ഷെല്‍ കമ്പനികള്‍ക്കെതിരായ നടപടിയില്‍ വിശദീകരണം നല്‍കണം: ഡെല്‍ഹി ഹൈക്കോടതി

ഷെല്‍ കമ്പനികള്‍ക്കെതിരായ നടപടിയില്‍ വിശദീകരണം നല്‍കണം: ഡെല്‍ഹി ഹൈക്കോടതി

രണ്ട് ഡയറക്റ്റര്‍മാരുടെ അയോഗ്യത താല്‍ക്കാലികമായി നീക്കി

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ രണ്ട് സര്‍ക്കുലറുകളില്‍ വിശദീകരണം നല്‍കണമെന്ന് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തോട് ഡെല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തെ വാര്‍ഷിക വരുമാനം ഫയല്‍ ചെയ്യാത്ത കമ്പനികളെ രജിസ്‌ട്രേഷനില്‍ നിന്ന് നീക്കിയും അവയുടെ ഡയറക്റ്റര്‍മാരെ അയോഗ്യരാക്കുന്നതായി പ്രഖ്യാപിച്ചും പുറത്തിറക്കിയ സര്‍ക്കുലറുകളിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവര്‍ത്തന ക്ഷമമായ മറ്റ് കമ്പനികളില്‍ ഭാഗമാകാന്‍ അനുവദിച്ചു കൊണ്ട് അയോഗ്യരായ ഡയറക്റ്റര്‍മാരുടെ തിരിച്ചറിയല്‍ നമ്പര്‍ കോടതി താല്‍ക്കാലികമായി പുതുക്കിയിട്ടുണ്ട്.
നടപടി നേരിട്ട അഞ്ച് സ്വകാര്യ കമ്പനികളുടെ രണ്ട് ഡയറക്റ്റര്‍മാരാണ് മന്ത്രാലയത്തിന്റെ നടപടികളെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. സജീവമായി പ്രവര്‍ത്തിക്കുന്ന മറ്റ് മൂന്ന് കമ്പനികളുടെ ഡയറക്റ്റര്‍മാരാണ് തങ്ങളെന്നും മന്ത്രാലയത്തിന്റെ നടപടി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ പരാതി നല്‍കിയത്.

2017 സെപ്റ്റംബര്‍ 6നും 12നുമാണ് രണ്ട് സര്‍ക്കുലറുകള്‍ കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം പുറത്തിറക്കിയത്. സാമ്പത്തിക ക്രമക്കേടിന് മറയായി രൂപീകരിച്ച കമ്പനികളാണ് (ഷെല്‍ കമ്പനികള്‍) എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു ലക്ഷത്തിലധികം പ്രവര്‍ത്തന രഹിതമായ കമ്പനികളെ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തത്. ഈ കമ്പനികളിലെ 3.5 ലക്ഷം ഡയറക്റ്റര്‍മാരെ 2014 ഏപ്രില്‍ 1ലെ മുന്‍കാല പ്രാബല്യത്തോടെ അയോഗ്യരാക്കുകയും ചെയ്തിരുന്നു. അവരുടെ ഡയറക്റ്റര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറുകള്‍ (ഡിഐഎന്‍) പ്രവര്‍ത്തനരഹിതമാക്കിയതിനാല്‍ മറ്റ് കമ്പനികളില്‍ ഡയറക്റ്റര്‍മാരായി സേവനം അനുഷ്ഠിക്കാനുള്ള അവസരവും അവര്‍ക്ക് ഇല്ലാതായി.

സര്‍ക്കാരിന്റെ നടപടി നേരിട്ട മറ്റ് ഡയറക്റ്റര്‍മാരും സമാന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചേക്കും. 2016ലെ ചട്ടത്തിന് കീഴില്‍ വാദം കേള്‍ക്കാതെ മുന്‍കാല പ്രാബല്യത്തോടെ കമ്പനികളെ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ 2013ലെ കമ്പനീസ് ആക്റ്റ് അനുവദിക്കുന്നില്ലെന്ന് ഡയറക്റ്റര്‍മാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. മന്ത്രാലയത്തിന്റെ നടപടി മൂലം സജീവമായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ മറ്റ് കമ്പനികള്‍ക്ക് വേണ്ടി പേപ്പറുകള്‍ ഫയല്‍ ചെയ്യാന്‍ ഡയറക്റ്റര്‍മാര്‍ക്ക് സാധിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. വീഴ്ച സംബന്ധിച്ച നോട്ടീസ് നല്‍കിയതിന് ശേഷമാണ് കമ്പനികളെ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യേണ്ടതെന്നും എന്നാല്‍ ഈ കേസില്‍ ഇത്തരം അവസരം മന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories