മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവ്

മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവ്

പിഎംഐ ഏപ്രിലിലെ 51.6ല്‍ നിന്നും മേയില്‍ 51.2ലേക്ക് താഴ്ന്നു

ബെംഗളൂരു: മേയില്‍ ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവുണ്ടായതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. നിക്കെയ് മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) ഏപ്രിലിലെ 51.6ല്‍ നിന്നും മേയില്‍ 51.2ലേക്ക് താഴ്ന്നു. ആഭ്യന്തര ആവശ്യകതയിലും ഉല്‍പ്പാദനത്തിലുമുണ്ടായ മാന്ദ്യമാണ് മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചാ വേഗം കുറയാനുള്ള കാരണം. പുതിയ ബിസിനസ് ഓര്‍ഡറുകള്‍ കുറഞ്ഞതും സൂചികയില്‍ പ്രതഫിലിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയ നികുതി സംവിധാനം (ജിഎസ്ടി) നടപ്പാക്കിയതുമൂലമുണ്ടായ ആഘാതങ്ങളില്‍ നിന്നും ആഭ്യന്തര ആവശ്യകത കരകയറുന്നതേയുള്ളു എന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സൂചിക 50നു മുകളിലാണെങ്കില്‍ മേഖലയുടെ വളര്‍ച്ചയെയും 50ല്‍ താഴെയാണെങ്കില്‍ തളര്‍ച്ചയെയുമാണ് സൂചിപ്പിക്കുന്നത്. പിഎംഐ താഴേക്ക് പോയെങ്കിലും മാനുഫാക്ച്ചറിംഗ് മേഖലയുടെ പ്രകടനത്തില്‍ മന്ദഗതിയിലുള്ള പുരോഗതി രേഖപ്പെടുത്താനായിട്ടുണ്ട്. അതേസമയം, എണ്ണ വില വര്‍ധിക്കുന്നതിനിടെ രാജ്യത്ത് പണപ്പെരുപ്പ സമ്മര്‍ദം ഉയര്‍ന്നതായി സര്‍വേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഗോള തലത്തില്‍ എണ്ണ വില വര്‍ധിച്ചത് കാരണം അസംസ്‌കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിച്ചതായും ഫെബ്രുവരി മുതലുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് മാനുഫാക്ചറിംഗ് മേഖലയില്‍ രേഖപ്പെടുത്തിയതെന്നും ഐഎച്ച്എസ് മാര്‍ക്കിറ്റില്‍ നിന്നുള്ള മുഖ്യ സാമ്പത്തികവിദഗ്ധ ആഷ്ണ ദോദിയ പറഞ്ഞു.

ആറ് മാസത്തേക്ക് പണപ്പെരുപ്പം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര ബാങ്ക് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഉയര്‍ന്ന തലത്തിലാണ് ഇന്ത്യയുടെ പണപ്പെരുപ്പ നിരക്കുള്ളത്. ഇത് പ്രതീക്ഷിച്ചതിലും നേരത്തെ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്ര ബാങ്കിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ നടക്കുന്ന അടുത്ത ധനനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തുന്ന കാര്യം കേന്ദ്ര ബാങ്ക് പരിഗണിച്ചേക്കുമെന്നും ആഷ്ണ ദോദിയ പറഞ്ഞു.

മാനുഫാക്ച്ചറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍നിര സംരംഭങ്ങളില്‍ ഭാവിയിലെ ഉല്‍പ്പാദനം സംബന്ധിച്ച ശുഭാപ്തി വിശ്വാസം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏപ്രിലില്‍ ഒന്‍പത് മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലായിരുന്നു കമ്പനികളുടെ ഉല്‍പ്പാദനം സംബന്ധിച്ച ശുഭാപ്തി വിശ്വാസം.

Comments

comments

Categories: Business & Economy