പര്യായമാകുവാന്‍ ശ്രമിക്കുകയും ചെയ്തു. പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയും തന്റെ പ്രൊഡക്റ്റിനെ മികവിലേക്ക് നയിക്കാന്‍ അതിനെ ഉപയോഗിക്കുകയും ചെയ്തതാണ് ഫോര്‍ഡിന്റെ വിജയ രഹസ്യം. ഒപ്പം പ്രതിഭയുള്ളവരെ കൂടെ നിര്‍ത്തുകയും ചെയ്തു.

തുടര്‍ച്ചയായ പരാജയങ്ങളില്‍ പതറാതെ തന്റെ സ്വപ്‌നങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതാണ് ഫോര്‍ഡിനെ ഒരു വിജയിയാക്കി തീര്‍ത്തത്. പരാജയങ്ങളില്‍ മടുക്കാതെ വീണ്ടും വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിച്ച ഹെന്റി ഫോര്‍ഡ് അവസാന അഞ്ച് വര്‍ഷക്കാലത്തിന് ശേഷം ലോകം കണ്ട അക്കാലത്തെ ഏറ്റവും മികച്ച വാഹനം, ‘മോഡല്‍ ടി’ കാര്‍ രംഗത്തിറക്കി. പിന്നീട് ചരിത്രം മാറിമറിയുന്നതായിരുന്നു നാം കണ്ടത്. ഓട്ടോമൊബീല്‍ രംഗത്തെ അതികായന്‍മാരായി ഫോര്‍ഡ് മോട്ടോഴ്‌സ് വളര്‍ന്നു. ഒപ്പം അമേരിക്കയിലെ ഏറ്റവും സമ്പന്ന നഗരങ്ങളിലൊന്നായി ഡെട്രോയിറ്റ് മാറുകയും ചെയ്തു.

ജീവിതത്തില്‍ തോല്‍വിയുണ്ടായപ്പോള്‍ എപ്പൊഴെങ്കിലും ഫോര്‍ഡ് പിന്‍വാങ്ങിയിരുന്നുവെങ്കില്‍ ഈ വിജയം സ്വന്തമാകുമായിരുന്നോ? വിജയികള്‍ സ്ഥിരോല്‍സാഹികളാണ്, പരാജയം അവരെ തളര്‍ത്താറില്ല. ഓരോ പരാജയത്തിലും നിന്ന് അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. നാളെകള്‍ വിജയത്തിന്റെ കിരീടം സ്വന്തമാക്കുവാന്‍.

(രാജ്യാന്തര മോട്ടിവേഷണല്‍ സ്പീക്കറും, സൈക്കോളജിസ്റ്റും, ഇരുപത്തിയഞ്ചോളം പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകന്‍. ഫോണ്‍: 9447259402)

Comments

comments

Categories: FK Special, Slider
Tags: failure, success