ഔഡി ഇ-ട്രോണ്‍ പുറം കണ്ണാടികളില്ലാതെ വരും

ഔഡി ഇ-ട്രോണ്‍ പുറം കണ്ണാടികളില്ലാതെ വരും

ഡോര്‍ കണ്ണാടികള്‍ക്ക് പകരം കാമറകളായിരിക്കും നല്‍കുന്നത്

ഇങ്‌ഗോല്‍ഷ്റ്റാറ്റ് (ജര്‍മ്മനി) : ഔഡിയുടെ പുതിയ ഇ-ട്രോണ്‍ ഇലക്ട്രിക് എസ്‌യുവി പുറം കണ്ണാടികള്‍ ഉപയോഗിക്കില്ല. ഡോര്‍ കണ്ണാടികള്‍ക്ക് പകരം കാമറകളായിരിക്കും വിര്‍ച്വല്‍ മിറര്‍ സെറ്റപ്പായി ഔഡി ഇ-ട്രോണില്‍ നല്‍കുന്നത്. ലോകത്തെ ആദ്യ വിര്‍ച്വല്‍ പുറം കണ്ണാടികള്‍ എന്ന് ഔഡി അവകാശപ്പെട്ടു. കാറിന്റെ എയ്‌റോഡൈനാമിക് ഡ്രാഗ് കോഎഫിഷ്യന്റ് കേവലം 0.28 ആയി കുറയ്ക്കുന്നതിന് പുതിയ സംവിധാനം സഹായിക്കും. കാമറകളില്‍നിന്നുള്ള ഡിജിറ്റല്‍ ഇമേജുകള്‍ കാറിനകത്തെ സ്‌ക്രീനുകളില്‍ തെളിയുന്നവിധമായിരിക്കും സജ്ജീകരിക്കുന്നത്. ആക്റ്റീവ് എയ്‌റോഡൈനാമിക്‌സ്, എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനമുള്ള കോംപാക്റ്റ് കാമറകള്‍ ക്രൂസിംഗ് സമയത്ത് കാറിന് അതിന്റെ മികച്ച എയ്‌റോഡൈനാമിക് പൊസിഷന്‍ സമ്മാനിക്കും.

ഡ്രാഗ് കുറയ്ക്കാന്‍ സഹായിക്കുന്ന ഈ ഫീച്ചറുകള്‍ ഇല്ലാതെയാണ് ഇ-ട്രോണ്‍ വാങ്ങുന്നതെങ്കില്‍ ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ചില്‍ 34 കിലോമീറ്ററിന്റെ കുറവ് വരുമെന്ന് ഔഡി അറിയിച്ചു. വിര്‍ച്വല്‍ മിറര്‍ സെറ്റപ്പ് സഹിതമാണ് കാര്‍ വാങ്ങുന്നതെങ്കില്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 399 കിലോമീറ്റര്‍ സഞ്ചരിക്കാം. ഡബ്ല്യുഎല്‍ടിപിയാണ് (വേള്‍ഡ്‌വൈഡ് ഹാര്‍മണൈസ്ഡ് ലൈറ്റ് വെഹിക്കിള്‍സ് ടെസ്റ്റ് പ്രൊസീജര്‍) ഈ റേഞ്ച് സാക്ഷ്യപ്പെടുത്തുന്നത്.

ഓഗസ്റ്റില്‍ ഔഡി ഇ-ട്രോണ്‍ പൂര്‍ണ്ണമായും അനാവരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡുവല്‍ മോട്ടോര്‍ പവര്‍ട്രെയ്ന്‍ ഇലക്ട്രിക് എസ്‌യുവിക്ക് കരുത്തേകും. 95 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കും. ലോകത്ത് ഇതാദ്യമായി 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുണ്ടാകും. ടെസ്‌ലയുടെ സൂപ്പര്‍ചാര്‍ജറുകളേക്കാള്‍ 34 കിലോവാട്ട് കൂടുതല്‍ വേഗം.

എയ്‌റോഡൈനാമിക് ഡ്രാഗ് കോഎഫിഷ്യന്റ് കേവലം 0.28 ആയി കുറയ്ക്കുന്നതിന് പുതിയ സംവിധാനം സഹായിക്കും

ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് എസി ചാര്‍ജറുകളും ഉപയോഗിക്കാം. ഇതിനായി 11 കിലോവാട്ട് ചാര്‍ജറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കും. 22 കെഡബ്ല്യു ചാര്‍ജറുകള്‍ ഓപ്ഷനായിരിക്കും. വീട്ടില്‍ 400 വോള്‍ട്ട് 3 ഫേസ് ഔട്ട്‌ലെറ്റില്‍ കണക്റ്റ് ചെയ്താല്‍ 8.5 മണിക്കൂറില്‍ ഔഡി ഇ-ട്രോണിലെ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. 2021 ഓടെ ഔഡി പുറത്തിറക്കുന്ന മൂന്ന് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് (ബിഇവി) ഓഗസ്റ്റില്‍ അനാവരണം ചെയ്യുന്ന പ്രൊഡക്ഷന്‍ ഇ-ട്രോണ്‍. 2025 ഓടെ ഔഡി ഇരുപത് ഇലക്ട്രിക് മോഡലുകള്‍ വിപണിയിലെത്തിക്കും. ഇവയില്‍ പകുതി ബിഇവികളായിരിക്കും.

Comments

comments

Categories: Auto