ബ്യൂട്ടി സേവനങ്ങള്‍ വീട്ടിലെത്തിച്ച് ‘യെസ് മാഡം’

ബ്യൂട്ടി സേവനങ്ങള്‍ വീട്ടിലെത്തിച്ച് ‘യെസ് മാഡം’

 

ബ്യൂട്ടിപാര്‍ലര്‍ സേവനങ്ങളും കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും നേരിട്ട് വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ സംരംഭമാണ് യെസ് മാഡം. 120 ബ്യൂട്ടീഷന്‍മാരെ കോര്‍ത്തിണക്കി നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭത്തിന് നിലവില്‍ 40,000 ല്‍ പരം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളുണ്ട്. മിനിട്ടിന് ആറു രൂപ നിരക്കിലാണ് ഇവരുടെ ബ്യൂട്ടീഷന്‍ സേവനങ്ങളുടെ തുടക്കം

ഭംഗി അല്‍പം കൂടുന്നതില്‍ പരാതി പറയുന്നവര്‍ വിരളമാണ്. ബ്യൂട്ടി പാര്‍ലറുകളിലും സലൂണുകളിലും പോയി അടിമുടി ഭംഗി കൂട്ടി വരാന്‍ സാധാരണഗതിയില്‍ കുറഞ്ഞത് ആയിരം രൂപ ചെലവ് വരും. ഇക്കാര്യത്തില്‍ ഒട്ടുമിക്കരും പണത്തിന്റെ കണക്കുകള്‍ അവഗണിക്കുകയാണ് പതിവ്. ജീവിതത്തില്‍ ബ്യൂട്ടിക്കുള്ള സ്ഥാനം അത്രയേറെയുണ്ട്. ഓണ്‍ലൈന്‍ സംരംഭങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തുമ്പോള്‍ ബ്യൂട്ടി വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പുകളില്ലെന്നു പരിതപ്പിക്കേണ്ട, നോയ്ഡ ആസ്ഥാനമായ യെസ് മാഡം ഈ വിഭാഗത്തില്‍ സജീവമായിപ്രവര്‍ത്തിക്കുന്ന സംരംഭമാണ്.

ബ്യൂട്ടി സേവനങ്ങള്‍ വീട്ടിലെത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് യെസ് മാഡം. കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ബ്യൂട്ടിപാര്‍ലര്‍ സേവനങ്ങളും ആവശ്യമെങ്കില്‍ നേരിട്ട് വീട്ടിലെത്തി ഉപഭോക്താക്കള്‍ക്ക് ഏകീകൃത നിരക്കില്‍ താങ്ങാനാവുന്ന വിധത്തിലാണ് ഇവര്‍ നല്‍കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ വിലയിരുത്തല്‍ പ്രകാരം ഇന്ത്യയിലെ ബ്യൂട്ടി സേവന വിപണി 2025 ഓടെ 20 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ വളര്‍ച്ച കണക്കിലെടുത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയത് ഇതുമായി ബന്ധപ്പെട്ട് പ്രവര്ഡത്തിക്കുന്ന സംരംഭകര്‍ക്കും ബ്യൂട്ടീഷന്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ സഹായകരമായിരിക്കുകയാണ്.

നോയ്ഡ, ഡെല്‍ഹി എന്നിവിടങ്ങള്‍ക്കു പുറമേ മറ്റു സ്ഥലങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാന്‍ യെസ് മാഡം പദ്ധതിയിടുന്നുണ്ട്. ബിസിനസ് വിപുലീകരിച്ച് സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും ആലോചനയുണ്ട്

