അബുദാബിയും റഷ്യയും കൈകോര്‍ക്കുന്നു, ഊര്‍ജ്ജ വിപണിയുടെ സ്ഥിരതയ്ക്കായി

അബുദാബിയും റഷ്യയും കൈകോര്‍ക്കുന്നു, ഊര്‍ജ്ജ വിപണിയുടെ സ്ഥിരതയ്ക്കായി

ഊര്‍ജ്ജ രംഗത്ത് സ്ഥിരത കൈവരിക്കാനുള്ള പദ്ധതിക്കായുള്ള കരാറില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അബുദാബി കിരീടാവകാശി മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും ഒപ്പുവെച്ചു

അബുദാബി: ഊര്‍ജ്ജ വിപണിയില്‍ സ്ഥിരത കൈവരിക്കുന്നതിനായി റഷ്യയും അബുദാബിയും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അബുദാബി കിരീടാവകാശി മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമാണ് കരാറില്‍ ഒപ്പുവെച്ചത്. എണ്ണ വിലയില്‍ വരുന്ന വര്‍ധനയുടെ പശ്ചാത്തലത്തിലാണ് സുപ്രധാനമായ സഹകരണമെന്ന് റഷ്യ അറിയിച്ചു.

ആഗോള ഹൈഡ്രോകാര്‍ബണ്‍ വിപണിയില്‍ സന്തുലിതയും സ്ഥിരതയും കൈവരിക്കുന്നതിനായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് പുതിയ കരാറിലൂടെ ഇരുരാജ്യങ്ങളും വ്യക്തമാക്കിയതെന്ന് റഷ്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എണ്ണ ഉല്‍പ്പാദകരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ ഒരുപോലെ സംരക്ഷിച്ചുള്ള നീക്കങ്ങളായിരിക്കും ഇരുരാജ്യങ്ങളും നടത്തുക.

എണ്ണ വിലയിലെ ഉയര്‍ച്ച ഉല്‍പ്പാദ രാജ്യങ്ങള്‍ക്ക് ഗുണമായി ഭവിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നേരത്തെ എണ്ണവിലയില്‍ വന്ന വമ്പന്‍ ഇടിവിനെത്തുടര്‍ന്ന് അറബ് രാജ്യങ്ങളുടെ സാമ്പത്തികരംഗത്ത് കനത്ത തിരിച്ചടികള്‍ അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാറിന് റഷ്യയും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും തമ്മില്‍ ധാരണയായത്. 2016 അവസാനമായിരുന്നു എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ പ്രാവര്‍ത്തികമായത്. അതിന് ശേഷമാണ് പതിയെ എണ്ണ വിപണി തിരിച്ചുകയറാന്‍ തുടങ്ങിയത്.

ഹൈഡ്രോകാര്‍ബണ്‍ വിപണിയില്‍ സ്ഥിരത കൈവരിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്നുള്ള തങ്ങളുടെ സംയുക്ത നീക്കത്തിലൂടെയാണ് സാധിച്ചതെന്ന് പ്രസിഡന്റ് പുടിന്‍ പറഞ്ഞു.

എണ്ണ വിലയിലെ വര്‍ധന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കടുത്ത ബുദ്ധിമുട്ടാണുണ്ടാക്കിയത്. എണ്ണയില്‍ നിന്ന് ഇപ്പോള്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ തന്നെയും സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളിലൂടെ എണ്ണയോട് ഗുഡ്‌ബൈ പറയുകയാണ് അവരുടെ ദീര്‍ഘകാല ലക്ഷ്യം.

 

Comments

comments