2021 ഓടെ യൂറോപ്പില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുമെന്ന് എഫ്‌സിഎ

2021 ഓടെ യൂറോപ്പില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുമെന്ന് എഫ്‌സിഎ

മറ്റ് വിപണികളിലേക്കായി ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കുന്നത് തുടരും

മിഷിഗണ്‍ : 2021 ഓടെ യൂറോപ്പില്‍ എല്ലാ ഡീസല്‍ എന്‍ജിനുകളും ഉപേക്ഷിക്കുമെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ്. കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഡേയില്‍ എഫ്‌സിഎ മേധാവി സെര്‍ജിയോ മാര്‍ക്കിയോണേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായ യൂറോപ്പില്‍ പ്രത്യേകിച്ച് ഡീസല്‍ എന്‍ജിനുകള്‍ക്ക് ഭാവിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ റാം ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളെ ഇത് ബാധിക്കില്ല. അതേസമയം ആല്‍ഫ റോമെയോ, മാസെറാറ്റി, ജീപ്പ് തുടങ്ങി എല്ലാ ബ്രാന്‍ഡുകളില്‍നിന്നും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് എഫ്‌സിഎ അറിയിച്ചു.

എന്നാല്‍ മറ്റ് വിപണികളിലേക്കായി ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കുന്നത് തുടരും. ഫോക്‌സ്‌വാഗണ്‍ നടത്തിയ ഡീസല്‍ എന്‍ജിന്‍ ബഹിര്‍ഗമന തട്ടിപ്പ് പിടിക്കപ്പെട്ടതോടെയാണ് യൂറോപ്പില്‍ നിയമങ്ങള്‍ കര്‍ശനമായത്. യൂറോപ്പില്‍ ഇനി ഡീസല്‍ എന്‍ജിനുകള്‍ ഇല്ലെന്ന് എഫ്‌സിഎ പ്രഖ്യാപിക്കുന്നതും ഡീസല്‍ഗേറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. നഗരത്തിലെ ചില പ്രധാന ഭാഗങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്ന പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പാരിസ് ഉള്‍പ്പെടെയുള്ള പ്രധാന യൂറോപ്യന്‍ നഗരങ്ങള്‍ നിര്‍ബന്ധിതരായിരുന്നു.

ഡീസല്‍ എന്‍ജിനുകള്‍ക്ക് ഭാവിയില്ലെന്ന് എഫ്‌സിഎ മേധാവി സെര്‍ജിയോ മാര്‍ക്കിയോണേ

ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം 2022 ഓടെ യൂറോപ്പില്‍ ജീപ്പ് ബ്രാന്‍ഡില്‍നിന്ന് പ്ലഗ്-ഇന്‍ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ്, ഫുള്ളി ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് എഫ്‌സിഎ ആലോചിക്കുന്നത്. ജീപ്പ് റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കീ മോഡലുകളുടെ ഫുള്ളി ഇലക്ട്രിക് വേര്‍ഷന്‍ വരും വര്‍ഷങ്ങളില്‍ പുറത്തിറക്കും. മാസെറാറ്റിയും ആല്‍ഫ റോമെയോയും തങ്ങളുടെ ഭാവി കാറുകളുടെ ഫുള്ളി ഇലക്ട്രിക് അല്ലെങ്കില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് വേര്‍ഷനുകള്‍ അവതരിപ്പിക്കും.

Comments

comments

Categories: Auto