മിനിട്ടില്‍ ആറ് രൂപ നിരക്കില്‍ സേവനം

ആദിത്യ ആര്യ, മായങ്ക് ആര്യ എന്നീ സഹോദരങ്ങള്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട സംരംഭമാണ് യെസ് മാഡം. 120 ല്‍ പരം ബ്യൂട്ടീഷന്‍മാരെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് നോയ്ഡയ്ക്ക് പുറമെ ന്യൂഡെല്‍ഹി- എന്‍സിആര്‍ മേഖലയിലും ബ്രാഞ്ച് നിലവിലുണ്ട്. 40,000 ല്‍ പരം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളാണ് യെസ് മാഡത്തിനുള്ളത്. പ്രതിമാസം 4500 ഓളം ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ 70 ശതമാനവും സ്ഥിരം ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നവരാണെന്നും യെസ് മാഡത്തിന്റെ സംരംഭകരായ ആദിത്യയും മായങ്കും പറയുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ കമ്പനി ആപ്പിന്റെ റേറ്റിംഗ് നിലവില്‍ 4. 6 ആണ്.

യെസ് മാഡത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവരുടെ മിനിട്ട് അടിസ്ഥാനമാക്കിയുള്ള സേവനമാണ്. ഒരു മിനിട്ടിന് 6 രൂപ എന്ന നിരക്കിലാണ് ഈ ബ്യൂട്ടി സ്റ്റാര്‍ട്ടപ്പിന്റെ സേവനങ്ങളുടെ തുടക്കം. മികച്ച പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കുന്നതുകൊണ്ടുതന്നെ യെസ് മാഡത്തിന്റെ സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് ഏറിവരികയാണെന്നും പ്രമുഖ ഫാഷന്‍ ഡിസൈനറും യെസ് മാഡത്തിന്റെ സ്ഥിരം ഉപഭോക്താവുമായ മേഘ മഹേശ്വരി പറയുന്നു.

നിരവധി ബ്യൂട്ടി ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യെസ് മാഡം നടപ്പിലാക്കുന്ന മോണോ ഡോസ് (ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ സീല്‍ പൊട്ടിച്ച് ഒരു തവണ മാത്രം ഉപയോഗിക്കുന്ന രീതി) മാതൃകയാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഏറ്റവും വലിയ സവിശേഷത. ”ഉപഭോക്താവിന്റെ മുന്നില്‍ വെച്ചു മാത്രമാകും ഇവര്‍ ഉല്‍പ്പന്നങ്ങളുടെ കവറിംഗ് തുറക്കുന്നത്. മാത്രമല്ല ഉപയോഗിച്ച് ഉല്‍പ്പന്നം ആവശേഷിച്ചാല്‍ അവ ഉപഭോക്താവിനു തന്നെ കൈമാറുകയും ചെയ്യും. സേവന നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ സ്വയം തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങിവരികയും ചെയ്യാം”,മായങ്ക് പറയുന്നു.

ചുരുങ്ങിയ കാലയളവില്‍ മികച്ച മുന്നേറ്റം

നോയ്ഡ, ഡെല്‍ഹി എന്നിവിടങ്ങള്‍ക്കു പുറമേ മറ്റു സ്ഥലങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാന്‍ യെസ് മാഡം പദ്ധതിയിടുന്നുണ്ട്. ബിസിനസ് വിപുലീകരിച്ച് സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും ആലോചനയുള്ളതായി മായങ്ക് ചൂണ്ടിക്കാട്ടുന്നു. ഓരോ മാസവും മികച്ച രീതിയിലുള്ള വളര്‍ച്ച നേടുന്ന കമ്പനി, കഴിഞ്ഞ വര്‍ഷം 1.2 കോടി രൂപയുടെ വരുമാനം നേടിയിരുന്നു.

യെസ് മാഡവുമായി പങ്കാളിത്തമുള്ള ബ്യൂട്ടീഷന്‍മാരില്‍ നിന്നും 20 ശതമാനം കമ്മീഷന്‍ ഈടാക്കുന്ന സംരംഭം, 20 മുതല്‍ 25 ശതമാനം കമ്മീഷനാണ് ബ്യൂട്ടി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംരംഭത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഓരോ ബ്യൂട്ടീഷനും പ്രതിമാസം 35,000 മുതല്‍ 70,000 രൂപ വരെ നേടുന്നുണ്ടെന്നും ആദിത്യ പറയുന്നു.

 

Comments

comments

Categories: Entrepreneurship