എട്ട് പ്രധാന വ്യാവസായിക മേഖലകളിലെ ഉല്‍പ്പാദനം 4.7% വര്‍ധിച്ചു

എട്ട് പ്രധാന വ്യാവസായിക മേഖലകളിലെ ഉല്‍പ്പാദനം 4.7% വര്‍ധിച്ചു

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 0.8 ശതമാനം ചുരുങ്ങിയിട്ടുണ്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ എട്ട് പ്രമുഖ വ്യാവസായിക മേഖലകളിലെ മൊത്തം ഉല്‍പ്പാദനത്തില്‍ ഏപ്രില്‍ മാസം മികച്ച വളര്‍ച്ച നിരീക്ഷിക്കാനായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ 4.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്ത് ഏപ്രിലില്‍ 4.7 ശതമാനം വര്‍ധനയാണ് പ്രമുഖ വ്യവസായ മേഖലകളിലെ ഉല്‍പ്പാദനത്തിലുണ്ടായതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2.6 ശതമാനം വര്‍ധനയാണ് ഉല്‍പ്പാദനത്തില്‍ അനുഭവപ്പെട്ടിരുന്നത്.
സിമന്റ്, കല്‍ക്കരി, പ്രകൃതിവാതകം, റിഫൈനിംഗ്, വളങ്ങള്‍, വൈദ്യുതി, സ്റ്റീല്‍, ക്രൂഡ് ഓയില്‍ എന്നിവയാണ് രാജ്യത്തെ പ്രധാന വ്യവസായങ്ങള്‍. ഏപ്രിലില്‍ 124.2 എന്ന തലത്തിലാണ് പ്രധന വ്യവസായങ്ങളുടെ സംയോജിത സൂചിക (ഇസിഐ). കല്‍ക്കരി, പ്രകൃതിവാതകം, സിമന്റ് എന്നീ മേഖലകളിലെ ആരോഗ്യകരമായ പ്രകടനമാണ് ഈ വര്‍ഷം ഏപ്രിലില്‍ മൊത്തം ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമായതെന്ന് വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 16 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഏപ്രിലില്‍ ഉണ്ടായത്. പ്രകൃതിവാതക ഉല്‍പ്പാദനം 7.4 ശതമാനവും റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം 2.7 ശതമാനവും വര്‍ധിച്ചു. സിമന്റ് ഉല്‍പ്പാദനത്തില്‍ 16.6 ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
രാസവളങ്ങളുടെ ഉല്‍പ്പാദനം 4.6 ശതമാനവും സ്റ്റീല്‍ ഉല്‍പ്പാദനം 3.5 ശതമാനവും വര്‍ധിച്ചു. വൈദ്യുതി ഉല്‍പ്പാദനത്തില്‍ 2.2 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. അതേസമയം, ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 2017 ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏപ്രിലില്‍ 0.8 ശതമാനം ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 4.3 ശതമാനത്തിന്റെ വര്‍ധനയാണ് പ്രമുഖ വ്യവസായ മേഖലകളിലെ സംയോജിത ഉല്‍പ്പാദനത്തില്‍ ഉണ്ടായിരിക്കുന്നതെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

Comments

comments

Categories: Business & Economy, Slider
Tags: Inudstries