സ്ത്രീകളുടെ ഡ്രൈവിംഗിനെ പിന്തുണച്ച് വോഗ് മാഗസിന്‍

സ്ത്രീകളുടെ ഡ്രൈവിംഗിനെ പിന്തുണച്ച് വോഗ് മാഗസിന്‍

സൗദിയിലെ മുന്‍ രാജാവിന്റെ മകളായ ഹാഫിയ ബിന്റ് അബ്ദുള്ള അല്‍ സൗദ് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ചിത്രമാണ് വോഗ് അറേബ്യയുടെ കവര്‍പേജ്

സ്ത്രീകളുടെ ഡ്രൈവിംഗിന് പിന്തുണ നല്‍കികൊണ്ട് പ്രശസ്ത ഫാഷന്‍ മാഗസിന്‍ വോഗിന്റെ പുതിയ ലക്കം പുറത്തിറങ്ങി. സ്ത്രീകളെ സൗദി അറേബ്യയുടെ മാര്‍ഗദര്‍ശി എന്ന വിശേഷണം നല്‍കിക്കൊണ്ടാണ് വോഗ് അറേബ്യയുടെ ജൂണ്‍ ലക്കം വിപണിയില്‍ എത്തിയിരിക്കുന്നത്.

സൗദിയിലെ മുന്‍ രാജാവിന്റെ മകളായ ഹാഫിയ ബിന്റ് അബ്ദുള്ള അല്‍ സൗദിന്റെ മുഖചിത്രമാണ് വോഗ് അറേബ്യയുടെ കവര്‍പേജില്‍ നല്‍കിയിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ലെതര്‍ ഗ്ലൗസും സ്റ്റൈലന്‍ ബൂട്ട്‌സും ധരിച്ച് നേരിയ തോതില്‍ തലമുടി മറച്ചിരിക്കുന്ന ഹാഫിയയുടെ ചിത്രം ഇതിനോടകം ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. ഈ മാസം 24 മുതല്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിലുള്ള നിരോധനം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് വോഗ് തങ്ങളുടെ പുതിയ ലക്കം സ്ത്രീകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത്.

മതപരമായും മറ്റും സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുള്ള രാജ്യത്ത് സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ സാമൂഹ്യപരമായി അയവുകള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന കൂടുതല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തതായി പ്രമുഖ സന്നദ്ധ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിലും മറ്റും സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വലിയ തോതില്‍ അയവുണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍.

വോഗ് അറേബ്യയുടെ ജൂണ്‍ ലക്കത്തില്‍ സൗദിയിലെ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന വനിതകളുടെ വിഭാഗത്തില്‍ വനിതാവകാശ പ്രവര്‍ത്തക മനാല്‍ അല്‍ ഷെരീഫ്, സോക്കര്‍ പ്ലയറും സൗദിയില്‍ ആദ്യ വനിതാ ടീം സംഘടിപ്പിക്കുന്നതിനായി പരിശ്രമിക്കുന്ന സാജാ കമാലിന്റെയും ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌

നിലവിലെ സാഹചര്യത്തില്‍ വോഗിന്റെ പുതിയ കവര്‍പേജ് സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ വോഗിലെ ഹാഫിയയുടെ മുഖചിത്രത്തിനു പകരം നല്‍കിയാണ് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ഇരമ്പുന്നത്. മൂന്നു വര്‍ഷം മുമ്പ് മരിച്ച അബ്ദുള്ള രാജാവിന്റെ മകളാണ് ഹാഫിയ. വോഗിനു നല്‍കിയ അഭിമുഖത്തില്‍ സൗദിയില്‍ നടക്കുന്ന കാലികമായ മാറ്റങ്ങള്‍ക്ക് ഹാഫിയ പിന്തുണ അറിയുക്കുന്നുണ്ട്. രാജ്യത്ത് ചില നിയന്ത്രണങ്ങള്‍ മാറ്റത്തിനു വിധേയമാകാതെ നിലനില്‍ക്കുന്നു. യാഥാസ്ഥിതിക ചിന്താഗതിക്കാരായ ചിലര്‍ ഈ മാറ്റങ്ങളെ ഭയത്തോടുകൂടി നോക്കികാണുന്നതാണ് ഇതിനു കാരണം. ഇത് എല്ലാവര്‍ക്കും അറിയാം. വ്യക്തിപരമായി ഈ മാറ്റങ്ങളെ ഞാന്‍ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു, ഹാഫിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സൗദിയിലെ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിരോധനം ഭരണകൂടം നീക്കിയിരുന്നു. ഡ്രൈവിംഗ് നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കാംപെയ്ന്‍ നല്‍കിയ പ്രവര്‍ത്തകരില്‍ ചിലരെയാണ് കഴിഞ്ഞദിവസം ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ മൂന്നു പേരെ പിന്നീട് വിട്ടയച്ചിരുന്നു.

വോഗ് അറേബ്യയുടെ ജൂണ്‍ ലക്കത്തില്‍ സൗദിയിലെ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന വനിതകളുടെ വിഭാഗത്തില്‍ വനിതാവകാശ പ്രവര്‍ത്തക മനാല്‍ അല്‍ ഷെരീഫ്, സോക്കര്‍ പ്ലയറും സൗദിയില്‍ ആദ്യ വനിതാ ടീം സംഘടിപ്പിക്കുന്നതിനു വേണ്ടി പരിശ്രമിക്കുന്ന സാജാ കമാലിന്റെയും ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Arabia