എയര്‍ടെല്ലിന് ഒന്നാം സ്ഥാനം നഷ്ടപ്പെടും; വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു; ലയനം അവസാനഘട്ടത്തില്‍

എയര്‍ടെല്ലിന് ഒന്നാം സ്ഥാനം നഷ്ടപ്പെടും; വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു; ലയനം അവസാനഘട്ടത്തില്‍

മുംബൈ: ടെലികോം രംഗത്തെ പ്രമുഖ കമ്പനികളായ വൊഡാഫോണും ഐഡിയയും ഒന്നാകുന്നു. വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ ലയന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുകമ്പനികളും ലയിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് മാറും.

എന്നാല്‍ പുതിയ പേരിന് ജൂണ്‍ 26 ന് വിളിച്ചുചേര്‍ക്കുന്ന പ്രത്യേക പൊതുയോഗത്തിലായിരിക്കും അംഗീകാരം നല്‍കുക. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അനുമതി പുതിയ പേരിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനീസ് ആക്ട്-2013 പ്രകാരം ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങള്‍( നോണ്‍ കണ്‍വെര്‍ട്ടിബിള്‍ സെക്യൂരിറ്റീസ്, നോണ്‍ കണവെര്‍ട്ടിബിള്‍ ഡിബെഞ്ചേഴ്‌സ്- എന്‍സിഡി) ഇറക്കി 15,000 കോടി രൂപ സമാഹരിക്കാനും തീരുമാനമുണ്ട്. ഇതിനും പ്രത്യോക യോഗത്തില്‍ അനുമതി ലഭിക്കണം.

ലയനത്തിന് അനുമതിക്കായി കമ്പനികള്‍ ആദ്യം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ), സെബി എന്നിവയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ നാലിന് സിസിഐ കമ്പനികള്‍ക്ക് ലയനത്തിനുള്ള അനുമതി നല്‍കി. സെബി കഴിഞ്ഞവര്‍ഷം മെയ്യില്‍ അനുവാദം നല്‍കി. 99 ശതമാനം ഐഡിയയുടെ ഓഹരി ഉടമകളും ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തു. തുടര്‍ന്ന് നാഷണല്‍ കമ്പനീസ് ലോ ട്രൈബ്യൂണലിന്റെ(എന്‍സിഎല്‍ടി) അനുമതി കൂടി തേടിയ കമ്പനികള്‍ക്ക് അനുകൂലമായ മറുപടിയും എന്‍സിഎല്‍ടിയുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇനി വേണ്ടത് ടെലികോം മന്ത്രാലയത്തിന്റെ അന്തിമ അനുവാദമാണ്. അനുവാദം ലഭിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന പേര് ഭാര്‍തി എയര്‍ടെല്ലിന് നഷ്ടമാകും.

വൊഡാഫോണിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ബാലേഷ് ശര്‍മ്മയായിരിക്കും പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. പുതിയ കമ്പനിയുടെ ചെയര്‍മാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധവിയും ഐഡിയ തലവനുമായ കുമാര്‍ മംഗളം ബിര്‍ളയായിരിക്കും.

 

 

Comments

comments

Tags: Idea, Vodafone