കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു; വിലക്കയറ്റം രൂക്ഷം

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു; വിലക്കയറ്റം രൂക്ഷം

മുംബൈ: ഏഴ് സംസ്ഥാനങ്ങളിലായി ആരംഭിച്ച കര്‍ഷകരുടെ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജനജീവിതം സ്തംഭിക്കുന്നു. പാല്‍, പച്ചക്കറി, അരി തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കെല്ലാം വില കുത്തനെ വര്‍ധിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന സമരത്തിനെ കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും.

ഉള്ളി, ഉരുളക്കിഴങ്ങ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില അഞ്ചിരട്ടിയോളം വര്‍ധിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് വിതരണം ചെയ്യുന്നത് നിര്‍ത്തിയതിനാല്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ലഭ്യതയും കുറഞ്ഞു. പഞ്ചാബിലും ഹരിയാനയിലും സമരക്കാര്‍ പാല്‍, പച്ചക്കറി, വിതരണ കേന്ദ്രങ്ങള്‍ പൂട്ടിച്ചു.

ഈ മാസം 10 വരെ നടക്കുന്ന സമരത്തില്‍ കര്‍ഷകരും പൊലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. കഴിഞ്ഞ ജൂണില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മന്‍സോറില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. അതേസമയം, കര്‍ഷകരുടെ സമരം അനാവശ്യമാണെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പറയുന്നത്.

മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വരുന്ന കര്‍ഷകരാണ് പത്ത് ദിവസത്തെ സമരത്തില്‍ പങ്കെടുക്കുന്നത്.  കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില നല്‍കുക, സ്വാമിനാഥന്‍ കമ്മീഷനിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുക എന്നിവ ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

 

 

 

Comments

comments