കാത്തിരിപ്പ് അവസാനിപ്പിക്കാം ! ഏതര്‍ 340 ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ 5 ന്

കാത്തിരിപ്പ് അവസാനിപ്പിക്കാം ! ഏതര്‍ 340 ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ 5 ന്

സ്മാര്‍ട്ട്, കണക്റ്റഡ് ഇലക്ട്രിക് സ്‌കൂട്ടറിന് ഏകദേശം 1-1.10 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില

ബെംഗളൂരു : നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ബെംഗളൂരു ആസ്ഥാനമായ ഏതര്‍ എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ഏതര്‍ 340 ഈ മാസം 5 ന് പുറത്തിറക്കും. ഏകദേശം 1-1.10 ലക്ഷം രൂപയായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില. തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് ഏതര്‍ 340 യുടെ വരവ്. എസ്340 എന്ന പേര് 340 എന്നായി ഏതര്‍ എനര്‍ജി പരിഷ്‌കരിച്ചിരിക്കുന്നു. ഒക്കിനാവ പ്രെയ്‌സ് (59,899 രൂപ), ട്വന്റി ടു മോട്ടോഴ്‌സ് ഫ്‌ളോ (74,740 രൂപ) (ഡെല്‍ഹി എക്‌സ് ഷോറൂം) എന്നിവയാണ് ഏതര്‍ 340 യുടെ എതിരാളികള്‍.

സ്‌കൂട്ടര്‍ വികസിപ്പിച്ചുതുടങ്ങി നാല് വര്‍ഷത്തിനുശേഷമാണ് ലോഞ്ച് നടത്തുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഘട്ടംഘട്ടമായി മാത്രമേ വിപണിയിലെത്തിക്കൂ എന്ന് ഏതര്‍ എനര്‍ജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സഹ സ്ഥാപകനുമായ തരുണ്‍ മേഹ്ത്ത ഏപ്രിലില്‍ അറിയിച്ചിരുന്നു. ബെംഗളൂരുവില്‍ മാത്രമായിരിക്കും സ്‌കൂട്ടര്‍ ആദ്യം ലഭിക്കുന്നത്. സ്‌കൂട്ടര്‍ വില്‍ക്കാനുദ്ദേശിക്കുന്ന നഗരങ്ങളിലെല്ലാം ഏതര്‍ഗ്രിഡ് എന്ന പേരില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിനുവേണ്ടിയാണ് ഏതര്‍ 340 ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുന്നത്. ബെംഗളൂരുവില്‍ 30 ഏതര്‍ഗ്രിഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നഗരത്തില്‍ 60 ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് ലക്ഷ്യം. 2016 ല്‍ ഏതര്‍ എസ്340 സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2017 ല്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്.

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നിവര്‍ 2014 ല്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 6.72 കോടി രൂപ) ഏതര്‍ പ്രൊജക്റ്റില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് 2016 ല്‍ ഹീറോ മോട്ടോകോര്‍പ്പ് 205 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് ഏവരെയും ഞെട്ടിച്ചത്. ബെംഗളൂരു വൈറ്റ്ഫീല്‍ഡിലാണ് ഏതര്‍ എനര്‍ജിയുടെ അസംബ്ലി പ്ലാന്റ്. ഇവിടെ പ്രതിവര്‍ഷം 20,000 സ്‌കൂട്ടര്‍ നിര്‍മ്മിക്കാം.

സ്മാര്‍ട്ട്, കണക്റ്റഡ് ഇലക്ട്രിക് സ്‌കൂട്ടറായ ഏതര്‍ 340 യുടെ വില കുറച്ചധികം കൂടുതലാണ്. ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിനേക്കാളും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുമെന്ന് ഏതര്‍ എനര്‍ജി അവകാശപ്പെടുന്നു. പാര്‍ക്കിംഗ് അസിസ്റ്റ് ഫംഗ്ഷന്‍, ഓവര്‍-ദ-എയര്‍ അപ്‌ഡേറ്റുകള്‍, ‘പുഷ് നാവിഗേഷന്‍’, ചാര്‍ജിംഗ് സ്റ്റേഷന്‍ ലൊക്കേഷന്‍ ട്രാക്കിംഗ്, കസ്റ്റം യൂസര്‍ ഇന്റര്‍ഫേസ്, കംബൈന്‍ഡ് ബ്രേക്കുകള്‍, ഡയഗ്നോസ്റ്റിക് അലര്‍ട്ടുകള്‍ എന്നിവയാണ് ഫീച്ചറുകളില്‍ ചിലത്.

ബ്രഷ്‌ലെസ് ഡിസി മോട്ടോറാണ് (ബിഎല്‍ഡിസി) ഏതര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഏതര്‍ നിര്‍മ്മിച്ച ബാറ്ററി പാക്കും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും (ബിഎംഎസ്) ഉപയോഗിക്കുന്നു. മോട്ടോര്‍ 14 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുമെന്ന് ഏതര്‍ ഏനര്‍ജിയുടെ വെബ്‌സൈറ്റില്‍ വായിക്കാം. എന്നാല്‍ അന്തിമ മോഡല്‍ വിപണിയിലെത്തുമ്പോള്‍ ഈ കണക്കില്‍ അല്‍പ്പം വ്യത്യാസം കണ്ടേക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ഏതര്‍ 340 ഇലക്ട്രിക് സ്‌കൂട്ടറിന് 5.1 സെക്കന്‍ഡ് മതി.

ബെംഗളൂരുവില്‍ മാത്രമായിരിക്കും തുടക്കത്തില്‍ സ്‌കൂട്ടര്‍ ലഭിക്കുന്നത്

മണിക്കൂറില്‍ 72 കിലോമീറ്ററാണ് ടോപ് സ്പീഡ്. 50 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിംഗ് നടത്തിയാല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടും. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം. 50,000 കിലോമീറ്ററാണ് ബാറ്ററിയുടെ ആയുസ്സ്. ടെലിസ്‌കോപിക് ഫോര്‍ക്കും മോണോഷോക്കും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) ഫീച്ചറാണ്.

Comments

comments

Categories: Auto